ബിജെപി കോര്‍കമ്മിറ്റിയില്‍ കുമ്മനത്തിന് രൂക്ഷ വിമർശനം; തനിക്കെതിരെ ഉന്നത തല ഗൂഢാലോചന നടന്നുവെന്ന് എം.ടി.രമേശ്

തിരുവനന്തപുരം: മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കിടെ ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മറ്റു നേതാക്കളെ അറിയിക്കാതെ കോഴ ആരോപണം അന്വേഷിക്കാന്‍ സമിതിയെ വച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കോര്‍ കമ്മിറ്റിയില്‍ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ അതീവരഹസ്യമായതിനാലാണ് സംഭവം പറയാതിരുന്നതെന്ന് കുമ്മനം യോഗത്തെ അറിയിച്ചു. കുമ്മനം നിയോഗിച്ച അന്വേഷണസമിതി അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ.നസീറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടാവുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്ന മറ്റൊരു കാര്യം.

തനിക്കെതിരെ ഉന്നത തല ഗൂഢാലോചന നടന്നുവെന്ന് ആരോപണ വിധേയനായ എം.ടി രമേശ് പറഞ്ഞു. തന്നെ തേജോവധം ചെയ്യാനായി നടന്ന ശ്രമത്തിൽ പക്ഷെ പാർട്ടി ഒന്നാകെ നാണം കെടുകയായിരുന്നുവെന്നും രമേശ് വികാരാധീനനായി പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്‍റെ ആവശ്യത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. കോഴ വിഷയത്തിലും റിപ്പോർട്ട് ചോർന്നതിലും കർശന നടപടിയുണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് അറിയിച്ചു.

അതിനിടെ, മെഡിക്കൽ കോഴ വിവാദത്തിൽ എത്ര ഉന്നതനായാലും തല ഉരുളുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നൽകി. ബി.എൽ. സന്തോഷാണ് കേന്ദ്രത്തിന്റെ നിർദേശം യോഗത്തിൽ അറിയിച്ചത്. റിപ്പോർട്ട് ചോർന്നതിനു പിന്നിൽ നസീർ മാത്രമല്ലെന്ന നിഗമനത്തിലാണ് കേന്ദ്രനേതൃത്വം.

വിവാദത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. വിവാദം പാർട്ടിയിൽനിന്നുണ്ടായതു ഗൗരവമാണെന്നും കേരളത്തിലെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തലുണ്ടായി. കുമ്മനവുമായി ഫോണിൽ സംസാരിക്കവെയാണ് അമിത് ഷാ അതൃപ്തി അറിയിച്ചത്. വിഷയത്തിൽ ആർഎസ്എസ് കേന്ദ്രനേതൃത്വവും കടുത്ത നിലപാടിലാണ്.

മെഡിക്കൽ കോളജ് കോഴ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കും. ഇന്നു ചേരുന്ന പാർട്ടി നേതൃയോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. റിപ്പോർട്ട് ചോർന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എ.കെ. നസീർ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. അന്വേഷണ കമ്മിഷൻ അംഗമായിരുന്ന എ.കെ. നസീറിന്റെ ആലുവയിലെ ഹോട്ടലിൽനിന്നാണു വി. മുരളീധരൻ പക്ഷ നേതാക്കൾക്കു റിപ്പോർട്ടു ചോർന്നുകിട്ടിയതെന്നാണു പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിക്കുന്നത്. മാധ്യമങ്ങൾക്കു റിപ്പോർട്ടു നൽകിയതു വി.വി. രാജേഷാണെന്നും പറയുന്നു. നസീറിന്റെ ഇമെയിൽ വഴിയാണു റിപ്പോർട്ടിന്റെ പകർപ്പു പുറത്തുപോയതെന്നാണു പാർട്ടി നേതൃത്വത്തിന്റെ നിഗമനം.

വളരെ ഗുരുതരമായ അഴിമതി ആരോപണം. പരാതി സത്യം. 5.6 കോടി രൂപ വിനോദ് കൈപ്പറ്റിയിട്ടുണ്ട്. മെഡിക്കൽ കോളജ് അനുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കു പിന്നിൽ ബിജെപിയുമായി ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നു എന്നതു പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ട കാര്യം. സതീഷ് നായർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ദുരുപയോഗിക്കുന്നു. കണ്ണദാസും രാകേഷും ഇടപെട്ടതു സാമ്പത്തിക ലക്ഷ്യത്തോടുകൂടിയല്ലെന്ന വാദം വിശ്വസനീയമല്ല.

കമ്മിഷനെക്കുറിച്ചുള്ള വിവരങ്ങൾ പാർട്ടി ഓഫിസിൽനിന്ന് എങ്ങനെ ചോർന്നു എന്നതു ഗൗരവപൂർവം ശ്രദ്ധിക്കേണ്ട കാര്യമാണ്. പരാതിയുടെ പകർപ്പുവരെ പ്രതിസ്ഥാനത്തുള്ള വിനോദിനു കിട്ടിയിട്ടുണ്ട്. പരാതി സത്യമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ഉചിതമായ നടപടി പാർട്ടി സംസ്ഥാന അധ്യക്ഷൻതന്നെ എടുക്കുന്നതാണ് അഭികാമ്യം.

You must be logged in to post a comment Login