ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ഉന്നോ: ബിജെപി എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നോവിലാണ് സംഭവം.

ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് യുവതിയും കുടുംബവും ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്‌നൗവിലെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിതാവിനെ ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ഇയാള്‍ മരിക്കുകയായിരുന്നു. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെന്ന് ഉന്നോ ജില്ലാ ആശുപത്രിയിലെ ഡോ.അതുല്‍ പറഞ്ഞു.

യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തന്നെയാണ് യുവതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുല്‍ദീപ് ബലാത്സംഗം ചെയ്തതായി യുവതിയും ബന്ധുക്കളും ആരോപിച്ചിട്ടും പൊലീസ് നടപടിയൊന്നും എടുത്തില്ല.

പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തനിക്കും കുടുംബത്തിനും എംഎല്‍എയുടെയും അനുയായികളുടെയും ഭീഷണിയുള്ളതായി യുവതി പറഞ്ഞു.

പരാതി പിന്‍വലിക്കാത്തതിന്റെ പേരില്‍ ഏപ്രില്‍ 3ന് യുവതിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പരാതിയില്‍ നടപടിയെടുക്കുന്നതിന് പകരം പിതാവിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ അടച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയും കുടുംബവും ആരോപിക്കുന്നു.

You must be logged in to post a comment Login