
മുംബൈ: ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരെയും കണ്ടെത്തി കൊണ്ടുവരേണ്ടെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഇതേ നിലപാടാണ് ഉള്ളതെന്നും ശരത് പവാര്‍ വ്യക്തമാക്കി.
തെരെഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരഭ്രഷ്ടരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രധാനമന്ത്രി ആരാവണമെന്നത് ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് തീരുമാനിക്കണം. ഏത് പാര്‍ട്ടിയാണോ കൂടുതല്‍ സീറ്റുകള്‍ നേടുന്നത് ആ കക്ഷിക്ക് പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കാം. പ്രധനമന്ത്രിപദം ലക്ഷ്യംവെച്ചല്ല താന്‍ മുന്നോട്ടുപോകുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു. എന്‍സിപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ തലത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് പകരം സംസ്ഥാന തലത്തിലുള്ള സഖ്യമാണ് എന്‍സിപി ലക്ഷ്യം വെക്കുന്നതെന്നും പവാര്‍ പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാര്‍ട്ടികളുമായി എന്‍സിപി സഖ്യമുണ്ടാക്കുമെന്നും ബിജെപി ഇതര കക്ഷികളെയെല്ലാം ഒരുമിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ശരത് പവാര്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നാണ് ബിജെപി ചോദിക്കുന്നത്. അക്കാര്യത്തില്‍ അവര്‍ ആകുലപ്പെടേണ്ടതില്ല. തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചോദ്യത്തിന് ഉത്തരം നല്‍കുമെന്നും പവാര്‍ പറഞ്ഞു. 1977ല്‍ ഇന്ദിരാഗാന്ധിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടിയല്ല തെരെഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് എല്ലാ കക്ഷികളും ഒരുമിക്കുകയും മൊറാള്‍ജി ദേശായി പ്രധാനമന്ത്രിയാകുകയും ചെയ്തു ശരത് പവാര്‍ ചൂണ്ടിക്കാട്ടി.
You must be logged in to post a comment Login