ബുംറക്ക് ഹാട്രിക്ക്, വിഹാരിക്ക് സെഞ്ച്വറി: വിൻഡീസിനെതിരെ ഇന്ത്യക്ക് ആധിപത്യം

 

ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻെറ രണ്ടാം ദിനം പൂർണമായും ആധിപത്യം സ്ഥാപിച്ച് ഇന്ത്യ. ടെസ്റ്റിൽ ആദ്യ സെഞ്ച്വറിയുമായി യുവതാരം ഹനുമ വിഹാരി ബാറ്റിങിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. വാലറ്റത്ത് ഇശാന്ത് ശർമ അർധശതകവുമായി വിഹാരിക്ക് ശക്തമായ പിന്തുണ നൽകി. 225 പന്തിൽ നിന്ന് വിഹാരി 111 റൺസ് നേടി പുറത്തായി. ഇശാന്ത് വെറും 80 പന്തിൽ നിന്നാണ് 57 റൺസെടുത്തത്. ടെസ്റ്റിൽ താരത്തിൻെറ ആദ്യ അർധശതകമാണിത്.

എന്നാൽ രണ്ടാം ദിനം താരമായത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയാണ്. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത് പേസറായി ബുംറ മാറി. ശനിയാഴ്ച കളി അവസാനിപ്പിക്കുമ്പോൾ ബുംറ 16 റൺസ് വഴങ്ങി വിൻഡീസിൻെറ 6 വിക്കറ്റുകൾ പിഴുതു. വിൻഡീസ് ഇന്നിങ്സിലെ 9ാം ഓവറിലായിരുന്നു ബുംറയുടെ ഹാട്രിക്.

ഡാരൻ ബ്രാവോ, ഷംറാ ബ്രൂക്സ്, റോസ്റ്റൺ ചേസ് എന്നിവരെയാണ് ബുംറ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത്. ബ്രാവോയെ ആദ്യം കെഎൽ രാഹുലിൻെറ കൈകളിൽ എത്തിക്കുകയായിരുന്നു. മറ്റ് രണ്ട് പേരെയും എൽബിഡബ്ല്യു ആക്കി. ചേസിൻെറ വിക്കറ്റ് ആദ്യം അമ്പയർ അനുവദിച്ചിരുന്നില്ല. എന്നാൽ റിവ്യൂ പോവാൻ നായകൻ വിരാട് കോഹ്ലി തീരുമാനിക്കുകയായിരുന്നു.

ഹർഭജൻ സിങിനും ഇർഫാൻ പഠാനും ശേഷം ഇന്ത്യക്കായി ടെസ്റ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത് ബോളറാണ് ബുംറ. നേരത്തെ ഒന്നാം ടെസ്റ്റിലും അദ്ദേഹം 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

You must be logged in to post a comment Login