ബാബ്‌റി മസ്ജിദ് കേസില്‍ ഗൂഡാലോചനക്കുറ്റത്തില്‍ സുപ്രീം കോടതി ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ.അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഡാലോചനക്കുറ്റം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. ഗൂഡാലോചനക്കുറ്റം ഒഴിവാക്കിയതിനെതിരെ സിബിഐയും ഹാജി മഹ്മൂദ് അഹമ്മദും നല്‍കിയ ഹര്‍ജികളാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. കേസ് ഇന്നലെ പരിഗണിക്കുമെന്നാണ് ജഡ്ജിമാരായ പിനാകി ചന്ദ്ര ഘോഷ്, ആര്‍.എഫ്.നരിമാന്‍ എന്നിവരുടെ ബെഞ്ച് നേരത്തെ വ്യക്തമാക്കിയത്.

എന്നാല്‍, ജഡ്ജിമാരായ പിനാകി ഘോഷും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ചിലേക്ക് കേസ് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇന്നലെ ഈ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍, ജസ്റ്റിസ് നരിമാന്‍ ഇന്നുണ്ടാവുമെന്നും അദ്ദേഹമുള്‍പ്പെടുന്ന ബെഞ്ച് കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാ ഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, വിനയ് കട്യാര്‍, സാധ്വി ഋതംബര തുടങ്ങിയവരെ ഗൂഡാലോചനക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ സിബിഐ സ്‌പെഷല്‍ കോടതിയുടെ നടപടി ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ളതാണ് ഹര്‍ജികള്‍.

You must be logged in to post a comment Login