ബാര്‍ബര്‍ ഷോപ്പിലെ മുടിക്കിടയിലും കഞ്ചാവ്; മധ്യവയസ്കന്‍ പിടിയില്‍

കോട്ടയം: ബാര്‍ബര്‍ ഷോപ്പില്‍നിന്നും തള്ളുന്ന മുടിക്കിടയില്‍ കഞ്ചാവ് ഒളിപ്പിച്ചു വില്‍പന നടത്തിവന്ന മധ്യവയസ്കന്‍ പിടിയില്‍. ഏലപ്പാറ ചെമ്മണ്ണ് സെമിനിവാല എസ്റ്റേറ്റില്‍ താമസിക്കുന്ന പ്രഭുദാസാ(48)ണു പിടിയിലായത്. കോട്ടയം വെസ്റ്റ് എസ്.ഐ. ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസാണു നഗരമധ്യത്തില്‍നിന്നും ഇന്നലെ വൈകിട്ട് ഇയാളെ പിടികൂടിയത്. കോട്ടയം അനശ്വര തീയേറ്ററിനു സമീപമുള്ള ബാര്‍ബര്‍ഷോപ്പിലെ മുടി കൂട്ടിയിടുന്നിടത്താണ് ഇയാള്‍ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

മുടിയ്ക്കിടയില്‍നിന്നും 55 പൊതികളിലായി 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇയാള്‍ കോട്ടയം നഗരത്തിലും പരിസരങ്ങളിലുമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണു കഞ്ചാവ് വിറ്റുവന്നിരുന്നത്. ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശിനു ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു അറസ്റ്റ്. മുണ്ടക്കയം സ്വദേശി ബേബിച്ചനില്‍നിന്നാണു കഞ്ചാവ് വാങ്ങിയിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. ബേബിച്ചനായി പോലീസ് അന്വേഷണം ആരംഭിച്ചു.

You must be logged in to post a comment Login