ബിജെപി ദേശീയ നിര്‍വ്വാഹക യോഗം ഇന്ന്; രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നടത്തിയേക്കും

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വ്വാഹക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കല്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കല്‍ തുടങ്ങി വിവധ വിഷയങ്ങള്‍ ചര്‍ച്ചയാകും. രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് പ്രധാനമന്ത്രി വിശദീകരണം നടത്തിയേക്കും.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സമയത്താണ് ബിജെപിയുടെ നിര്‍ണായക ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത്. രാവിലെ 10 മണിക്കാണ് യോഗം തുടങ്ങുക. നിര്‍വ്വഹാക സമിതി അംഗങ്ങള്‍ക്ക് പുറമെ പാര്‍ട്ടി എംപിമാരും എംഎല്‍എമാരും അടക്കം 1500റോളം പേര്‍ പങ്കെടുക്കും. അജണ്ടകള്‍ നിര്‍ണയിക്കാനായി ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

സമാപന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വിശദീകരണമുണ്ടായേക്കും. ഇത് സംബന്ധിച്ച പ്രമേയവും പാസാക്കും. നിര്‍വാഹക സമിതിയുടെ ഭാഗമായി നടക്കുന്ന നേതൃയോഗങ്ങളില്‍ കേരളത്തിലെ എന്‍ഡിഎയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകും.

You must be logged in to post a comment Login