ബാര്‍കോഴ: മാണിക്കെതിരെ തെളിവുണ്ടെന്ന് വസ്തുതാ വിവര റിപ്പോര്‍ട്ട്

KMMani-seriousതിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എസ്പി സമര്‍പ്പിച്ച വസ്തുതാ വിവര റിപ്പോര്‍ട്ടു പുറത്തുവന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ എസ്പി ആര്‍ സുകേശന്‍ വിജിലന്‍സ് ഉന്നതര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടാണു പുറത്തുവന്നിട്ടുള്ളത്.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍  കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന കേസില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നതാണു വിജിലന്‍സിന്റെ വസ്തുതാ റിപ്പോര്‍ട്ട്. മാണി കോഴ വാങ്ങിയതിനു തെളിവുണ്ടെന്നും വിജിലന്‍സ് എസ്.പി സുകേശന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു നിലനില്‍ക്കെയാണ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളുടെ വിശദാംശങ്ങളുമുള്‍പ്പെടെ മാണിക്കെതിരായ തെളിവുകള്‍ അക്കമിട്ടു നിരത്തിക്കൊണ്ടാണ് വസ്തുതാവിവര റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.  ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്നും അതിനാല്‍ കെ.എം. മാണിയെ കേസില്‍നിന്നും ഒഴിവാക്കണമെന്നും വിജിലന്‍സ് നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഇതനുസരിച്ചു വിജിലന്‍സ് സമര്‍പ്പിച്ച രേഖകള്‍ക്കൊപ്പമാണു
268 പേജുകള്‍ ഉള്‍പ്പെടുന്ന വസ്തുതാ വിവര റിപ്പോര്‍ട്ടുള്ളത്. പാലായിലെ മാണിയുടെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും വച്ചാണ് ആകെ 25 ലക്ഷം രൂപ മാണി വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാലായില്‍ വെച്ച് 15 ലക്ഷവും തിരുവനന്തപുരത്തു 10 ലക്ഷവുമാണ് വാങ്ങിയത്. ബാറുടമകളെ കണ്ട കാര്യം മാണി നിഷേധിച്ചെങ്കിലും ബാറുടമകള്‍ ഇത് സമ്മതിച്ചിട്ടുണ്ടെന്നും വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 മാര്‍ച്ച് 22ന് മാണിക്ക് പണം കൈമാറിയതിന് തെളിവുണ്ട്. മാണിക്ക് നല്‍കുന്നതിന് വേണ്ടി മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പണം പിരിച്ചതിന്റെ കണക്ക് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ കണക്കു ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. പണം പിരിച്ചത് എന്തിനാണെന്ന ചോദ്യത്തിനും ഉത്തരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 25 ലക്ഷം രൂപയുടെ ഇടപാടു നടന്നതിനെക്കുറിച്ച് മാത്രമാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള 75 ലക്ഷത്തെപ്പറ്റിയുള്ള ഒരു വിവരവും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടില്ല.
ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി സത്യമാണെന്ന് നുണപരിശോധനയില്‍ വ്യക്തമായതാണെന്നും സുകേശന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണം വിഴിഞ്ഞം കരാറിന്റെ ശോഭ കെടുത്താനുള്ള പ്രതിപക്ഷ തന്ത്രമാണെന്നു മാണി ആരോപിച്ചു. പുതിയ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനയാണെന്നും വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login