ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി പട്ടീദാര്‍ പ്രക്ഷോഭ നേതാവിന്റെ ആരോപണം; 10 ലക്ഷം രൂപ ലഭിച്ചെന്നും നരേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭ നേതാവിന്റെ വെളിപ്പെടുത്തല്‍. പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ (പിഎഎഎസ്) കണ്‍വീനറായ നരേന്ദ്ര പട്ടേലാണ് ആരോപണവുമായി രംഗത്തെത്തിയത്. നരേന്ദ്ര പട്ടേല്‍ ഞായറാഴ്ച വൈകുന്നേരം ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, ഇന്നലെ രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ തനിക്കു കിട്ടിയ നോട്ടുകെട്ടുകളും മാധ്യമപ്രവര്‍ത്തകരെ നരേന്ദ്ര പട്ടേല്‍ കാണിച്ചു.

bjp cash patidar patel quota

ഹാര്‍ദിക് പട്ടേലിന്റെ അനുയായിയായിരുന്ന വരുണ്‍ പട്ടേലും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപിയില്‍ ചേരാന്‍ വരുണ്‍ പട്ടേല്‍ വഴി ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും 10 ലക്ഷം രൂപ അഡ്വാന്‍സ് ആയി ലഭിച്ചെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപ നാളെ തരാമെന്ന് ഏറ്റിട്ടുണ്ടെന്നും എന്നാല്‍ റിസര്‍വ് ബാങ്ക് മുഴുവനായി നല്‍കിയാലും തന്നെ വിലയ്ക്ക് എടുക്കാനാകില്ലെന്നും നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കി. ബിജെപിയുടെയും വരുണ്‍ പട്ടേലിന്റെയും നിലപാട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്താനാണ് താന്‍ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേര്‍ത്തു.

പട്ടേല്‍ പ്രക്ഷോഭം കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണും പിഎഎഎസ് നേതാവായ രേഷ്മ പട്ടേലും ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം, ആരോപണം വരുണ്‍ പട്ടേല്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസിന്റെ പദ്ധതി തിരിച്ചറിഞ്ഞ പട്ടീദാര്‍ സമൂഹം ബിജെപിയോടു ചേരുന്നതിന്റെ ഭീതിയില്‍ അവരുടെ പ്രേരണയാല്‍ നടത്തുന്ന ആരോപണങ്ങളാണിതെന്നും വരുണ്‍ പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

You must be logged in to post a comment Login