ബിജു രാധാകൃഷ്ണനുമായി പൊലീസ് വക്കീല്‍ ഓഫീസില്‍ ;ചിത്രമെടുത്ത മാധ്യമപ്രവര്‍ത്തകന് പോലീസ് മര്‍ദ്ദനം

പത്തനംതിട്ട: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി പോലീസുകാര്‍ വക്കീല്‍ ഓഫീസിലെത്തി. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചു. വീക്ഷണം ദിനപത്രം ജില്ലാ ലേഖകന്‍ ജിജു വൈക്കത്തുശേരിക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ക്രോസ് റോഡിലുള്ള അഭിഭാഷകന്റെ ഓഫീസിന് സമീപത്തായിരുന്നു സംഭവം. സോളാര്‍ കേസിന്റെ അവധിക്ക് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നതിന് കൊട്ടാരക്കര സബ്ജയിലില്‍ നിന്നുമാണ് ബിജുവിനെ പോലീസുകാര്‍ കൊണ്ടുവന്നത്. എന്നാല്‍, കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിജുവുമായി ഇവര്‍ അഭിഭാഷകന്റെ ഓഫീസിലേക്ക് പോയി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയുടെ അനുവാദമില്ലാതെ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകരുതെന്നാണ് നിയമം. ഇതുലംഘിച്ച് ബിജുവിനെ വക്കീല്‍ ഓഫീസിലെത്തിച്ചതിന്റെ ചിത്രമെടുക്കാനാണ് ജിജു ശ്രമിച്ചത്. തന്റെ ഓഫീസില്‍ വന്നയാളുടെ പടമെടുക്കരുതെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജിജു റോഡില്‍ കാത്തുനിന്ന് ചിത്രമെടുക്കുകയായിരുന്നു. ഇതുകണ്ട് പോലീസുകാര്‍ ചാടിയെത്തി ജിജുവിനെ മര്‍ദ്ദിച്ചു. ബിജുവിനൊപ്പംവന്ന എ.എസ്.ഐയും രണ്ടു പോലിസുകാരും ചേര്‍ന്നാണ് അസഭ്യവര്‍ഷത്തോടെ ജിജുവിനെ മര്‍ദിച്ചത്. ആളുകള്‍ കൂടിയപ്പോഴേക്കും ബിജുവിനേയും കൊണ്ട് പോലീസുകാര്‍ ഓട്ടോറിക്ഷയില്‍ രക്ഷപെട്ടു. അയാള്‍ മാധ്യമപ്രവര്‍ത്തകനാണെന്നും മര്‍ദിക്കരുതെന്നും പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് ചെവിക്കൊള്ളാതെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.

You must be logged in to post a comment Login