ബിനാലെ കലയും കാലവും

 

ജോസഫ് റോയ്

2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെ 108 ദിവസങ്ങളിലായാണ് ബിനാലെ പ്രദര്‍ശനം നടക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി 10 വേദികളാണ്.. പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാര്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നു.

മഹാപ്രളയത്തിന്റെ പാടുകള്‍ മായാത്ത കേരളത്തിനു വര്‍ണപ്രഭയുടെ നേര്‍ത്ത നൂലുകള്‍ കൊണ്ടു സാന്ത്വനം. അറബിക്കടലിന്റെ തീരത്ത്് ലോകം ചായം തേക്കുവാന്‍ തുടങ്ങി. സമകാലിക കലയിലെ നിറങ്ങളും കാഴ്ചകളും സമന്വയിപ്പിക്കുന്ന ബിനാലെ നാലാം പതിപ്പിനു തുടക്കമായി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചിമുസിരിസ് ബിനാലെ പതിവ് പോലെ ഡിസംബര്‍ 12 എന്ന തീയതി തെറ്റിക്കാതെ ഇത്തവണയും ആരംഭിച്ചു.
2019 മാര്‍ച്ച് 29 വരെ 108 ദിവസങ്ങളിലായാണ് ബിനാലെ പ്രദര്‍ശനം നടക്കുന്നത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി 10 വേദികളാണ് ഉണ്ടാകുന്നത്. പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാര്‍ പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നു.
പ്രധാനവേദിയായ ആസ്പിന്‍വാളിലും പെപ്പര്‍ഹൗസിലുമായി ഇനി 108 പകലിരവുകള്‍. കലാപ്രദര്‍ശനം, ചര്‍ച്ചകള്‍, സംഗീതം, നൃത്തം, സിനിമ തുടങ്ങി എല്ലാ മേഖലകളിലെയും അവതരണം മാര്‍ച്ച് 29 വരെ നടക്കുന്ന കൊച്ചി ബിനാലെയില്‍ ഉണ്ടാകും. ആഗോള സമകാലീന കലാചരിത്രത്തെ മാറ്റിയെഴുതുന്നതാകും ബിനാലെ നാലാം ലക്കത്തിലെ പ്രദര്‍ശനങ്ങള്‍.
തങ്ങളുടെ കലാസൃഷ്ടികൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച കലാകാരന്മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
‘അന്യതയില്‍ നിന്നും അന്യോന്യതയിലേക്ക്’ എന്നുള്ളതാണ് കൊച്ചി ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം.
ഈ പ്രമേയം അന്വര്‍ത്ഥമാക്കുന്നതു പോലെ തന്നെ പൊതുജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കിയുള്ളതാകും ബിനാലെയുടെ സ്വഭാവം. വലിപ്പച്ചെറുപ്പമില്ലാതെ ആര്‍ക്കും തങ്ങളുടെ അഭിപ്രായം സ്വതന്ത്രമായും എത്രസമയം വേണമെങ്കിലും പറയാന്‍ അവസരമൊരുക്കുന്ന പവലിയന്‍ ബിനാലെയുടെ ജനകീയത വര്‍ധിപ്പിക്കും. ഭാഷയോ, സമയമോ ഈ ആശയവിനിമയത്തിന് ബാധകമായിരിക്കില്ലെന്നു ബിനാലെ വ്യക്തമാക്കുന്നു.
പരസ്പരം ശ്രവിക്കുന്നതിന് ഇന്റര്‍നെറ്റിന്റെ സ്വാതന്ത്ര്യം ഉപയോഗിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അവര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനകീയ ബിനാലെയെന്ന് ഇതിനകം തന്നെ പേരുകേട്ട കൊച്ചിമുസിരിസ് ബിനാലെയില്‍ ഏറെ നിര്‍ണായകമാകാന്‍ പോകുന്ന ഇടവും ഈ ആശയവിനിമയ കേന്ദ്രമായിരിക്കുംെ. പകുതിയിലധികം വനിത ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെ ആയിരിക്കുമിത്.
മെക്സിക്കന്‍ ആര്‍ട്ടിസ്റ്റായ താനിയ കാന്‍ഡിയാനിയുടെ കലാപ്രകടനവും(ആസ്പിന്‍വാള്‍ ഹൗസ്) നെതര്‍ലാന്റില്‍ താമസിക്കുന്ന ലെബനീസ് ആര്‍ട്ടിസ്റ്റ് റാന ഹമാദെയുടെ പ്രഭാഷണത്തോടെയാണ് (എംഎപി പ്രൊജക്ട് സ്പേസ്) ആശയസംവാദത്തിനു തുടക്കമായത്. അതിനുശേഷം സമുദ്രതീരത്തെ ബ്രണ്ടന്‍ ബോട്ട് യാര്‍ഡില്‍ ആര്‍ട്ട് ഇന്‍ ഡിഫിക്കല്‍റ്റ് ടൈം എന്ന പ്രമേയത്തില്‍ കലാകാരന്മാരും മാധ്യമപ്രവര്‍ത്തകരുടേയും സംവാദം.
