ബാലകഥാ രചന മനശാസ്ത്രവും പ്രായോഗികതയും

  • ഷിബുരാജ് പണിക്കര്‍ കങ്ങഴ

article

മനസു വികസിച്ചു വരുന്നവരുടെ ഭാവനയെയും സ്വപ്‌നങ്ങളെയും സംതൃപ്തിപ്പെടുത്തുക എന്നതാണ് ബാലകഥാകൃത്തുക്കളുടെ ജോലി. ഒപ്പം തന്നെ ഒരു നല്ല സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് അനുഗുണമായി ബാലമനസ്സുകളെ രൂപപ്പെടുത്തേണ്ടതും ബാലകഥാകൃത്തുക്കളുടെ ജോലിയാണ്. ജീവിതം എന്തെന്നു പഠിക്കുന്നതിനുള്ള കഴിവു ലഭിക്കുന്നതിനു മുമ്പുള്ള പ്രായമാണ് ബാലകഥകളുടെ വായനക്കാര്‍ക്കുള്ളത്.ലോകത്തെ പരിചിതമല്ലാത്ത പല വസ്തുക്കളെയും പരിചയപ്പെടുന്നതും ജീവജാലങ്ങളുടെ രൂപഭാവങ്ങള്‍ സ്വഭാവവിശേഷങ്ങള്‍ ജീവിതരീതികള്‍ എന്നിവയെല്ലാം മനസ്സിലാക്കുന്നതും പലപ്പോഴും ബാലസാഹിത്യ കൃതികളിലൂടെയാണ്. തീരെ ചെറിയ പ്രായത്തില്‍ പൂവിലും പൂമ്പാറ്റയിലും പുഴുവിലും വിലയിക്കുന്ന മനസ്സുകളിലേക്ക് ലോകത്തിന്റെ വര്‍ണ്ണവിസ്മയങ്ങളെ സന്നിവേശിപ്പിക്കണമെങ്കില്‍ അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ അവരുടെ ഭാവനയ്ക്ക്് ഉതകുന്ന രീതിയിലുള്ള കഥകള്‍ പറഞ്ഞു കൊടുക്കണം.

മലകളും പുഴകളും കാടും കാട്ടാറും കാട്ടുമൃഗങ്ങളും പക്ഷികളും ആകാശവും ഭൂമിയും നക്ഷത്രങ്ങളും ചന്ദ്രനും സൂര്യനും എന്നു വേണ്ട നഗ്നനേത്രങ്ങള്‍ കൊണ്ടു കാണുവാന്‍ കഴിയുന്നവയെല്ലാം ബാലമനസ്സിലെ കൗതുകങ്ങളാണ്. അവയെപ്പറ്റി കൂടുതല്‍ അറിയാന്‍ അവര്‍ ഉത്സുഹരായിരിക്കും കാടിന്റേയും നാടിന്റെയും പ്രകൃതിയും അവിടുത്തെ ജീവജാലങ്ങളുടെ ജീവിതവും അവരെ വളരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്ന കാലമാണ്, ചെറുപ്രായം. കഥ കേള്‍ക്കുന്നതിന് നന്നെ ചെറുപ്പത്തില്‍ തന്നെ നാമെല്ലാം ഉത്സാഹം കാണിക്കുന്നവരാണ്. കുഞ്ഞായിരിക്കുമ്പോള്‍ അവരുടെ മനസ്സിന്റെ ആശ്ചര്യങ്ങളെ കൗതുകങ്ങളെ സന്തോഷങ്ങളെ സംതൃപ്തിപ്പെടുത്തുന്ന കഥകളാണ് അവരിഷ്ടപ്പെടുക. നിഷ്‌കളങ്കതയുടെ കാലമാണ് ബാല്യകാലം. ശരിയായവയെ അംഗീകരിക്കുകയും ആ ശരിയുടെ ഭാഗം എപ്പോഴും വിജയിക്കണമെന്ന് ഈ കാലത്ത് എല്ലാവരും ചിന്തിക്കുകയും ചെയ്യുന്നു. സത്യസന്ധത, ഭൂതദയ, സഹജീവി സ്‌നേഹം.

