ബാല്യകാലസഖി അറബിയിലും

ഡോ. അമാനുല്ല വടക്കാങ്ങര


കഥ പറഞ്ഞ് കാലത്തോളം വലുതായ ബഷീര്‍ സുല്‍ത്താന്റെ വിയോഗത്തിന് ജൂലൈ 5ന് കാല്‍ നൂറ്റാണ്ട്. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ചോര പൊടിയുന്ന ഏട് ആയ ബാല്യകാലസഖിക്ക് 75 വര്‍ഷങ്ങള്‍ക്കുശേഷം അറബിയില്‍ വിവര്‍ത്തനമുണ്ടായിരിക്കുന്നു. മലപ്പുറം സ്വദേശിയായ സുഹൈല്‍ അബ്ദുല്‍ ഹകീം വാഫിയാണ് ‘റഫീഖത്തു സ്വിബ’ എന്ന പേരില്‍ ബാല്യകാലസഖി വിവര്‍ത്തനം നടത്തിയിരിക്കുന്നത്.

എണ്ണമറ്റ മലയാളം നോവലുകള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട വിശ്വകഥാകാരന്‍, ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര പ്രണയഗാഥ ‘ബാല്യകാലസഖി’ അറബി സാഹിത്യ ആസ്വാദകര്‍ക്ക് സ്വീകാര്യമായ രീതിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടില്ല എന്നത് എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 1944 ല്‍ ബഷീര്‍ രചിച്ച ബാല്യകാലസഖി 75 വര്‍ഷങ്ങള്‍ക്ക് ശേഷം അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോള്‍ അറബി സാഹിത്യ കുതുകികള്‍ക്ക് പുതിയ വായനാനുഭവത്തിന്റെ വാതായനങ്ങളാണ് തുറക്കപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ആദൃശ്ശേരി സ്വദേശിയായ യുവ പണ്ഡിതനും പ്രതിഭയുമായ സുഹൈല്‍ അബ്ദുല്‍ ഹകീം വാഫിയാണ് സാഹിത്യലോകത്ത് ഏറെ ശ്രദ്ധേയമായ ബാല്യകാലസഖിയുടെ അറബി പരിഭാഷ ‘റഫീഖത്തു സ്വിബ’ എന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്നത്. അറബ് സാഹിത്യ ലോകത്തെ പ്രമുഖ പ്രസാധകരായ ബൈറൂത്തിലെ അറബ് സയന്റിഫിക് പബല്‍ഷേര്‍സ് ആണ് സുഹറയുടേയും മജീദിന്റേയും പ്രണയ സല്ലാപങ്ങള്‍ അറബി വായനക്കാര്‍ക്ക് എത്തിക്കുന്നത്.

മലയാള സാഹിത്യലോകത്ത് സ്വന്തമായ ഭാഷാ പ്രയോഗങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മാസ്റ്റര്‍പീസ് നോവലാണ് ബാല്യകാലസഖി. മനസ്സിന്റെ കോണിലെവിടെയോ ഒരാത്മനൊമ്പരമായ ബാല്യകാലസഖി മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള നോവലുകളില്‍ നിന്നും തികച്ചും വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. കഥാന്ത്യത്തില്‍ എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് ഒത്തുചേരുന്ന കമിതാക്കളെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്. എന്നാല്‍ ബഷീറിന്റെ ബാല്യകാലസഖി ഇവിടെ വേറിട്ട് നില്‍ക്കുന്നു. വൈവിധ്യങ്ങളുള്ള ഈ നോവലിന്റെ അറബി വിവര്‍ത്തനം വന്നതോടെ ഇന്തോ അറബ് സാഹിത്യ സാംസ്‌കാരിക വിനിമയ രംഗത്ത് കൂടുതല്‍ സജീവമായ ചര്‍ച്ചകളാണ് നടക്കുന്നത്. ബാല്യ കാലസഖിയെ ഒരു പ്രണയ നോവല്‍ എന്നതിനപ്പുറം പച്ചയായ മനുഷ്യ ജീവിതത്തിന്റെ കഥയായാണ് താന്‍ മനസ്സിലാക്കുന്നത് എന്നാണ് വിവര്‍ത്തകന്‍ അഭിപ്രായപ്പെടുന്നത്. എന്തായിരുന്നാലും എഴുതപ്പെട്ട് മുക്കാല്‍ നൂറ്റാണ്ടിനുശേഷം പ്രവാസി മലയാളി ബാല്യകാലസഖിയെ അറബി സാഹിത്യലോകത്തിന് സമ്മാനിക്കുകയും, ബഷീറിന്റെ സാഹിത്യ സംഭാവനകള്‍ വിലയിരുത്തപ്പെടുകയും ചെയ്യുന്നുവെന്നത് സന്തോഷകരമാണ്.

