ബാര്‍സ വീണു; റയലിന്റെ ജയം 2-1ന്

Cristiano-Ronaldo
ബാര്‍സിലോന: ബാര്‍സിലോനയ്‌ക്കെതിരെ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ജെറാര്‍ഡ് പിക്വെയിലൂടെ ആദ്യം മുന്നില്‍ക്കടന്ന ബാര്‍സയെ കരിം ബെന്‍സേമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ നേടിയ ഗോളുകളിലാണ് റയല്‍ വീഴ്ത്തിയത്.

തുടര്‍ച്ചയായ 39 ജയങ്ങള്‍ക്കുശേഷമാണ് ബാര്‍സിലോന വീണ്ടും തോല്‍വിയുടെ കയ്പുനീര്‍ കുടിക്കുന്നത്. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ 76 പോയിന്റുമായി ബാര്‍സ തന്നെയാണ് ഒന്നാമത്. 70 പോയിന്റുമായി അത്‌ലറ്റിക്കോ മഡ്രിഡും, 69 പോയിന്റോടെ റയലും രണ്ടും മൂന്നും സ്ഥാനത്തുമാണുള്ളത്.

ബാര്‍സിലോനയുടെ മേധാവിത്തത്തോടെയായിരുന്നു മല്‍സരത്തിന്റെ തുടക്കം. മെസ്സി,സ്വാരസ്,നെയ്മര്‍ സഖ്യത്തെ മുന്‍നിര്‍ത്തി തുടര്‍ച്ചയായി റയല്‍ ഗോള്‍മുഖം ആക്രമിച്ച ബാര്‍സ ഏതു നിമിഷവും ഗോള്‍ നേടുമെന്ന് തോന്നിച്ചു. പന്ത് നിയന്ത്രണത്തില്‍ വച്ച് കളിക്കാനായെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ നേടാനായില്ല.

56 ാം മിനിട്ടില്‍ ജെറാഡ് പിക്വെയിലൂടെ ബാര്‍സ ഗോള്‍ നേടി ലീഡെടുത്തു. 62 ാം മിനിട്ടില്‍ കരീം ബെന്‍സേമയിലൂടെ റയല്‍ മത്സരം ഒപ്പത്തിനൊപ്പമാക്കി. ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് നീട്ടി നല്‍കിയ ക്രോസില്‍ ബെന്‍സേമയുടെ കിടിലന്‍ ഗോള്‍.

85 ാം മിനിട്ടില്‍ റൊണാള്‍ഡോയിലൂടെ റയല്‍ വിജയഗോള്‍ നേടി. ബെയ്ല്‍ ഉയര്‍ത്തി നല്‍കിയ പന്ത് തടയാനെത്തിയ സ്വാരസിനെ മറികടന്ന് ഗോളിയെ വിദഗ്ധമായി കബളിപ്പിച്ച് റൊണാള്‍ഡോയുടെ പോസ്റ്റിലേക്ക് തട്ടിയിട്ടു. നവംബറിലെ എല്‍ക്ലാസിക്കോയിലേറ്റ തോല്‍വിക്ക് മധുര പ്രതികാരം കൂടിയായിരുന്നു റയിലന്റേത്.

You must be logged in to post a comment Login