ബി.ജെ.പി.വിമതര്‍ പുതിയ സംഘടന ആരംഭിച്ചു

കണ്ണൂരിലെ ബി.ജെ.പി. വിമതര്‍ പുതിയ സംഘടന രൂപീകരിച്ചു. നമോവിചാര്‍ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തനത്തിന് ജില്ലാ കണ്‍വെന്‍ഷനോടെയാണ് തുടക്കമായത്. ബി.ജെ.പി. ജില്ലാ നേതൃത്വത്തെ വേണ്ടിവന്നാല്‍ തല്ലിയൊതുക്കുമെന്ന മുന്നറിയിപ്പോടെയാണ് കണ്‍വെന്‍ഷന്‍ സമാപിച്ചത്. പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ കൂടി സമാനരീതിയില്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനാണ് വിമതരുടെ തീരുമാനം.

ജില്ലാ പ്രസിഡന്റിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്. വിമതര്‍ ശക്തി പ്രാപിച്ചതോടെ സമവായ ശ്രമത്തിന് സംസ്ഥാനനേതൃത്വം ഇടപെട്ടേക്കുമെന്നാണ് സൂചന. എന്തായാലും തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ സമയത്ത് ബി ജെപിക്ക് ഈ സംഘടന വലിയ വെല്ലുവിളി തീര്‍ക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.

ജില്ലാ പ്രസിഡന്റിനെതിരെ ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കമുള്ള കാര്യങ്ങള്‍ വിമത വിഭാഗം, നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ കാരണങ്ങളാണ് വിമത സംഘടന പിറക്കുവാന്‍ കാരണമായതെന്ന്  ബിജെപി മുന്‍ സംസ്ഥാന സമിതിയംഗവും പുതിയ സംഘടനയുടെ അമരക്കാരനുമായ ഒ.കെ. വാസുമാസ്റ്റര്‍ കണ്‍വെന്‍ഷനില്‍ വ്യക്തമാക്കി.

You must be logged in to post a comment Login