മനോഹരമായ ഒരു പ്രണയകഥയാണ് ബാല്യകാലസഖിയെന്ന് സധാരണയായി പറഞ്ഞുവരുന്നുണ്ടെങ്കിലും അതിദാരുണങ്ങളായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇത് രചിച്ചിരിക്കുന്നത്. ‘ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പാടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചു വേണം പുസ്തകം വായിക്കാന്‍’ എന്നാണ് പുസ്തകത്തെക്കുറിച്ച് അവതാരികയില്‍ എം.പി പോള്‍ പറഞ്ഞിരിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തില്‍ ആവേശംകൊണ്ട് നാടുവിട്ട ബഷീര്‍ കല്‍ക്കത്തയിലായിരിക്കുന്ന കാലത്താണ് ബാല്യകാലസഖി രചിച്ചത്. ആദ്യം ഇംഗ്ലീഷില്‍ രചിച്ച പുസ്തകം നാട്ടിലെത്തിയശേഷം അദ്ദേഹം മാതൃഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തു. ഈ കൃതി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ധൈര്യപ്പെട്ട സുഹൈല്‍ വാഫി എന്തുകൊണ്ടും പ്രശംസയര്‍ഹിക്കുന്നു. മതവിദ്യാഭ്യാസം നേടിയ സുഹൈല്‍ വാഫി ബാല്യകാല സഖി എന്ന പ്രണയ നോവല്‍ വിവര്‍ത്തനം ചെയ്തത് സംബന്ധിച്ച് തന്റെ അഭ്യൂദയ കാംക്ഷികളുടെ ആശങ്കകള്‍ക്ക് മറുപടിയായി വിവര്‍ത്തകന്‍ ഫേസ് ബുക്കില്‍കുറിച്ചത് ഇങ്ങനെയാണ്.

‘ബാല്യകാലസഖി ഒരു പ്രേമകഥയായി വായിക്കാന്‍ തോന്നുന്നില്ല. കാരണം അത് മജീദിന്റെയും സുഹ്റയുടെയും തകര്‍ന്ന് പോയ പ്രണയത്തിന്റെ മാത്രം കഥയല്ല. മറിച്ച്, തെറ്റിപ്പോകുന്ന കണക്കുകൂട്ടലുകളാണ് നോവലിന്റെ കേന്ദ്രബിന്ദു. രണ്ടുപേരുടേയും മാതാപിതാക്കളും സഹോദരിമാരുമുള്‍പ്പെടെയുള്ള മുഴുവന്‍ കഥാപാത്രങ്ങളും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുമ്പില്‍ തകര്‍ന്നുടയുന്ന ജീവിത സ്വപ്‌നങ്ങളുടെ പ്രതിനിധികളാണ്. എല്ലാവരുടെയും കഥ അവര്‍ രണ്ടുപേരുടെ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ സംക്ഷിപ്തമായി പറയപ്പെട്ടിരിക്കുകയാണ്. മാത്രമല്ല അവരുടെ പ്രേമം തന്നെയും യാഥാര്‍ത്ഥ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും വിസ്മരിപ്പിക്കുന്നതോ സ്വന്തം കാര്യം നോക്കി ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നതോ ആയ നാം കേട്ട് ശീലിച്ച ഒരു അപക്വ വൈകാരികതയായിരുന്നില്ല. അതുകൊണ്ടൊക്കെത്തന്നെ ബാല്യകാലസഖി പ്രേമകഥയല്ല, പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ പറയപ്പെട്ട ജീവിതയാഥാര്‍ത്ഥ്യമാണ്’. ബാല്യകാലസഖി കേവലമൊരു പ്രണയ നോവലല്ല. മറിച്ച് വ്യത്യസ്ത മാനങ്ങളുള്ള ജീവിതമാണെന്നാണ് വിവര്‍ത്തകന്‍ കരുതുന്നത്. ജീവിതത്തിന്റെ ചോരപൊടിഞ്ഞ ആ താളുകള്‍ മറിച്ചുനോക്കാന്‍ പലരും തയ്യാറാവാതിരുന്നതാവാം. ഇംഗ്ലീഷ് അടക്കം പല ലോകഭാഷകളിലും ബാല്യകാലസഖിയുടെ വിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അറബി വായനക്കാര്‍ക്കായി ഈ നിയോഗം ഏറ്റെടുക്കാനായി എന്നതും വലിയ ഭാഗ്യമായാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബഷീറിന്റെ സവിശേഷമായ ഭാഷാശൈലിയും പ്രയോഗങ്ങളും മലയാളത്തില്‍ തന്നെ അനുപമമാണ്. ഇവ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനാകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അറബിപോലെ വലിയ ഒരു ലോകഭാഷയിലേക്ക് ബഷീറിനെ മൊഴിമാറ്റുമ്പോള്‍ അതേ സാധ്യമാവുകയുള്ളൂ. എങ്കിലും ബഷീറിന്റെ സവിശേഷമായ ആഖ്യാനരീതിയും ഒഴുക്കും നിലനിര്‍ത്താന്‍ വിവര്‍ത്തകന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അറബിയിലേക്ക് മൊഴുമാറ്റം ചെയ്യപ്പെടുന്ന ബഷീറിന്റെ ആദ്യ നോവലാകും ഇത്. ബഷീറിന്റെ പല കഥകളും നേരത്തെ അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വിഖ്യാതമായ നോവല്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യുമ്പോള്‍ വിവര്‍ത്തകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആ നോവലിലെ വരികള്‍ അനുവാചക മനസ്സുകളില്‍ തീര്‍ത്ത താരതമ്യം ചെയ്യാനാകാത്ത വികാര പ്രപഞ്ചമാണ്. ബിന്യാമിന്റെ പ്രശസ്തമായ ആടുജീവിതം അറബി സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ സുഹൈല്‍ വാഫി ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

