ബാഴ്‌സയില്‍ പൊട്ടിത്തെറി; പരിശീലകനെ വിമര്‍ശിച്ച് മെസി

ചാമ്പ്യന്‍സ് ലീഗില്‍ പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ബാഴ്‌സ ടീമില്‍ പൊട്ടിത്തെറി. മത്സരശേഷം ഡ്രസിംഗ് റൂമില്‍ സൂപ്പര്‍താരം മെസിയും വാല്‍വെര്‍ഡും തമ്മില്‍ വാക്കേറ്റുമുണ്ടായതായി റിപ്പോര്‍ട്ട്. വാല്‍വെര്‍ഡിന്റെ തന്ത്രങ്ങളെല്ലാം പാളിയെന്നും ഇതാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചതെന്നും മെസി കുറ്റപ്പെടുത്തി. മെസിയെ പിന്തുണച്ച് സഹതാരം പിക്വെയും രംഗത്തെത്തി. കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ബാഴ്‌സയുടെ താരങ്ങളും പരിശീലകനും രണ്ട് തട്ടിലായെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം മെസിയും പിക്വെയും തമ്മില്‍ വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. മത്സരത്തില്‍ മെസിയുടെ പ്രകടനം മോശമായിരുന്നുവെന്നും അദ്ദേഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നുവെന്നും പിക്വെ ആരോപിച്ചു. ഇരുവരും തമ്മില്‍ ഡ്രസിംഗ് റൂമില്‍ പിടിവലി നടന്നുവെന്നും അതിനെതുടര്‍ന്ന് മെസി്ക്ക് മുറിവേല്‍ക്കുകയുണ്ടായതായും വാര്‍ത്തയില്‍ പറയുന്നു.

എതിരില്ലാത്ത മൂന്നു ഗോളിനാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫെനലിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സയെ ഇറ്റാലിയന്‍ ക്ലബ് റോമ തോല്‍പ്പിച്ചത്. ആദ്യ പാദത്തില്‍ 41ന് അടിയറവു പറഞ്ഞാണ് രണ്ടാം പാദത്തില്‍ റോമന്‍ കരുത്തിന്റെ ഉയിര്‍പ്പ്. ഇതോടെ എവേ ഗോളിന്റെ പിന്‍ ബലത്തില്‍ റോമ സെമിഫൈനലിലേക്ക് കടക്കുകയും ബാഴ്‌സ ലീഗില്‍ നിന്ന് പുറത്താവുകയും ചെയ്തു. 1983-84 സീസണിന് ശേഷം ആദ്യമായാണ് റോമ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലെത്തുന്നത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആറാം മിനിറ്റില്‍ എഡിന്‍ സെക്കോയിലൂടെ റോമ ലീഡ് നേടിയത്. 58ാം മിനിറ്റില്‍ പിക്വെയുടെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത ഡി റോസിക്ക് പിഴച്ചില്ല. പിന്നീട് 82ആം മിനിറ്റില്‍ മത്സരത്തിന്റെ വിധിയെഴുതിയ മൂന്നാം ഗോളുമെത്തി. ഒപ്പം വിജയവും.

ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയൊരു ആദ്യപാദ ലീഡ് ബാഴ്‌സ കളഞ്ഞുകുളിക്കുന്നത്. മൂന്നു ഗോളില്‍ കൂടുതല്‍ ലീഡ് ആദ്യ പാദത്തില്‍ വഴങ്ങിയ ശേഷം രണ്ടാം പാദത്തില്‍ അത് മറികടക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ ടീം മാത്രമാണ് റോമ.

You must be logged in to post a comment Login