ബിറ്റ്‌കോയിന്‍ മൂല്യം ചരിത്രത്തില്‍ ആദ്യമായി 15,000 ഡോളര്‍ കടന്നു

 

ബിറ്റ്‌കോയിന്റെ മൂല്യം ഇന്ന് സര്‍വകാല നേട്ടത്തിലേക്ക് ഉയര്‍ന്നു. ഇന്റര്‍നെറ്റ് അധിഷ്ഠിത കറന്‍സി ആയ ബിറ്റ്‌കോയിന്റെ മൂല്യം രാവിലെ 11 മണിയോടെ 15000 ഡോളര്‍ കടന്നു. 2017 ജനുവരിക്കു ശേഷം ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ 15 ഇരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരിയില്‍ 1000 ഡോളര്‍ ആയിരുന്നു ഇതിന്റെ മൂല്യം. ചിക്കാഗോ ആസ്ഥാനമായ ഒരു കറന്‍സി ഫ്യൂചുഴ്‌സ് എക്‌സ്‌ചേഞ്ചില്‍ ബിറ്റ്‌കോയിന്റെ അവധി വ്യാപാരം ആരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പെട്ടെന്ന് വില കുതിച്ചുയരാന്‍ കാരണമായത്.

ഒരു ബിറ്റ്‌കോയിന്റെ മൂല്യം 15340 ഡോളറിലേക്ക് ഉയര്‍ന്നു. നിലവില്‍ ഊഹക്കച്ചവട രീതിയിലാണ് ഇതിന്റെ വ്യാപാരം നടക്കുന്നത്. നെറ്റില്‍ മാത്രം നിലനില്‍ക്കുന്ന ഇത് സാധാരണ കറന്‍സി പോലെ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. 12662 ഡോളറിലാണ് രാവിലെ വ്യപാരം തുടങ്ങിയത്. ഈ വര്‍ഷമാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ബിറ്റ്‌കോയിന്‍ വ്യാപാരത്തിന് നിയമപരമായ അനുമതി നല്കിയത്. എന്നാല്‍ ഇത്തരം ക്രിപ്‌റ്റോകറന്‍സികള്‍ ലോക സാമ്പത്തിക ക്രമത്തിന് അപകടം ചെയ്യുമെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയില്‍ ബിറ്റ്‌കോയിന് ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ വ്യാപാരം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ബിറ്റ്‌കോയിന്റെ ഇടപാടുകാര്‍ക്ക് റിസര്‍വ് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നല്കിയിട്ടുമുണ്ട്.

You must be logged in to post a comment Login