പരസ്പര സഹായ തൃഷ്ണ ,കരുണ എന്നീ സദ്ഗുണങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ബാല്യകാലത്താണ്. ലോകത്തിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കാതെ നല്ലതാവണമെന്ന് കരുതുന്ന കാലത്ത് അവരില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ബാലകഥകള്‍ക്കു കഴിയണം. ഗുണപാഠങ്ങള്‍ ധാരാളമായി നമ്മുടെ ,സാഹിത്യത്തില്‍ ഉണ്ടാകുവാനുള്ള കാരണം നല്ലതിനെയും ചീത്തയെയും വേര്‍തിരിച്ചറിയുവാന്‍ ബാല്യകാലത്തില്‍ തന്നെ കഴിവുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയാണ്. അഹങ്കാരം, നിന്ദ, അവഹേളനം, പരസ്പരം അംഗീകരിയ്ക്കാതിരിക്കല്‍, വഞ്ചന, ചതി, കാപട്യം. ഇവയെല്ലാം എന്താണെന്നും എങ്ങനെ ജീവിതത്തില്‍ സംഭവിക്കുന്നു എന്നും മൃഗങ്ങളുടെയും മനുഷ്യരുടെയും കഥകളിലൂടെ നാം ബാലമനസ്സുകള്‍ക്കു കാട്ടികൊടുക്കുന്നു.

ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണ് ബാലകഥകള്‍. നന്മയും തിന്മയും വേര്‍തിരിച്ചറിയുന്നതിനൊപ്പം മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, മറ്റു ബഹുമാനിയ്ക്കപ്പെടേണ്ടവര്‍, മുതിര്‍ന്നവര്‍ ഇവരോടൊക്കെ എങ്ങനെ പെരുമാറണമെന്നും അവര്‍ക്കൊപ്പം എങ്ങനെ ജീവിക്കണമെന്നും ബാലമനസ്സുകള്‍ മനസ്സിലാക്കുന്നതും കഥകളിലൂടെയാണ് മുത്തശ്ശിക്കഥകളും മറ്റും കൂടുതലും തിന്മയുടെ മേല്‍ നന്മ വിജയിക്കുന്ന കഥകളാണ്. കള്ളവും ചതിയും വഞ്ചനയും എന്താണെന്നും എങ്ങനെയാണ് ലോകത്തില്‍ സംഭവിക്കുന്നതെന്നും ആദ്യമായി പഠിക്കുന്നതും ബാലകഥകളിലൂടെയാണ്.മറ്റു ജീവജാലങ്ങള്‍ക്കൊപ്പം നാം സഹവര്‍ത്തിത്വത്തോടെ എങ്ങനെ ജീവിക്കണമെന്നും മനസ്സിലാക്കുന്നതും ബാലകഥകളില്‍ കൂടി തന്നെയാണ്. പ്രകൃതി ഘടകങ്ങളേയും- ശാസ്ത്ര കൗതുകങ്ങളേയും പരിചയപ്പെടുന്നതും ബാലകഥകളില്‍ കൂടിയാണ് ‘ഭാവനയുടെ മേഖലയാണ് ബാലകഥകളിലൂടെ മറ്റൊരു പ്രധാനവശം. സംഭവ്യവും അസംഭവ്യവുമായ പലതും കഥകളിലൂടെ ആവിഷ്‌ക്കരിക്കുന്നു. നാം കാണാത്ത പല വസ്തുതകളും ( പ്രേതകഥകള്‍, ഉദാഹരണം) ലോകത്തില്‍ അദൃശ്യമായി ഉണ്ടെന്നും അത്തരം വസ്തുതകളെ കഥാകൃത്തിന്റെ ഭാവനയ്ക്കനുസരിച്ച് ചിത്രീകരിക്കുകയും ചെയ്യുന്നു. കഥയുടെ പശ്ചാത്തലം പലപ്പോഴും ( ഇത്തരം കഥകള്‍) ഭാവനാ സൃഷ്ടികളാണ്. ദേവലോകം, പാതാളം, നക്ഷത്രലോകം തുടങ്ങി പലതും നമുക്കു പരിചിതമായത് കഥാകൃത്തുക്കളുടെ ഭാവനയിലൂടെയാണ്.