മജീദിന്റെയും അവന്റെ ബാല്യകാലസഖി സുഹറയുടേയും കഥയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. സുഹ്റയും മജീദും ആദ്യകാലത്ത് ബദ്ധവൈരികളായിരുന്നു. മാങ്ങാ കൊതിച്ചിയായിരുന്ന സുഹ്റയ്ക്ക് മജീദ് മാങ്ങപറിച്ചു കൊടുക്കുന്നതോടെ അവര്‍ കൂട്ടുകാരാകുന്നു. പിന്നീട് കമിതാക്കളും. പക്ഷെ വിധി അവര്‍ക്കായി കാത്തു വെച്ചത് മറ്റൊന്നായിരുന്നു. സമ്പന്നനായിരുന്ന മജീദ് ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകാന്‍ വിധിക്കപ്പെടുന്നു. മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാതിരുന്ന സുഹറ ഒടുവില്‍ രണ്ടാം കെട്ടുകാരന്റെ ഭാര്യയായി തീരുകയും ദുരിത ജീവിതം കഴിച്ചുകൂട്ടി രോഗിയായി ഒടുവില്‍ മരണത്തിന് കീഴടങ്ങുന്നു. അവതാരിക ഒഴിച്ചുനിര്‍ത്തിയാല്‍ വെറും 76 പേജുകള്‍ മാത്രമുള്ള ബാല്യകാലസഖി എന്ന നോവലിലെ പ്രണയവും വിരഹവുമൊന്നും അറബ് ലോകത്ത് പുതിയതല്ല. മനുഷ്യരുള്ളിടത്തൊക്കെ സാര്‍വത്രികമായ വികാരങ്ങളാണ് ഇവയൊക്കെ. എന്നാല്‍ മാനവിക വികാരങ്ങളെ ത•-യത്തത്തോടെ വേഗത്തില്‍ ലളിതമായി പറഞ്ഞുപോകുന്ന നോവലിന്റെ ശൈലിയാകാം ഈ രചനയെ സവിശേഷമാക്കുന്നത്. ആ ശൈലിയോടും പ്രയോഗങ്ങളോടും കഴിയാവുന്നത്ര നീതിപുലര്‍ത്തിയാണ് സുഹൈല്‍ ഈ ദൗത്യം വിജയിപ്പിച്ചിരിക്കുന്നത്. വായനയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടേയും മനം കവര്‍ന്ന ആ പ്രണയകഥ അറബ് സാഹിത്യലോകത്തും ശ്രദ്ധിക്കപ്പെടും. പുസ്തകം പുറത്തിറങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍ ഏറെ പ്രതീക്ഷ നിര്‍ഭരമാണ്.

