ബിഎസ്എന്‍എല്‍ കുതിക്കുന്നു, 29 ലക്ഷം പുതിയ കണക്ഷനുമായി

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ അടിയ്ക്കടി മുന്നേറുമ്പോള്‍ , അടിപതറാതെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ കുതിക്കുകയാണ്. മാര്‍ച്ചില്‍ മാത്രം 29.5 ലക്ഷം പേര്‍ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് കണക്ഷനെടുത്തു. മൊത്തം 22 സര്‍ക്കിളുകളില്‍ പതിനെട്ടും ലക്ഷ്യമാക്കി കൈവരിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍, അസം, ജാര്‍ഖണ്ഡ്, കൊല്‍ക്കത്ത, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, യുപി(വെസ്റ്റ്), യുപി(ഈസ്റ്റ്), ഉത്തരാഞ്ചല്‍, തമിഴ്‌നാട്, കേരള, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ 18 സര്‍ക്കിളുകളിലായാണ് ബിഎസ്എന്‍എല്‍ നേട്ടം കൊയ്തത്.

ദിവസം രണ്ടു ജിബി ഡേറ്റയും ഫ്രീ കോളും നല്‍കുന്ന 339 രൂപ പ്ലാന്‍ തുടങ്ങിയതിനു ശേഷം കൊച്ചി സര്‍ക്കിളില്‍ മാത്രം 61,221 പേര്‍ ബിഎസ്എന്‍എല്‍ സിം വാങ്ങിയെന്നാണ് കണക്ക്. കേരളത്തില്‍ 2,20,045 പേരും പ്രീപെയ്ഡ് കണക്ഷന്‍ എടുത്തു. അതേസമയം, ബിഎസ്എന്‍എല്ലിന്റെ വരുമാനം 201617 സാമ്പത്തിക വര്‍ഷം 508 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ടു കോടി രൂപയുടെ അധിക വരുമാനമാണ് ഈ വര്‍ഷം സ്വന്തമാക്കിയത്.

യുപി(വെസ്റ്റ്), തമിഴ്‌നാട്, ഗുജറാത്ത്) എന്നീ സര്‍ക്കിളുകളാണ് കേരളത്തിന് പുറമെ രണ്ട് ലക്ഷത്തിലധികം പൂതിയ യൂസര്‍മാരെ സ്വന്തമാക്കിയത്. ഒരു ലക്ഷത്തിലധികം പുതിയ മൊബൈല്‍ വരിക്കാരെ സ്വന്തമാക്കാന്‍ സാധിച്ചത് ഒമ്പത് സര്‍ക്കിളുകളില്‍. ജിയോയ്ക്ക് മറുപടിയെന്നോണം അവതരിപ്പിച്ച 339 രൂപയുടെ അണ്‍ലിമിറ്റഡ് കോമ്പോ എസ്ടിവി പ്ലാന്‍ ആണ് കൂടുതല്‍ യൂസര്‍മാരെ സ്വന്തമാക്കാന്‍ ബിഎസ്എന്‍എല്ലിന് സഹായകരമായത്.

You must be logged in to post a comment Login