ബിസിസിഐ പ്രവര്‍ത്തക സമിതി യോഗം ഇന്നു ഡല്‍ഹിയില്‍

ഐപിഎല്‍ ഒത്തുകളി അന്വേഷിച്ച ബിസിസിഐയുടെ അന്വേഷണ സമിതി നിയമവിരുദ്ധമാണന്ന ഹൈക്കോടതി ഉത്തരവു ചര്‍ച്ച ചെയ്യാനായി ബിസിസിഐ പ്രവര്‍ത്തക സമിതിയോഗം ഇന്നു ഡല്‍ഹിയില്‍ ചേരും. മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുക്കും.

ഐപിഎഎല്‍ ഒത്തുകളി കേസ് അന്വേഷിച്ച ബിസിസിഐ പാനല്‍ ഭരണഘടനാ വിരുദ്ധവും, നിയമവിരുദ്ധവുമാണെന്ന് മുംബൈ ഹൈക്കോതി വ്യക്തമാക്കിയിരുന്നു. പുതിയ പാനല്‍ രൂപീകരിക്കണമെന്നും നിരദ്ദേശിച്ചു. ബിസിസിഐ മുന്‍ അധ്യക്ഷനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമയുമായ എന്‍. ശ്രീനിസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര എന്നിവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ സമിതി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍. ശ്രിനിവാസനെ അദ്ധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചുകൊണ്ടുവരാനും ബിസിസിഐ ആലോചിച്ചിരുന്നു.

കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശ്രീനിവാസന്റെ തിരിച്ചുവരവ് ഉടന്‍ വേണ്ടെന്ന നിലപാട് അംഗങ്ങള്‍ക്കിടയിലുണ്ട്. എന്നാല്‍ അനൗദ്യോഗികമായി ശ്രീനിവാസന്‍ അദ്ധ്യക്ഷസ്ഥാനം തിരികെ ഏറ്റെടുത്തതായി വാര്‍ത്തകളുണ്ട്. ഇക്കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ല.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ എന്ന നിലയ്ക്ക് ശ്രീനിവാസനു യോഗത്തില്‍ പങ്കെടുക്കാം. പക്ഷേ ശ്രീനിവാസന്‍ യോഗത്തിന്റെ അധ്യക്ഷത വഹിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആരോപണത്തെത്തുടര്‍ന്നു ശ്രീനിവാസന്‍ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിന്നപ്പോള്‍ ജഗമോഹന്‍ ഡാല്‍മിയ ഇടക്കാല അദ്ധ്യക്ഷനായിരുന്നു. ഇപ്പോള്‍ ബിസിസിഐയില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും ആരും ഒന്നും അറിയിക്കാറില്ലെന്നും ഡാല്‍മിയ വ്യക്തമാക്കി.

 

 

You must be logged in to post a comment Login