ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ തുടങ്ങി; രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഇന്നറിയാം

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ തുടങ്ങി. രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളുമായി അഭിപ്രായ ഐക്യത്തിനുള്ള സാധ്യത ആരായുന്നതിനായി മൂന്ന് അംഗങ്ങള്‍ അടങ്ങുന്ന ഒരു പാനല്‍ രൂപീകരിച്ചിരുന്നു. പ്രതിപക്ഷ നേതാക്കളുമായി പാനല്‍ അംഗങ്ങളായ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി, എം വെങ്കയ്യ നായിഡു എന്നിവര്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് വിലയിരുത്തല്‍ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബിജെപിയുടെ എല്ലാം എംഎല്‍എമാരോടും എംപിമാരോടും മന്ത്രിമാരോടും രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രികയില്‍ ഒപ്പിടാനായി പാര്‍ട്ടി നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

വെങ്കയ്യ നായിഡുവും രാജ്‌നാഥ് സിങ്ങും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂ എന്നാണ് കോണ്‍ഗ്രസും മറ്റു കക്ഷികളും അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ താക്കറെയും ഈ നിലപാടാണ് സ്വീകരിച്ചത്.

പാര്‍ട്ടിയുമായി അടുത്ത രാഷ്ട്രീയ ബന്ധമുള്ള ആളെ മാത്രമേ ബിജെപി സ്ഥാനാര്‍ഥിയായി നിശ്ചയിക്കൂ എന്നാണ് സൂചന. അങ്ങനെയാണെങ്കില്‍, ശിവസേന നിര്‍ദ്ദേശിച്ച എം.എസ് സ്വാമിനാഥന്റെയും, മുന്‍പ് ഉയര്‍ന്നുകേട്ടെ മെട്രോമാന്‍ ഇ. ശ്രീധരന്റെയും പേരുകള്‍ പരിഗണിക്കപ്പെട്ടേക്കില്ല. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സ്പീക്കര്‍ സുമിത്ര മഹാജന്‍, യുപി ഗവര്‍ണര്‍ രാം നായിക് എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്.

മഹാത്മാഗാന്ധിയുടെ കൊച്ചുമകനും മുന്‍ നയതന്ത്ര ഉദ്യാഗസ്ഥനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയായിരിക്കും പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇടതുപക്ഷ കക്ഷികളും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്നതിന് പിന്തുണ അറിയിച്ചതായാണ് സൂചന.

You must be logged in to post a comment Login