ബുലന്ദ്ഷഹര്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: മുഖ്യപ്രതിയായ ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് അറസ്റ്റില്‍

ലഖ്‌നൗ: ബുലന്ദ്ഷഹറിലെ പൊലീസ് ഇന്‍സ്‌പെക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റില്‍. ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജ് ആണ് അറസ്റ്റിലായത്. പ്രതി രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.

പൊലീസ് ഇന്‍സ്‌പെക്ടറായ സുബോധ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 400 പേരോളം വരുന്ന ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോയതായിരുന്നു സുബോധ് കുമാര്‍ സിങ്. ആള്‍ക്കൂട്ടത്തെ നേരിടുന്നതിനിടെ കല്ലേറുണ്ടായി. അതിനിടയില്‍ വെടിയേറ്റാണ് സുബോധ് സിങ് കൊല്ലപ്പെടുന്നത്. 20കാരനായ പ്രദേശവാസിയും കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അഖ്‌ലാഖ് വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. ആക്രമണങ്ങളെ കുറിച്ച് മൗനംപാലിച്ചിരുന്ന യോഗി ആദിത്യനാഥ് ഗോവധത്തിനെതിരെ കര്‍ശന നപടിയെടുക്കുമെന്ന് പറഞ്ഞത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഇതിനെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സുബോധ് കുമാറിന്റെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി. സുബോധ് കുമാറിന്റെ ഭാര്യയും രണ്ടു മക്കളും സഹോദരിയും ലഖ്‌നൗവിലെ യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി കാണുകയായിരുന്നു. യുപി ഡിജിപി ഒ.പി.സിങും ഇവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി സുബോധ് കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും ഒ.പി.സിങ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

ബുലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ.പി. സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ ജഡം ഇവിടെ എത്തിയത്. ആര് കൊണ്ടു വന്നു?. എന്തിന് ഏത് സാഹചര്യത്തില്‍?’, പൊലീസ് ഡയറക്ടര്‍ ജനറല്‍ ഒപി സിങ് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പശുക്കളെ അറുത്തത് ആദ്യം അന്വേഷിക്കുമെന്ന് ഒപി സിങ് അറിയിച്ചു. ദാദ്രിയില്‍ അഖ്‌ലാഖിനെ അടിച്ചുകൊന്ന കേസ് അന്വേഷണത്തിനിടയിലാണ് സുബോധ് കുമാറിന്റെ കൊല നടന്നത്. അതിനാല്‍ കൊലക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സുരക്ഷാ അവലോകന യോഗം രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്തെങ്കിലും പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രസ്താവന നടത്താന്‍ അദ്ദേഹം തയ്യാറായില്ല. പശുവിന്റെ ജഡത്തിന്റെ പഴക്കം എത്രയെന്ന് ഉടന്‍ നിര്‍ണയിക്കുമെന്ന് യുപി പൊലീസ് മേധാവി അറിയിച്ചു.

പിടിയിലായ യോഗേഷ് രാജ്, മഹാവില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള നയാബാസ് ഗ്രാമക്കാരനാണ്. യോഗേഷ് ഉള്‍പ്പെടെ മഹാവിന് പുറത്തുനിന്നുള്ളവരായിരുന്നു പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും.പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിന്റെ പേരിലുണ്ടായ സംഘര്‍ഷം വന്‍ വര്‍ഗ്ഗീയ കലാപമായി മാറാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്നാണ്. ബജ്‌റംഗ്ദളിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ തടഞ്ഞത് പൊലീസിന്റെ ഇടപെടലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

You must be logged in to post a comment Login