ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നാടന്‍ ബോംബ് ആക്രമണം

bjp

തിരുവനന്തപുരം: കുന്നുകുഴിയില്‍ അര്‍ദ്ധരാത്രി ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഓഫീസില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. നാടന്‍ ബോംബ് ആക്രമണമാണെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ഏറുപടക്കമാണെന്നാണ് പൊലീസിനു കിട്ടിയ ആദ്യ സൂചന.

രാത്രി 12 മണിയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മ്യൂസിയം എസ്‌ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറ പൊലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമായില്ല. വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടി. സ്ഥലത്തു വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു.

You must be logged in to post a comment Login