എന്റെ പുസ്തകങ്ങള്‍, അതെല്ലാം എത്രകാലം നിലനില്‍ക്കും ? പുതിയ ലോകം വരുമല്ലോ. പഴമ എല്ലാം പുതുമയില്‍ മായേണ്ടതുമാണല്ലോ. എന്റേത് എന്ന് പറയാന്‍ എന്താണുള്ളത് ? എന്റേതായി എന്തെങ്കിലും ഒരു തരി അറിവ് ഞാന്‍ സംഭാവന ചെയ്തിട്ടുണ്ടോ? ഉക്ഷരങ്ങള്‍, വാക്കുകള്‍, വികാരങ്ങള്‍ ഒക്കെയും കോടി മനുഷ്യര്‍ ഉപയോഗിച്ചിട്ടുള്ളതുമാണല്ലോ എന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ സ്വന്തം രചനകളെക്കുറിച്ച് പറഞ്ഞതെങ്കിലും കാലദേശാതിര്‍ത്തികള്‍ ഭേദിച്ച് ബഷീര്‍ ഇന്നും സജീവമായി വായിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. കഥാനായകനായ മജീദും, നായിക സുഹ്റയും കണ്ടുമുട്ടുന്നത് അവര്‍ക്ക് യഥാക്രമം 9 ഉം, 7 ഉം വയസ്സുള്ളപ്പോഴായിരുന്നു. ബാല്യകാലം തൊട്ടേ അവര്‍ സുഹൃത്തുക്കള്‍ ആയിരുന്നെങ്കിലും അവര്‍ പരിചിതരാകുന്നതിനു മുന്‍പേ ബദ്ധശത്രുക്കളായിരുന്നു എന്നതാണ് രസകരമായ വസ്തുത. അവരെ ആദ്യം വൈരികളാക്കിയതും, പിന്നീട് അടുപ്പിച്ചതും സുഹ്റയുടെ വീട്ടിനടുത്തുള്ള തൈമാവിലെ മൂത്തുപഴുത്ത മധുരമൂറുന്ന മാമ്പഴങ്ങളായിരുന്നു. പറയാന്‍ മറന്നു: നാട്ടിലെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളാണ് മജീദിന്റെ ബാപ്പ. എങ്കിലും, മജീദിന്റെ സ്വപ്‌നങ്ങളില്‍ അവന്‍ സുല്‍ത്താനാകുമ്പോള്‍ എന്നും അവന്റെ പട്ടമഹിഷിയായ രാജകുമാരിയുടെ പദം അലങ്കരിച്ചിരുന്നത് അവന്റെ സ്വന്തം സുഹ്റയായിരുന്നു.

വയസ്സില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഒരു ക്ലാസ്സിലാണ് അവര്‍ പഠിച്ചിരുന്നത്. സുഹ്റ കണക്കില്‍ മിടുമിടുക്കിയായിരുന്നു ; മജീദ് ഒരു മരമണ്ടനും. ക്ലാസില്‍ അവനെ ഹാജര്‍ വിളിച്ചിരുന്നത് പോലും ‘മണ്ടശിരോമണി’ എന്നായിരുന്നു. ഒന്നും ഒന്നും ‘ഉമ്മിണി വല്യ ഒന്ന്’ എന്ന കണക്കിലെ ഒരു പുതിയ തത്ത്വം കണ്ടുപിടിച്ചതും മജീദ് ആയിരുന്നു. പക്ഷെ, സുഹ്റയുടെ അടുത്തായി ബഞ്ചില്‍ സ്ഥാനമുറപ്പിച്ചതോടെ മജീദ് കണക്കില്‍ ഒന്നാമതായി. സുഹ്റയുടെ സ്ലേറ്റില്‍ അവള്‍ ആദ്യം ചെയ്യുന്ന കണക്കുകള്‍ പക്ഷെ, ആദ്യം ക്ലാസ്സില്‍ പറയുക മജീദായിരുന്നു.
അങ്ങിനെ ആ വലിയ സംഭവങ്ങള്‍ ഒരേ സമയത്ത് തന്നെ നടന്നു. സുഹ്റയുടെ കാതുകുത്ത് കല്യാണവും, മജീദിന്റെ മാര്‍ക്കം കല്യാണവും. ഉണങ്ങിയ പാള മുറിക്കുന്നത് പോലെ ഒരനുഭൂതി എന്നാണ് മജീദിന് അതിനെക്കുറിച്ച് തോന്നിയത്. പണക്കാരനായതിനാല്‍ മജീദിന്റെ ചടങ്ങ് ഒരു സംഭവമായിരുന്നു, സുഹ്റയുടെത് അടുത്ത ആളുകള്‍ മാത്രം പങ്കെടുത്ത ഒരു ചെറിയ ചടങ്ങും. സുഹ്റയും മജീദും അക്കൊല്ലം ജയിച്ചു. എന്നാല്‍ സുഹ്റയുടെ ബാപ്പയുടെ അകാലമരണം പട്ടണത്തില്‍ പോയി പഠിക്കാനുള്ള സുഹ്റയുടെ സ്വപ്‌നം പാടേ തകര്‍ത്തു. പട്ടണത്തിലെ സ്‌കൂളില്‍ ചേര്‍ന്ന മജീദ് സുഹ്റയെയും സ്‌കൂളില്‍ ചേര്‍ക്കാന്‍ തന്റെ ബാപ്പയോട് അപേക്ഷിച്ചുവെങ്കിലും അദ്ദേഹം അത് നിഷ്‌ക്കരുണം നിരാകരിച്ചു. കാലചക്രം മെല്ലെ തിരിഞ്ഞു. മാറും, തലയും വളര്‍ന്ന ഒരു യുവതിയായി സുഹ്റ ; മജീദ് പൊടിമീശക്കാരനായ ഒരു യുവാവും. കാലില്‍ വിഷക്കല്ല് കൊണ്ട് കിടപ്പിലായ മജീദിനെ ശുശ്രൂഷിക്കാന്‍ എത്തിയ സുഹ്റയുമായി മജീദ് ആദ്യ ചുംബനത്തിന്റെ രുചി നുണഞ്ഞു.