ഇത്തവണ ആദ്യമായണ് ഒരുവനിതാ ക്യൂറേറ്ററിനു ബിനാലെയ്ക്കു ലഭിക്കുന്നത.് നാലാം ലക്കത്തിന്റെ ക്യൂറേറ്ററായ അനിത ദുബെ ബറോഡ സായാജിറാവു സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. അനിത ദുബെ കഴിഞ്ഞ ഒരുവര്‍ഷമായി ബിനാലെയുടെ അണിയറിയില്‍ സജീവമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ബിനാലെ പ്രദര്‍ശനങ്ങള്‍ക്കുള്ള കലാസൃഷ്ടികള്‍ തേടി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ തലങ്ങളിലുള്ള ഗവേഷണത്തിനും ആശയവിനിമയത്തിനും ശേഷമാണ് കലാസൃഷ്ടികള്‍ അനിത തെരഞ്ഞടുത്തത്. ഇക്കുറി കിഴക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവടങ്ങളില്‍ നിന്നാണ് കലാകാരന്മാരുടെ പ്രാതിനിധ്യം. യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം മന:പൂര്‍വം കുറച്ചിട്ടുണ്ട്.
ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലാണ് ബിനാലെയുടെ പത്ത് വേദികള്‍. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കൂടാതെ, എറണാകുളം ഡര്‍ബാര്‍ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എംഎപി പ്രൊജക്ട്സ് സ്പേസ്, ടി കെ എം വെയര്‍ഹൗസ് എന്നിവയാണ് മറ്റു വേദികള്‍.
പരിശീലനം നല്‍കിയ ആര്‍ട്ട് മീഡിയേറ്റര്‍മാരായിരിക്കും ബിനാലെയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി ഗൈഡ് ടൂറുകള്‍ നല്‍കുകയാണ് ഇവരുടെ ദൗത്യം. പുറമെ നിന്നുള്ള ക്യൂറേറ്റര്‍മാരുടെ ഇന്‍ഫ്രാ ആര്‍ട്ട് പ്രൊജക്ടുകള്‍ നാലാം ലക്കത്തിന്റെ പ്രത്യേകയാണ്.
ബിനാലെ നാലാം ലക്കത്തിന് സമാന്തരമായി സ്റ്റുഡന്റ്സ് ബിനാലെയും നടക്കുന്നുണ്ട് 200 ഓളം വിദ്യാര്‍ത്ഥികളുടെ സൃഷ്ടിയാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇക്കുറി ഇന്ത്യയെ കൂടാതെ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നും സ്റ്റുഡന്റ്സ് ബിനാലെയ്ക്ക് വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉണ്ടാകും. ഇതു കൂടാതെ ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടി, ആര്‍ട്ടിസ്റ്റ്സ് സിനിമ, മ്യൂസിക് ഓഫ് മുസിരിസ് സംഗീത പരമ്പര, പാരമ്പര്യ കലകള്‍, സമകാലീന സംഗീതം എന്നിവയുടെ പ്രദര്‍ശനവും ബിനാലെയെ സജീവമാക്കും.
സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ സമകാലീന കലാധ്യാനത്തെ പ്രോത്സാഹിപ്പിക്കുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രനും ബിനാലെ ഫൗണ്ടേഷന്റെ പ്രധാന പരിപാടിയാണ്. സ്‌കൂളുകളില്‍ ആര്‍ട്ട് റൂമുകള്‍ സ്ഥാപിക്കുന്ന പദ്ധതി ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന റെസിഡന്‍സി പരിപാടിയുടെ ഭാഗമായി പശ്ചിമ കൊച്ചിയുടെ വിവിധ ചുവരുകള്‍ കലാസൃഷ്ടികള്‍ കൊണ്ട് സമ്പുഷ്ടമായി കൊണ്ടിരിക്കുകയാണ്..
ക്രിസ്മസ് ദിനങ്ങള്‍ ഫോര്‍ട്ട്കൊച്ചിയില്‍ ഒന്നുവേറെ തന്നെയാണ് .ഇന്ത്യയില്‍ മറ്റൊരിടത്തും ഈ ഒരു ഫീല്‍ ലഭിക്കില്ല. ബിനാലെ കൂടി എത്തുന്നതോടെ ഇത്തവണ ക്രിസ്മസിനു വര്‍ണപ്രഭയേറും.

You must be logged in to post a comment Login