ബിജെപി- ബിഡിജെഎസ് വിള്ളല്‍; വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

bjp-bdjs

കൊച്ചി: ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെടാനുള്ള തീരുമാനം ഗുണം ചെയ്തില്ലെന്ന് ബിഡിജെഎസ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ അടക്കം ബിജെപി തന്ന വാഗ്ദാനങ്ങള്‍ ജലരേഖയായി. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്ന് ചിന്തിക്കണം. എല്ലാകാലവും കബളിപ്പിച്ച് മുന്നോട്ടുപോകാനാകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

സഖ്യതീരുമാനം പാര്‍ട്ടിയ്ക്ക് ഗുണകരമായില്ലെന്ന് ഇന്നുചേര്‍ന്ന ബിഡിജെഎസ് യോഗത്തില്‍ ഭൂരിപക്ഷം പേരും വിലയിരുത്തി. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാംഗത്വം. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കേന്ദ്ര ബോര്‍ഡുകളില്‍ ചെയര്‍മാന്‍ അടക്കമുള്ള സ്ഥാനങ്ങള്‍ പാര്‍ട്ടിയ്ക്ക് നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു ബിജെപി ബിഡിജെഎസിന് നല്‍കിയിരുന്നത്.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രകാലമായിട്ടും മുന്‍വാഗ്ദാനം പാലിക്കാനുള്ള യാതൊരു നടപടികളും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ബിഡിജെഎസ് നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login