ബാലഭാസ്‌കറിന്‍റെ മരണം: കലാഭവൻ സോബി നൽകിയത് കള്ള മൊഴിയെന്ന് ക്രൈം ബ്രാഞ്ച്

 

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ മിമിക്രി താരം കലാഭവൻ സോബി നൽകിയത് കള്ളമൊഴിയെന്ന് ക്രൈം ബ്രാഞ്ച്. ഇത് സംബന്ധിച്ച റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിക്ക് കൈമാറി. ബാലഭാസ്‌കറിന് അപകടം സംഭവിച്ച സമയത്ത് താൻ ആ വഴി കടന്നു പോയെന്നും സംശയാസ്പദമായി രണ്ടു പേരെ അവിടെ കണ്ടെന്നും മറ്റുമായിരുന്നു സെബിയുടെ മൊഴി

സോബിയുടെ ജീവന് ഭീഷണിയുണ്ടന്നും പരാതിപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് സംരക്ഷണം തേടി സോബി തങ്ങളെ സമീപിക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ജിഷ്ണു, വിഷ്ണു എന്നീ രണ്ടു പേരെ സംഭവസ്ഥലത്ത് സംശയാസ്പദമായി കണ്ടെന്നായിരുന്നു മൊഴി. എന്നാൽ, ഇവരുടെ മൊബൈൽ ഫോൺ, പാസ്പോർട്ട് എന്നിവ പരിശോധിച്ചപ്പോൾ അപകടസമയത്ത് ഇവർ ഉണ്ടായിരുന്ന സ്ഥലം സെബിയുടെ മൊഴിയിൽ നിന്ന് വ്യത്യസ്‍തമാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.

അമിത വേഗത്തിലുള്ള അശ്രദ്ധമായ ഡ്രൈവിങ്ങാണ് ബാലഭാസ്കറുടെയും മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ആരാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് എന്നാണ് ഇനി സ്ഥിരീകരിക്കേണ്ട പ്രധാന കാര്യം. എന്നാൽ, അപകട നടന്നതിനോട് അടുത്തുള്ള ദിവസങ്ങളിൽ ആസാധാരണമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് ഭാര്യ ലക്ഷ്‌മി മൊഴി നൽകിയിരുന്നു.

അപകട സ്ഥലത്തെ പ്രാദേശിക വാസികളും അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടതായി പോലീസിനോട് പറഞ്ഞിട്ടില്ല. അമിത വേഗത്തിലായിരുന്നു ബാലഭാസ്‌കറിന്റെ കാർ എന്ന് മാത്രമാണ് ക്രൈം ബ്രാഞ്ചിന് കണ്ടെത്താൻ കഴിഞ്ഞത്. ബാലഭാസ്‌കറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ കെ.സി ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കളായ പ്രകാശൻ തമ്പിയും വിഷ്ണുവും സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളാണ്. ഡിആർഐയുടെ കസ്റ്റഡിയിലുള്ള പ്രതികളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തെങ്കിലും സ്വർണക്കടത്ത് കേസിന് മരണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

You must be logged in to post a comment Login