സുഹ്റ മജീദിനെയും, മജീദ് സുഹ്റയെയും സ്നേഹിക്കുന്നുണ്ട്. പക്ഷെ, സ്വേചാധിപതിയായ ബാപ്പയുമായുണ്ടായ ഒരു ഉരസലില്‍ വ്രണിതഹൃദയനായി, അഭിമാനിയായ മജീദ് വീടും, നാടും വിട്ടു; അവന്റെ പ്രിയപ്പെട്ട സുഹ്റയോട് ഒരു യാത്ര പോലും പറയാതെ. അവന്‍ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു; സുദീര്‍ഘമായ എട്ടോ പത്തോ വര്‍ഷക്കാലം. ആരുമായും ഒരു കത്തിടപാടുപോലും അവന്‍ നടത്തിയില്ല. ആരെങ്കിലും അന്വേഷിച്ച് വന്നാലോ എന്നതായിരുന്നു അവന്റെ ഭയം. പണം സമ്പാദിക്കണം എന്ന മോഹമേ അവനില്ലായിരുന്നു. കാണുക, അറിയുക അതായിരുന്നു അവന്റെ ലക്ഷ്യം. ഒരുപാടു അലഞ്ഞുതിരിഞ്ഞപ്പോള്‍ ജീവിതത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെട്ട് വിഷാദാത്മകനായി മജീദ് നാട്ടിലേക്ക് തിരിച്ചു. സുഹ്റയെ വിവാഹം കഴിച്ച് ശിഷ്ടജീവിതം കഴിച്ചുകൂട്ടുകയായിരുന്നു അവന്റെ ഉദ്ദേശം. എന്നാല്‍ അവനെ കാത്തിരുന്നതോ, കച്ചവടത്തിലെ നഷ്ടവും, ചില ചതിക്കുഴികളിലും വീണ് എല്ലാം നഷ്ടപ്പെട്ട വൃദ്ധരായ മാതാപിതാക്കള്‍, വിവാഹപ്രായം കഴിഞ്ഞ സഹോദരികള്‍, എല്ലാറ്റിനും ഉപരിയായി വിവാഹിതയായ സുഹ്റയും.

ആദ്യം പിണങ്ങിയെങ്കിലും, രണ്ടാം കെട്ടുകാരന്റെ ഭാര്യയായിത്തീരേണ്ടി വന്ന സുഹ്റയുടെ നരകസമാനമായ ജീവിതം കണ്ട് വീണ്ടുമവന്‍ സുഹ്റയുമായി അടുത്തു. അവന്റെ വീട്ടുകാരും അവര്‍ക്ക് മൗനാനുവാദം കൊടുത്തു. അങ്ങിനെ, തന്റെ പുരനിറഞ്ഞു നില്ക്കുന്ന സഹോദരിമാരെ കെട്ടിച്ചയച്ച്, അതിനുശേഷം സുഹ്റയെ സ്വന്തമാക്കാന്‍ പണമുണ്ടാക്കുന്നതിനു വേണ്ടി വീണ്ടും അവന്‍ നാടുവിട്ടു. കുറെ അലച്ചിലിന് ശേഷം, സൈക്കിളില്‍ കൊണ്ടുനടന്ന് വില്പന നടത്തുന്ന ചെറുതെങ്കിലും നല്ല ഒരു ജോലി അവനു ലഭിച്ചു. ജീവിതം വീണ്ടും പച്ചപിടിച്ച് തുടങ്ങുകയായിരുന്നു. പക്ഷെ, വിധി വീണ്ടും അവനോട് ക്രൂരത കാണിച്ചു, ഒരു സൈക്കിള്‍ ആക്സിഡന്റിന്റെ രൂപത്തില്‍. ദിവസങ്ങള്‍ക്ക് ശേഷം ഓര്‍മ്മ വരുമ്പോള്‍ ഒരു കാല് പകുതി നഷ്ടപ്പെട്ടിരുന്നു അവന്. കൈയ്യില്‍ ശേഷിക്കുന്ന കമ്പനി കൊടുത്ത ചെറിയ നഷ്ടപരിഹാരവുമായി വീണ്ടും അവന്‍ തെരുവിലേക്കിറങ്ങി. എന്നാല്‍ വീട്ടുകാരോടോ, സുഹ്റയോടോ തന്റെ ദുര്‍വിധി അവന്‍ വെളിപ്പെടുത്തിയില്ല. അലഞ്ഞു തിരിഞ്ഞ് അവസാനം ഒരു ഹോട്ടലിലെ എച്ചില്‍ പാത്രങ്ങള്‍ കഴുകുന്ന ജോലി അവന് ലഭിച്ചു. അതില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതത്തില്‍ പിടിച്ചു കയറുകയായിരുന്ന അവന് വീട്ടില്‍ നിന്ന് അശനിപാതം പോലൊരു കത്ത് വന്നു. അവന്റെ എല്ലാമെല്ലാമായ പ്രിയപ്പെട്ട സുഹ്റ ഈ ലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു. വീട് ജപ്തിയിലാണ്. എന്ത് ചെയ്യണം എന്ന് അവര്‍ക്കറിയില്ല.

