‘ബൃന്ദയുടെ  ആത്മാക്ഷരങ്ങള്‍’

       

   എസ്.ബിജു രാജ്

മലയാള കവിതയില്‍ പ്രണയത്തിന്റെ പൂന്തോട്ടങ്ങള്‍ സൃഷ്ടിച്ച കവിയാണ് ബൃന്ദ. പ്രണയോന്മാദത്തിന്റെ പാരമ്യത്തില്‍ ഒരാള്‍ മറ്റേയാളിലേക്ക് എത്രത്തോളം അലിഞ്ഞു ചേരാമോ അത്രത്തോളം ആഴപ്പെടട്ടെ എന്ന് ധീരോദാത്തം തന്റെ കവിതകളിലൂടെ അവര്‍ വിളിച്ചു പറയുന്നു.’ലിപ്  ലോക്ക്’ എന്ന ആയിരത്തിയൊന്നു വരികളുള്ള പ്രണയകവിത ,പ്രണയത്തിന്റെയും ജീവിതത്തിന്റെയും പുസ്തകത്തില്‍ പേരുള്ളവര്‍ക്കു മാത്രം വായിക്കാനുള്ളതാണെന്ന് ബൃന്ദ സാക്ഷ്യപ്പെടുത്തുന്നു. ‘മൃദുലമോ  മിനുമിനുത്തതോ ആയ വാക്കുകള്‍ കൊണ്ടു മാത്രമേ പ്രണയത്തെ തൊടാവൂ എന്ന സങ്കല്പ മൊക്കെ തന്റെ കവിതകളിലൂടെ ബൃന്ദ തകര്‍ക്കുന്നുണ്ട് ‘എന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍  ബൃന്ദക്കവിതകളെ നിരീക്ഷിച്ചിട്ടുണ്ട്.അത്രമേല്‍ അനുരാഗ മഷി നിറച്ച ബൃന്ദയുടെ തൂലികയില്‍ നിന്ന് വന്ന വ്യത്യസ്തമായ പുസ്തകമാണ് ‘രാത്രിയിലെ കടല്‍’. ആത്മ ദര്‍പ്പണത്തിന്റെ കടലിരമ്പങ്ങളാണിവ.

ഒരാള്‍ ഒറ്റ ജീവിതത്തിനുള്ളില്‍ എത്ര കടലുകള്‍ കടക്കുന്നു എന്ന ചിന്തയാണ് ഈ കുറിപ്പുകളെഴുതാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് ബൃന്ദ പറയുന്നു.ഇതിലെ പതിനേഴ് ലേഖനങ്ങളിലൂടെ മനുഷ്യന്റെ നിസ്സഹായതകളും ,ആരുമറിയാതെ പോകുന്ന സങ്കടങ്ങളും സ്‌നേഹത്തിന്റെ പെരുക്കങ്ങളുമുണ്ട്. ഇരുള്‍പ്പുതപ്പില്‍ നിന്ന്  വെളിച്ചത്തിന്റെ നിര്‍മല നിലാവുകളെ തൊട്ടെടുക്കുകയാണ് ബൃന്ദ .
ജീവിത ദര്‍പ്പണത്തില്‍ പ്രതിഫലിക്കുന്ന കാഴ്ചകള്‍ ,ഒന്നു നോക്കി തന്റെ അരികിലൂടെ കടന്നുപോകുന്ന മനുഷ്യര്‍ ,തന്റെ അനുഭവങ്ങള്‍ ഒക്കെ ബൃന്ദ ഇതില്‍ കോറിയിടുന്നുണ്ട്. അതിനാല്‍ ഇത് ആത്മവിവരണത്തിന്റെ പുസ്തകം കൂടിയാകുന്നു. ചിലപ്പോഴെങ്കിലും ഇതിലെ ചില ലേഖനങ്ങള്‍ വായനാ മനസ്സിനെ ആര്‍ദ്രമാക്കിയേക്കാം. സ്‌നേഹത്തെ ഉദ്‌ഘോഷിക്കുന്ന, കരുണയെയും നിര്‍മ്മമ സ്‌നേഹത്തെയും വിളിച്ചറിയിക്കുന്നവയാണ് മിക്കവാറും ലേഖനങ്ങളെല്ലാം. അതു കൊണ്ടാണ് പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഈ പുസ്തകത്തിലെ ‘സ്‌നേഹിക്കാന്‍ പഠിക്കുമ്പോള്‍’ എന്ന ലേഖനം വായിച്ച് തന്റെ കണ്ണു നിറഞ്ഞു കൊണ്ടിരുന്നു എന്നെഴുതിയത്.

