ബിജെപി വനിതാ എംഎല്‍എയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം; ചിത്രങ്ങള്‍ തന്റേതെന്ന് ഫിറ്റ്‌നസ് ട്രെയിനര്‍

ANKUR

ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് വാര്‍ത്ത. നടിയായ അങ്കൂര്‍ ലതയുടെ മുന്‍ ചിത്രങ്ങള്‍ എന്ന വ്യാജേനയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ അങ്കൂര്‍ ലതയുടേതല്ലെന്നും തന്റേതാണെന്നും ചൂണ്ടിക്കാണിച്ച് ഫിറ്റ്‌നസ് ട്രെയിനറായ സപ്‌ന വ്യാസ് പട്ടേല്‍ രംഗത്തെത്തി.

ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചത് തന്റെ ചിത്രങ്ങളാണെന്ന് സപ്‌ന പറയുന്നു. സത്യമറിയാതെ ചിലര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആ ചിത്രങ്ങളാണ് വൈറലായത്. ഇതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും സപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാംഗോപാല്‍ വര്‍മ അങ്കൂര്‍ ലതയെ കുറിച്ച് ട്വിറ്ററില്‍ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് സോഷ്യല്‍മീഡിയയില്‍ അങ്കൂര്‍ ലതയെ കുറിച്ച് പ്രചരിച്ചത്. ഇപ്പോഴാണ് ഇവിടെ അച്ഛാദിന്‍ വന്നതെന്നായിരുന്നു രാം ഗോപാലിന്റെ ട്വീറ്റ്. നന്ദി അങ്കൂര്‍ലത ജി, നന്ദി മോദി ജി, ഇപ്പോള്‍ ആദ്യമായി ഞാന്‍ രാഷ്ട്രീയം ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.

ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ അസാമിലെ ബട്ടദ്രോബ മണ്ഡലത്തില്‍ നിന്നാണ് അങ്കുര്‍ലത നിയമസഭയിലെത്തിയത്. 6000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു അങ്കൂര്‍ ലതയുടെ വിജയം

You must be logged in to post a comment Login