ബിഗ് ബില്ല്യണ്‍ ഡേ ഓഫര്‍; റെക്കോഡ് വില്‍പന നേടി ഫ്‌ളിപ്പ് കാര്‍ട്ട്

flipkart

മുംബൈ: ദീപാവലിയോട് അനുബന്ധിച്ച് വമ്പന്‍ ഓഫറുകളാണ് ഒട്ടുമിക്ക ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും ഓഫര്‍ ചെയ്തത്. എന്നാല്‍ സ്‌നാപ്ഡീലിനേയും ആമസോണിനേയും ഞെട്ടിച്ചു കൊണ്ട് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഫ്‌ളിപ്പ് കാര്‍ട്ട്. ദീപാവലിക്ക് മുന്നോടിയായി കമ്പനി പ്രഖ്യാപിച്ച ബിഗ് ബില്ല്യണ്‍ ഡേ ഓഫറില്‍ ഒരു ദിവസം മാത്രം കമ്പനി നേടിയത് 1400 കോടി രൂപയുടെ വില്‍പ്പന. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്.

2015 ല്‍ ഇതേ ഓഫര്‍ അനുസരിച്ച് 5 ദിവസം കൊണ്ട് ഫ്‌ളിപ്പ് കാര്‍ട്ട് നേടിയത് 2000 കോടി രൂപയുടെ വില്‍പ്പനയാണ്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സ്മാര്‍ട്ട് ഫോണ്‍ വിഭാഗമാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്. ആക്‌സസറീസ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഹോം അപ്ലയന്‍സസ് തുടങ്ങി എല്ലാത്തരം ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഉത്സവസീസണില്‍ രാജ്യത്ത് ഞെട്ടിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം നടക്കുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.

ആമസോണ്‍ ആണ് ഫ്‌ളിപ്പ് കാര്‍ട്ടിന് പിന്നിലായി മികച്ച നേട്ടം കൈവരിച്ചിരിക്കുന്ന കമ്പനി. 40 മില്യണ്‍ ഉല്‍പന്നങ്ങളാണ് ഇത്തവണ ഫ്‌ളിപ്പ് കാര്‍ട്ട് ദീപാവലി ആഘോഷങ്ങള്‍ക്കായി കസ്റ്റമേഴ്‌സിന് നല്‍കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഇത്രയധികം വില്‍പ്പന നേടിയ കമ്പനി വരും ദിനങ്ങളില്‍ മികച്ച നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തുന്നത്. കടയില്‍ പോയി മിനക്കിടാതെ ഷോപ്പിങ് നടത്താനുള്ള പ്രവണത വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ക്കാണ് മികച്ച ലാഭം നേടിയെടുക്കാന്‍ അവസരം ഉണ്ടായിരിക്കുന്നത്.

You must be logged in to post a comment Login