ഈശ്വരസങ്കല്പം, വിശ്വാസം ഇവയെല്ലാം ഊട്ടി ഉറപ്പിക്കുന്നതിന് നന്നേ ചെറുപ്പത്തില്‍ നാം സ്വീകരിക്കുന്നത് ബാലകഥകളുടെ സ്വാധീനത്തെയാണ്. ഇന്നിന്റെ ലോകത്ത് അല്പമെങ്കിലും നന്മ അവശേഷിക്കുന്നത് ഒരുപക്ഷേ നന്നേ ചെറുപ്പം മുതല്‍ നാം നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്ന ബാലകഥയിലൂടെ നന്മയുടെ അംശത്തിന്റെ സ്വാധീനത്താലാണ്. പരിഷ്‌കൃത ലോകത്തിന്റെ ഗതിവേഗത്തില്‍ പലതും നഷ്ടപ്പെട്ടു പോകുന്നു എങ്കിലും മനസ്സിന്റെ ഏതോ കോണില്‍ മുത്തശ്ശിക്കഥകളുടെ കുളിര്‍മ ഉറങ്ങുന്ന ഒരു തലമുറ ഇന്നു നിലനില്‍ക്കുന്നു. ഇനി വരുന്ന തലമുറയ്ക്ക് അത്തരം കുളിര്‍മ ഒരു പക്ഷേ അന്യമായേക്കാം. കാരണം ഇലക്‌ട്രോണിക് യുഗത്തിന്റെ ആവിര്‍ഭാവത്തോടെ മുത്തശ്ശിമാര്‍ക്കും അവരുടെ കഥകള്‍ക്കും ഇടം ഇല്ലാതെയായി. വീഡിയോയിലും കംപ്യൂട്ടറിലും മൊബൈലിലും ഉള്ള കളികളിലേക്ക് ഒതുങ്ങുന്ന പുതിയ തലമുറയുടെ ഭാവനാചക്രവാളവും ചുരുങ്ങുകയാണ്. വികാര വിചാരങ്ങള്‍ യാന്ത്രികമാവുകയാണ്.

അവിടെയൊന്നും ഗുണദോഷ വിവേചനത്തിന്റെ മനുഷ്യമേധയെ അവര്‍ ഉപയോഗിക്കുന്നില്ല. മനക്കണക്കു കൂട്ടുവാന്‍ അറിയാതെ കാല്‍കുലേറ്റര്‍ ഉപയോഗിക്കുന്നതുപോലെ ,സ്വന്തം ബുദ്ധിയെ ഉപയോഗിക്കാതെ ഇലക്ട്രോണിക് സംവിധാനം നല്‍കുന്ന പ്രശ്‌നപരിഹാരത്തിലേക്കു മടങ്ങുകയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്കു നഷ്ടമാകുന്നത് ജൈവീകതയാണ്. സഹജീവികളുടെ മനുഷ്യമൂല്യങ്ങളില്‍ അധിഷ്ഠിതമായ പാരസ്പര്യമാണ്. അങ്ങനെ വരുമ്പോള്‍ സ്‌നേഹം, സാഹോദര്യം സത്യസന്ധത, കരുണ തുടങ്ങിയ വികാരങ്ങളൊന്നും മനുഷ്യമനസ്സില്‍ ആഴത്തിലുണ്ടാവുകയില്ല. ആത്മാവിലുണ്ടാവുകയില്ല.സ്വാര്‍ത്ഥതയിലേക്ക് മടങ്ങുകയും സ്വാര്‍ത്ഥത ക്രമേണ ക്രൂരതയിലേക്ക് പോലും വഴിമാറുകയും ചെയ്യുന്ന ഒരു കാലം എത്തുകയും ചെയ്യും. ഇത്തരം ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ചെറുപ്പത്തില്‍ തന്നെ ജീവിതഗന്ധിയായ കഥ കേള്‍ക്കുകയും മനസ്സിലാക്കുകയും വേണം.

