ബി.ജെ.പിക്ക് അനുയോജ്യന്‍ രജനി; ഞാന്‍ യുക്തിവാദി: കമല്‍ ഹാസന്‍

ചെന്നൈ: രജനീകാന്ത് ബിജെപിക്ക് അനുയോജ്യനായ കക്ഷിയാണെന്ന് കമല്‍ഹാസന്‍. രജനികാന്തിന്റെ മതപരമായ വിശ്വാസങ്ങള്‍ പരിഗണിച്ച് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നത്. എന്നാല്‍ ഞാന്‍ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഞാന്‍ ജാതീയതയ്‌ക്കെതിരെയാണ്. എന്നാല്‍ ഞാന്‍ കമ്മ്യൂണിസ്റ്റല്ല. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ചിലരെ ഞാന്‍ ആരാധിക്കുന്നുണ്ട്. എന്റെ ഹീറോകളില്‍ ചിലര്‍ കമ്മ്യൂണിസ്റ്റുകാരാണ്. കമല്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിനെ സംബന്ധിച്ച് അച്ഛാ ദിന്‍ വന്നിട്ടേയില്ല, മറ്റ് സംസ്ഥാനങ്ങളുടെ കാര്യം സംസാരിക്കാന്‍ എനിക്ക് കഴിയില്ല, എന്നാല്‍ അച്ഛേ ദിന്‍ എന്ന് വരുമെന്നും കമല്‍ ചോദ്യം ഉന്നയിച്ചു

സ്വന്തം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും കമല്‍ വിശദീകരിച്ചു. തമിഴ്‌നാട്ടിലെ പ്രധാന ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെയാണ് താന്‍ സഖ്യം രൂപീകരിക്കുക. അത് ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവും. എഐഎഡിഎംകെയുടേയും ഡിഎംകെയുടേയും അഴിമതികള്‍ക്ക് തമിഴ് ജനത സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതിക്കെതിരെയാവും തന്റെ പോരാട്ടമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

രജനീകാന്തിനോട് ഞാന്‍ എപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചപ്പോഴും ഞാന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. രജനീകാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും കമല്‍ പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തിന് ഇതാണോ നല്ല സമയം എന്ന് ചോദിച്ചാല്‍ അല്ലെന്നാവും എന്റെ മറുപടി. അതുകൊണ്ടാണ് ഞാന്‍ ഈ സമയം തന്നെ തിരഞ്ഞെടുത്തതെന്നും കമല്‍ പറഞ്ഞു.തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ ഇത്രയും മോശപ്പെട്ട അവസ്ഥയിലേക്കെത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെജ്‌രിവാളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഞാന്‍ അങ്ങോട്ട് പോയതല്ല അദ്ദേഹം ഇങ്ങോട്ട് വന്ന് കാണുകയായിരുന്നുവെന്നായിരുന്നു കമലിന്റെ മറുപടി.

You must be logged in to post a comment Login