ബിസിനസ് തലപ്പത്തുനിന്ന് ഫോട്ടോ പ്രദര്‍ശനവുമായി സതീഷ് നായര്‍

27ന് രാവിലെ 11ന് ദേശീയ പുരസ്‌കാരം നേടിയ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

satishകൊച്ചി: പ്രശസ്ത സംരംഭകനായ സതീഷ് നായര്‍ ഫോട്ടോഗ്രാഫി മേഖലയില്‍ നടത്തിയ കാല്‍വയ്പിന്റെ നേര്‍സാക്ഷ്യം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. പ്രശസ്ത കശുവണ്ടി കയറ്റുമതി സ്ഥാപനമായ ഇന്‍ഡ്യ ഫുഡ് എക്‌സ്‌പോര്‍ട്‌സ് സിഇഒയായ സതീഷ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തിയ നിശ്ചലദൃശ്യങ്ങളുടെ പ്രദര്‍ശനം ഭഗ്ലിംപ്‌സസ്’ ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറി, കൊച്ചിയില്‍ നടക്കും. 27ന് രാവിലെ 11ന് ദേശീയ പുരസ്‌കാരം നേടിയ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അനശ്വരതയാണ് പ്രദര്‍ശനത്തിന്റെ വിഷയം.

ഹാസില്‍ബ്ലാഡ് ബുള്ളറ്റിന്‍ ഓണ്‍ലൈന്‍ മാഗസിനിലെ എറൗണ്ട് ദി വേള്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനൊപ്പം ഇറ്റലിയിലെ ഫോട്ടോ വോഗ്, തങ്ങളുടെ സൈറ്റിലേക്ക് ഇദ്ദേഹത്തിന്റെ ഇരുന്നൂറിലേറെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തിരുന്നു. ബെറ്റര്‍ ഫോട്ടോഗ്രാഫി മാഗസിന്‍ തങ്ങളുടെ ട്രാവല്‍ ഫോട്ടോഗ്രഫി ബുക്‌ലെറ്റിനു വേണ്ടിയും സതീഷ് നായരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.

ലോറന്‍സ് സ്‌കൂള്‍ ലവ്‌ഡെയ്‌നില്‍ പഠനം നടത്തിയിട്ടുള്ള സതീഷ് നായര്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്. മല്‍സരാധിഷ്ഠിതമായി കമ്പനിയെ മുന്നോട്ടു നയിക്കുമ്പോഴും ഫോട്ടോഗ്രാഫിയോടുള്ള സ്‌നേഹം അദ്ദേഹത്തെ ഏറെ മുന്നോട്ടു നയിച്ചിട്ടുണ്ട്. ജലവും ജലദൃശ്യങ്ങളും വെളിച്ചത്തിന്റെ ഭാവങ്ങളുമൊക്കെയാണ് സതീഷ്‌നായരുടെ ഇഷ്ട വിഷയങ്ങള്‍.

സ്ഥലം എന്ന ആശയത്തെ വിപുലമാക്കാനുള്ള വെളിച്ചത്തിന്റെയും നിഴലിന്റെയും കഴിവിനെ ഇദ്ദേഹം സ്ഥിരമായി പകര്‍ത്തിയെടുക്കാറുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷമായുള്ള അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫി അനുഭവങ്ങളുടെ ഉള്‍ക്കാഴ്ചയിലേക്കു വെളിച്ചം വീശുന്ന പ്രദര്‍ശനമായിരിക്കും ഗ്ലിംപ്‌സസ്.

You must be logged in to post a comment Login