കുറെനേരം പ്രപഞ്ചം ശൂന്യമായിപ്പോയപോലെ തോന്നി മജീദിന്. അവന്‍ വീണ്ടും പാത്രങ്ങള്‍ കഴുകി ശ്രദ്ധയോടെ അടുക്കിത്തുടങ്ങി. അന്ന് യാത്ര പറഞ്ഞു ഇറങ്ങുന്നതിന് മുന്‍പ് സുഹ്റ അവനോട് എന്തോ പറയുവാന്‍ തുടങ്ങിയതായിരുന്നു. പക്ഷെ, മുഴുമിപ്പിക്കാന്‍ ബസ്സിന്റെ ഹോണ്‍ അനുവദിച്ചില്ല. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റ പറയാന്‍ തുടങ്ങിയത് ? നോവല്‍ ഇവിടെ തീരുന്നു. ഉന്നതമായ ഭാവനയും, വിസ്തൃതമായ ലോകാനുഭവവും, സൂക്ഷ്മമായ മനുഷ്യഹൃദയജ്ഞാനവും ഇക്കഥയില്‍ സമന്വയിക്കുന്നു. അതുകൊണ്ടുതന്നെ അറബ് സാഹിത്യ ലോകത്ത് ബഷീറിനെ പഠിക്കുവാന്‍ ഈ ലഘുകൃതി പ്രേരണയായേക്കുമെന്നാണ് കരുതുന്നത്. മലയാള സാഹിത്യത്തില്‍ കാലങ്ങളെ അതിജീവിച്ച മഹാനായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്റെ രചനകള്‍ ഇന്നും സജീവമായി വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നുവെന്നതിന്റെ തെളിവാണ് ബാല്യകാലസഖിയുടെ അറബി പതിപ്പ്. ഓരോ സാഹിത്യകാരനേയും വ്യത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമാണ് നാം വായിക്കാനിഷ്ടപ്പെടുക. ഭാഷയിലും സാഹിത്യത്തിലുമുള്ള എല്ലാ മാമൂലുകളേയും അനാചാരങ്ങളേയും തിരസ്‌ക്കരിച്ച് ആഴമേറിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ മലയാള ഭാഷയില്‍ സ്വന്തമായ ശൈലിയും പ്രയോഗങ്ങളും നട്ടുവളര്‍ത്തിയ ബഷീറിയന്‍ സാഹിത്യം ഏത് സന്ദര്‍ഭങ്ങളിലും വായിക്കപ്പെടുന്നവയാണ് എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത.