ബാലസാഹിത്യരചയിതാക്കള്‍ മാറിയ ലോകത്തിന്റെ സഞ്ചാരപഥങ്ങള്‍ മനസ്സിലാക്കി കഥകള്‍ എഴുതുമ്പോള്‍ മനുഷ്യമൂല്യങ്ങള്‍ പിഞ്ചുമനസ്സില്‍ ആഴത്തില്‍ ഊട്ടി ഉറപ്പിക്കുന്നതിന് പറ്റിയ രീതിയാലാവണം രചനകള്‍ നടത്തേണ്ടത്. നര്‍മ്മത്തില്‍ പൊതിഞ്ഞ് കഥകള്‍ പറയുന്ന രീതി പണ്ടുണ്ടായിരുന്നു. ഹാസ്യകഥകള്‍ എന്നൊരു ശാഖയും പിന്നീടു വളര്‍ന്നു വന്നു. കുട്ടികളുടെ കഥകളില്‍ നര്‍മ്മത്തിന് വളരെ സ്ഥാനമുണ്ട്. എന്നാല്‍ ലോകവിസ്മയങ്ങളിലേക്ക് മിഴിതുറന്നു വച്ചിരിയ്ക്കുന്ന അഞ്ചു മുതല്‍ പന്ത്രണ്ടു വരെയുള്ള പ്രായത്തില്‍ അവര്‍ക്കു വേണ്ടത് കഥയും കാര്യവും ഒരുപോലെ ഉള്‍ക്കൊള്ളുന്ന കഥകളാണ്. ഈ പ്രായത്തില്‍ മനസ്സില്‍ ഉറയ്ക്കുന്നത് ജീവിതാവസാനം വരെ നിലനില്‍ക്കും. ഉപബോധമനസ്സില്‍ പതിയുന്ന പലതും അവരുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ പങ്കു വഹിയ്ക്കുന്നുണ്ട്. ജീവിതത്തില്‍ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഏറ്റവും വലിയ കുറ്റവാളിയായി തീരുന്ന ഒരാള്‍ക്കു പോലും അവന്റെ ഉള്ളില്‍ ഇതായിരുന്നു ശരി എന്നു ചിന്തിയ്ക്കുമ്പോള്‍ ഉള്‍പ്രേരണ ലഭിക്കുന്ന ഒരാത്മഭാവം ഉണ്ട്. അത് അങ്ങനെ തന്നെ ഉണ്ടെങ്കില്‍ പോലും തെറ്റുകളിലേക്ക് തന്നെ അത്തരക്കാര്‍ പോകുന്നുണ്ട്. പക്ഷേ അത്തരക്കാരെ തിരികെ ജീവിതത്തിന്റെ നന്മയിലേക്ക് എത്തിക്കുവാന്‍ കഴിയാറുണ്ട്. അതിനു കാരണം മേല്‍പ്പറഞ്ഞ ആത്മഭാവത്തിന്റെ പിന്‍ബലം ആണ്. അതുകൊണ്ടു തന്നെ ബാലകഥകളില്‍ ഇത്തരം ആത്മാഭാവത്തിന്റെ ചിന്തുകള്‍ നിറയേണ്ടതുണ്ട്. മനുഷ്യരാശിയുടെ തന്നെ നിലനില്‍പ്പിന് അത് അത്യാന്താപേക്ഷിതമാണ്.

ബാലകഥാകൃത്തുക്കളുടെ ഉത്തരവാദിത്വം വളരെ വലുതാണ്. നന്മയേയും തിന്മയേയും ഒരുപോലെ മനസ്സിലാക്കിക്കൊടുക്കുകയും നന്മയെ നിലനിര്‍ത്തുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുക എന്ന’ഭാരിച്ച ജോലി അവര്‍ക്കുണ്ട്. കഥകളുടെ സൃഷ്ടിയില്‍ കാര്യത്തിന്റെ ഗൗരവം ഉള്‍ച്ചേര്‍ക്കുമ്പോള്‍ ഈ ബോധം അവരെ ഭരിക്കുകയും ചെയ്യുന്നു.

You must be logged in to post a comment Login