ബാറുകള്‍ ഇനി ബീയര്‍, വൈന്‍ പാര്‍ലറുകള്‍

ബാറുകളില്‍ നിരോധനം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യങ്ങള്‍ക്കു മാത്രം. സംസ്ഥാനത്ത് അടച്ചുപൂട്ടുന്ന ബാറുകള്‍ ആവശ്യമെങ്കില്‍ ബീയര്‍, വൈന്‍ പാര്‍ലറുകള്‍ ആയി മാറ്റാന്‍ നിയമസാധുതയുണ്ടാകും. ഇതിനുള്ള ലൈസന്‍സ് പ്രത്യേകം എടുക്കേണ്ടിവരുമെന്നു മാത്രം. നിലവില്‍ കെടിഡിസിയുടെ 20 ഉള്‍പ്പെടെ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 121 ബീയര്‍ പാര്‍ലറുകള്‍ പൂട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം നിര്‍ണായകമാവും.

ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിലും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യ (ഐഎംഎഫ്എല്‍) വില്‍പന നിരോധിക്കുന്നതായി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. സാധാരണ ബാര്‍ ലൈസന്‍സ് എടുക്കുന്നതിനൊപ്പം ബീയര്‍, വൈന്‍ വില്‍പനയ്ക്കുള്ള അംഗീകാരവും ഹോട്ടലുകള്‍ക്കു ലഭിക്കും. ബാര്‍ ലൈസന്‍സ് റദ്ദ് ചെയ്യുമ്പോള്‍ ബീയര്‍, വൈന്‍ വില്‍പനയ്ക്കുള്ള അംഗീകാരവും നഷ്ടമാകും.

എന്നാല്‍ ബീയര്‍, വൈന്‍ വില്‍പന സര്‍ക്കാര്‍ നിരോധിക്കാത്ത സാഹചര്യത്തില്‍ ബാര്‍ ഹോട്ടലുകള്‍ക്കു പുതിയ അപേക്ഷ നല്‍കാന്‍ നിയമപരമായി കഴിയുമെന്നാണ് എക്‌സൈസിലെ ഉന്നതര്‍ നല്‍കുന്ന സൂചന. നാലു ലക്ഷം രൂപയാണു ബീയര്‍ പാര്‍ലര്‍ ലൈസന്‍സിനുള്ള ഫീസ്. നിലവിലുള്ള 121 ബീയര്‍ പാര്‍ലറുകളില്‍ 100 എണ്ണം റിസോര്‍ട്ടുകളിലും മധ്യനിര ഹോട്ടലുകളിലുമാണ്. ഇവ തുടര്‍ന്നും പ്രവര്‍ത്തിക്കും. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടുന്നതു വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്ന വിലയിരുത്തലുമുള്ളതിനാല്‍ ഇക്കാര്യത്തില്‍ പ്രതികൂല തീരുമാനമുണ്ടാകില്ലെന്നാണു സൂചന.

You must be logged in to post a comment Login