പ്രമുഖരായ പല എഴുത്തുകാരുടേയും പല കൃതികളും കാലത്തിന്റെ പ്രയാണത്തില്‍ കാലഹരണപ്പെടാം. എന്നാല്‍ കാലത്തിന്റെ മുഹൂര്‍ത്തങ്ങളിലും സമയത്തിന്റെ സന്ധികളിലും തളച്ചിടാന്‍ കഴിയാത്ത എഴുത്തുകാരനാണ് ബഷീര്‍. കാലത്തിന്റെ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് ഓരോ എഴുത്തുകാരനേയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഒരു കാലത്ത് മനുഷ്യ ചിന്തയേയും ജീവിതത്തേയും പിടിച്ച് കുലുക്കിയ ലോക പ്രശസ്ത സാഹിത്യകാരന്‍മാര്‍ പോലും പാഠപുസ്തകത്തിന്റെ താളുകളിലേക്ക് ചുരുങ്ങുമ്പോള്‍ കാലത്തിന്റെ വികൃതികള്‍ക്കടിപ്പെടാതെ, പിടികൊടുക്കാതെ കടന്നുപോയ സാഹിത്യകാരനാണ് ബഷീര്‍. കാലത്തേയും സമയത്തേയും ചോദ്യം ചെയ്യാനുള്ള ധൈഷണികമായ അന്തസത്ത അദ്ദേഹത്തെ വ്യതിരിക്തനാക്കി നിര്‍ത്തുന്നു. ഏറ്റവും ലളിതമായി എഴുതുകയെന്നത് ഏറെ ശ്രമകരമാണ്. ഈ രംഗത്ത് മാതൃകാപരമായ സമീപനം സ്വീകരിച്ച ബഷീര്‍ ലോകസാഹിത്യത്തില്‍ എക്കാലത്തേയും മികച്ച എഴുത്തുകാരോട് കിടപിടിക്കാന്‍ പോന്ന എഴുത്തുകാരനാണ്. ഈ സമീപനം വിവര്‍ത്തനത്തിന് പലപ്പോഴും വെല്ലുവിളി സൃഷ്ടിച്ചേക്കാമെങ്കിലും മൂല്യത്തോട് നീതി പുലര്‍ത്താന്‍ വിവര്‍ത്തകന് കഴിഞ്ഞുവെന്നാണ് വിവിധ കോണുകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന ആദ്യ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന.

പരന്ന വായനയുടെ പിന്‍ബലത്തില്‍ സ്വായത്തമാക്കിയ അതിരുകളില്ലാത്ത കാഴ്ചയിലൂടെ സൗഹൃദത്തിന്റേയും വിശാലമനസ്‌കതയുടേയും ലോകത്തേക്ക് സമൂഹത്തെ പിടിച്ചുയര്‍ത്താന്‍ പരിശ്രമിച്ച മനുഷ്യ സ്നേഹിയായ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മുന്‍വിധിയില്ലാതെ തുറന്ന വായനയിലൂടെ മനസിനെ നിര്‍മലപ്പെടുത്തിയ അതുല്യ പ്രതിഭ. അദ്ദേഹത്തോളം വായിച്ച അധികം എഴുത്തുകാര്‍ വേറെയില്ല. മലയാള ഭാഷയിലും സാഹിത്യത്തിലും തന്റേതായ പദാവലിയും പ്രയോഗങ്ങളും അനശ്വരമാക്കിയ ബഷീറിന് ആംഗല സാഹിത്യത്തോട് അടങ്ങാത്ത സ്നേഹവും ആഭിമുഖ്യവുമായിരുന്നു. ഇംഗ്ളീഷ് സാഹിത്യലോകത്തെ പ്രശസ്തരായ എഴുത്തുകാരുടെ മിക്ക രചനകളും വായിച്ചാസ്വദിച്ച ബഷീര്‍ തന്റെ ബാല്യകാലസഖി എഴുതിതുടങ്ങിയത് ഇംഗ്ളീഷിലായിരുന്നു. പിന്നീട് അദ്ദേഹം തന്നെ അത് മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. ആ മലയാള കൃതി ആധുനിക അറബ് സാഹിത്യ സമൂഹത്തിന് പരിചയപ്പെടുത്തുവാനാണ് അറബി മൊഴിമാറ്റം. ബഷീര്‍ ഈ ലോകത്തോട് വിട പറഞ്ഞ് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് ഇത്തരമൊരു ശ്രമം നടക്കുന്നത്.

