ബിനോയിക്ക് മുൻകൂര്‍ ജാമ്യം കിട്ടിയില്ലെങ്കിൽ അറസ്റ്റെന്ന് മുംബൈ പോലീസ്

 

മുംബൈ: ബീഹാര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം ലഭിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്. സംഭവത്തിൽ ബിനോയിക്കെതിരെ തെളിവുണ്ടെന്നും ഡിസിപി മഞ്ജുനാഥ് ഷിൻഡെ വ്യക്തമാക്കി.

ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് നിലനിൽക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ബിനോയിയെ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയ് രാജ്യം വിട്ടതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ബിനോയ് കേരളത്തിൽ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് മുംബൈ പോലീസ്. ബിനോയിക്കെതിരായി പുറപ്പെടുവിച്ച ലുക് ഔട്ട് നോട്ടീസ് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പതിപ്പിച്ചിട്ടുണ്ട്.

നാളെ മുംബൈ സെഷൻസ് കോടതിയാണ് ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വർഷങ്ങളോളം ബിനോയ് കോടിയേരി വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി. യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ പിതാവ് ബിനോയിയാണെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരായി നൽകിയിരിക്കുന്നത് ബിനോയിയുടെ പേരാണ്. യുവതിയുടെ പാസ്‍പോർട്ടിൽ ഭർത്താവിന്റെ പേരായി നൽകിയിരിക്കുന്നതും ബിനോയിയുടെ പേര് തന്നെയെന്നത് ശക്തമായ തെളിവുകളാണ്.

You must be logged in to post a comment Login