ബിജെപി ഭൂരിപക്ഷം 10 ശതമാനത്തില്‍ താഴെ മാത്രമെന്ന് ക്രെഡിറ്റ് സൂയ്‌സ്സെ കണക്കുകള്‍; 10 ശതമാനത്തിന് തൊട്ടുമുകളില്‍ ഭൂരിപക്ഷമുള്ളത് ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും

 

ന്യൂഡല്‍ഹി: പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്‌സ്സെ ശേഖരിച്ച കണക്കുകള്‍ പ്രകാരം 2014ല്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളില്‍ 73 എണ്ണത്തിലും 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഭൂരിപക്ഷം. 10 ശതമാനത്തിന് തൊട്ടുമുകളില്‍ ഭൂരിപക്ഷമുള്ള ബാക്കി 44 ല്‍ 34 സീറ്റുകള്‍ ഉത്തര്‍പ്രദേശിലും 10 സീറ്റുകള്‍ കര്‍ണാടകയിയിലും ഝാര്‍ഖണ്ഡിലുമാണ്. ബിജെപി കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളിലെ ഫലമാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകാന്‍ പോകുന്നത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലായിട്ടാണ് നേരിയ ഭൂരിപക്ഷത്തിന് ജയിച്ച ഈ മണ്ഡലങ്ങളുള്ളത്. എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും പ്രതിപക്ഷത്തെ പുതിയ സഖ്യങ്ങളും ബിജെപിക്ക് കനത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.

അതേ സമയം 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 161 ലും 20 ശതമാനത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി സ്ഥാനാര്‍ഥികളുമാണ്. പുതുതായി രജിസ്റ്റര്‍ ചെയ്ത 13 കോടി വോട്ടര്‍മാര്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണായ ഘടകമാകുമെന്നും ക്രെഡിറ്റ് സൂയ്‌സ്സെ പറയുന്നു.

എന്നാല്‍ ഇവിടങ്ങളിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തവണ സഖ്യത്തില്‍ മത്സരിക്കുന്നു എന്നതാണ് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. 2014ല്‍ ഒറ്റയ്‌ക്കൊറ്റക്ക് മത്സരിച്ച സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും യുപിയിലും കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കുന്നു. ജാര്‍ഖണ്ഡില്‍ പ്രദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

You must be logged in to post a comment Login