സാധാരണ ഗ്രാമീണ ജീവിതത്തില്‍ പരിചയിക്കുന്ന കഥാപാത്രങ്ങളേയും ജീവിതാനുഭവങ്ങളേയും സ്വന്തമായ ശൈലിയില്‍ അവതരിപ്പിച്ച് മലയാള സാഹിത്യത്തിലെന്നല്ല ലോക സാഹിത്യത്തില്‍ തന്നെ വിസ്മയകരമായ ഇതിഹാസം സൃഷ്ടിച്ച മഹാനായ കഥാകാരനാണ് ബഷീര്‍. സാഹിത്യത്തിന് പുതിയ മാനവും അര്‍ഥതലവും നല്‍കി മികച്ച സൃഷ്ടികള്‍ സമ്മാനിച്ച ബഷീറിന് വലിയ അംഗീകാരങ്ങളോ കാര്യമായ പുരസ്‌കാരങ്ങളോ ഒന്നും ലഭിച്ചില്ലെങ്കിലും ആസ്വാദകരുടെ ഇത്രയേറെ അംഗീകാരം നേടിയ മറ്റ് എഴുത്തുകാര്‍ വേറെയില്ല. തന്റെ ജീവിതാനുഭവങ്ങളും ചുറ്റുപാടുകളും ആവാഹിച്ച് ജീവിതത്തിന്റെ രക്തമൂറ്റി ബഷീര്‍ എഴുതിയ ഓരോ വരിയും കാലഗണനകള്‍ക്കതീതമായി മലയാളി മനസുകളില്‍ ജീവിക്കും. ബഷീറിന്റെ ജീവിതവുമായി ബന്ധമുള്ള ബാല്യകാലസഖിയുടെ മൊഴിമാറ്റവും സമകാലിക അവലോകനവും എന്നും പ്രസക്തമാകും.
ബഷീറിന്റെ മനുഷ്യപ്പറ്റും കഥാപാത്രങ്ങളുടെ തനിമയും മലയാള സാഹിത്യനഭസ്സില്‍ എന്നും വെട്ടിത്തിളങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഓരോ വായനക്കാരന്റേയും നോസ്റ്റാള്‍ജിയയെ തൊട്ടുണര്‍ത്തുകയും ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങള്‍ക്ക് നൈസര്‍ഗികമായ രീതിയില്‍ ചാരുതപകരുകയാണ് ബഷീര്‍ ചെയ്തത്. പലപ്പോഴും ഇംഗ്ളീഷ് സാഹിത്യകൃതികള്‍ ബഷീറിനെ സ്വാധീനിച്ചതായി തോന്നാമെങ്കിലും ബഷീറിന്റെ അവതരണത്തിലും ശൈലിയിലും സവിശേഷമായ പുതുമയും തനിമയും കാണാനാകും. ഏകകവും സര്‍വകവും സമന്വയിച്ചുകൊണ്ടുളള സവിശേഷമായ ജീവിത വീക്ഷണമാണ് ബഷീറിയന്‍ സാഹിത്യത്തിന്റെ പ്രത്യേകത. എഴുത്തുകാരന്‍ എന്നതിലുപരി മനുഷ്യപ്പറ്റുള്ള ഒരാള്‍ എന്ന നിലക്ക് ഏവരിലും ഇടം കണ്ടെത്തിയ ബഷീര്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സാഹിത്യഭാഷയെ ജനകീയമാക്കുകയും ചെയ്തു. ഏതു വായനക്കാരനും ബഷീറിലേക്ക് ചെല്ലാം. അതുപോലെ ഏതു വായനക്കാരിലേക്കും ബഷീറും ചെല്ലും. ജനകീയമായ രീതിയില്‍ നമ്മുടെ സങ്കല്‍പങ്ങളേയും പച്ചപ്പുകളേയും ഗൃഹാതുരത്വത്തേയും ഉണര്‍ത്താന്‍ കഴിയുന്ന ബഷീറിയന്‍ ശൈലി സാഹിത്യനഭസ്സില്‍ എന്നും വേറിട്ടുനില്‍ക്കും.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാഹിത്യ ചക്രവാളത്തില്‍ പിടികിട്ടാത്ത ഇതിഹാസമായിരുന്ന ബഷീര്‍ മരണാനന്തരവും തന്റെ കൃതികളുടെ പിമ്പലത്തില്‍ സഹൃദയമനസുകളില്‍ സജീവമായി നിലകൊള്ളുകയാണ്. പുറത്തിറങ്ങി 75 വര്‍ഷങ്ങള്‍ക്ക് ശേഷം ബാല്യകാലസഖിയുടെ അറബി പതിപ്പ് പുറത്തുവരുന്നത് ഇത് ശരിവെക്കുകയാണ്.

മലയാള സാഹിത്യത്തിലെ കുലപതിയായ ബേപ്പൂര്‍ സുല്‍ത്താന്‍ എന്നും വായനക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനാണ്. അറബ് ലോകവും അദ്ദേഹത്തിന്റെ രചനകളെ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ ജീവിതത്തിന്റെ ഓജസ്സുള്ള ഭാഷയിലൂടെ ഏതൊരു ആസ്വാദകനേയും ബഷീര്‍ വിസ്മയിപ്പിക്കും. മനുഷ്യന്റെ ഗന്ധം കൃത്യമായി തിരിച്ചറിഞ്ഞ ബഷീര്‍ മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയും കള്ളികളില്‍ തളച്ചിടാന്‍ കഴിയാത്ത ബഷീര്‍ വിശ്വമാനവികതയാണ് സാഹിത്യകാരന്റെ ഭൂമികയെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കാനാണ് പരിശ്രമിച്ചത്. ബാല്യകാലസഖിയുടെ അറബി പതിപ്പും പുനര്‍വായനയും ഇത് സാക്ഷ്യപ്പെടുത്തും.

 

 

You must be logged in to post a comment Login