ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ ഡൽഹിക്ക് വിളിപ്പിച്ച് അമിത്ഷാ

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ ഡൽഹിക്ക് വിളിപ്പിച്ച് അമിത്ഷാ. ഈ മാസം 11നും 15നുമിടയിൽ കൂടിക്കാഴ്ച നടക്കും. ബിഡിജെഎസിന് ലഭിക്കേണ്ട സ്ഥാനങ്ങൾ സംബന്ധിച്ച് ചർച്ച നടത്താനാണ് കൂടിക്കാഴ്ച.

ഡൽഹിയിൽ ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തുഷാർ വെള്ളാപ്പള്ളിയെ അമിത്ഷാ ഡൽഹിക്ക് വിളിപ്പിച്ചത്. ഈ മാസം 11നും 15നുമിടയിൽ ഏതെങ്കിലും ദിവസം കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഒരു രാജ്യസഭാ എംപി, ഒരു ബോർഡ്/കോർപ്പറേഷൻ ചെയർമാൻ പദവി, 8 ബോർഡ് മെമ്പർ സ്ഥാനങ്ങൾ എന്നിവയാണ് ബിഡിജെഎസിന്റെ ആവശ്യം. ഇതിൽ തുഷാറിനെ രാജ്യസഭാ എംപി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മറ്റ് സംസ്ഥാനത്ത് ഒഴിവ് വരുന്ന സീറ്റിൽ മത്സരിപ്പിക്കാനാണ് സാധ്യത. എന്നാൽ ബോർഡ് കോർപ്പറേഷൻ ചെയർമാൻ, ബോർഡ് അംഗങ്ങൾ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തും.

അതേസമയം അർഹതപ്പെട്ടത് ലഭിച്ചില്ലെങ്കിൽ മൂന്ന് മാസത്തിനകം കടുത്ത തീരുമാനമെടുക്കുമെന്ന് ബിഡിജെഎസ് നേതാക്കൾ വ്യക്തമാക്കുന്നു. മുന്നണിയിൽ വേണ്ടത്ര പരിഗണന കിട്ടാതെ തുടരുന്നത് അണികളെ ബോധ്യപ്പെടുത്താനാകാത്തതും ബിഡിജെഎസിനെ വലയ്ക്കുന്നുണ്ട്.

You must be logged in to post a comment Login