കവിതയിലും കഥയിലും ഉള്‍ക്കൊള്ളിക്കാനാകാത്ത ചിലതൊക്കെയാണ്  ‘രാത്രിയിലെ കടല്‍’ എന്ന സ്‌നേഹത്തിന്റെ ആത്മകഥയില്‍ ചേര്‍ത്തു വയ്ക്കുന്നത് എന്ന് എഴുത്തുകാരി പറയുന്നു.കവിയുടെ മനസ്സും കഥാകൃത്തിന്റെ രചനാരീതിയും ചിന്തകന്റെ ദാര്‍ശനികതയും സമ്യക്കായി സമ്മേളിച്ചിരിക്കുന്ന ഉപന്യാസങ്ങളുടെ സമാഹാരമെന്ന് ഡി. ബാബുപോള്‍ ഐ.എ.എസ്. നിരീക്ഷിച്ച ‘രാത്രിയിലെ കടല്‍’ ബൃന്ദയുടെ പതിമൂന്നാമത്തെ പുസ്തകമാണ്.
‘പ്രേമപുരുഷാ
നിന്റെ ചുണ്ടുകള്‍
പൂത്തുനില്‍ക്കുന്ന
ഉമ്മ മരങ്ങള്‍’
എന്ന്  കവിതയില്‍ കുറിച്ച് പൗരുഷത്തിന്റെ വിവിധ മധുരവശങ്ങളെ വെളിപ്പെടുത്തിയ കവി കൂടിയാണ് ബൃന്ദ. പ്രണയ പുരുഷനും വീരപുരുഷനും മധുര പുരുഷനും രതിപുരുഷനും ഇഷ്ട പുരുഷനും നഗ്‌നപുരുഷനും പ്രാണ പുരുഷനുമൊക്കെ പുരുഷന്മാരെയും കൊതിപ്പിച്ചു കൊണ്ട് കവിതയില്‍ വിളങ്ങുന്നു.
‘ ബൃന്ദ ആണ്‍ രൂപങ്ങള്‍ കാണുന്നതും എഴുതുന്നതും ബാഹ്യവും ആന്തരികവുമായ ചിത്രരചനയാകുന്നു എന്നും ബൃന്ദയുടെ പുരുഷരൂപങ്ങളെല്ലാം വെറും നിര്‍മ്മിതികള്‍ മാത്രമല്ലെന്നും അവര്‍ ഓരോരുത്തരും മറ്റൊന്നില്‍ നിന്നും വ്യത്യസ്തവും ഒന്നിന്റെ തുടര്‍ച്ചയല്ലാതെയുമാകുന്നു’ എന്ന് പുതിയ പത്രോ സ് എന്ന കഥാസമാഹാരത്തെ മുന്‍നിര്‍ത്തി മധുപാല്‍ നിരീക്ഷിച്ചിട്ടുണ്ട്. മാത്രമല്ല എഴുത്തില്‍ ആണ്‍ ചിന്തകളിലേക്ക് ഒരു പരകായ പ്രവേശം നടത്താന്‍ ബൃന്ദയ്ക്ക് കഴിയുകയും ചെയ്യുന്നുണ്ട്.
‘മുക്കുവത്തീ, നീ ആളൊരു ശൂരത്തി തന്നെ .ആഴച്ചുഴിയിലോട്ട് പിടിച്ചങ്ങ് അമര്‍ത്തി വയ്ക്കുകയല്ലേ’ എന്ന് മത്സ്യഗന്ധി  എന്ന കഥയില്‍ വാക്കുകള്‍ കൊണ്ട് വികാരങ്ങളെ ജ്വലിപ്പിക്കുന്ന കലാവിദ്യയും ബൃന്ദ പ്രകടിപ്പിക്കുന്നു. വെറുതെയല്ല ആ കഥ വായിച്ച ഒട്ടേറെ വായനക്കാന്‍ എഴുത്തുകാരി ഒരു പുരുഷനോ മറ്റോ ആണോ എന്ന് സന്ദേഹിച്ചത്. ഉറങ്ങുന്ന പെണ്ണ് എന്ന കവിതയും ഇതേപോലെ വായനക്കാരനെ സംശയമുനമ്പില്‍ നിര്‍ത്തിയ കവിതയാണ്.
‘ഇതാ ഞാന്‍
ഏറ്റവും വിവശയായ്
ഏറ്റവും ഉന്മാദിനിയായ്
ലജ്ജയേതുമില്ലാതെ
നിന്റെ മുന്നില്‍
വിടര്‍ന്നു കിടക്കുന്നു’
എന്ന് ആത്മാവിന്റെ ഉജ്ജ്വലനഗ്‌നതയെ പ്രഘോഷിക്കുന്ന കവി തന്നെയാണ് കടലിനടിയില്‍ തീ കത്തുന്നതു കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച ചുരുണ്ടു പോയ കാലുകളുള്ള കൂട്ടുകാരിയെക്കുറിച്ച് ‘തീക്കുപ്പായം ‘ എന്ന കവിതയെഴുതിയത്.
കവി അയ്യപ്പനോടുള്ള പരിചയം ‘എ.അയ്യപ്പന്‍ നരകത്തിന്റെ വിശുദ്ധ കവിത ‘ എന്നൊരു ഓര്‍മ പുസ്തകം എഴുതാന്‍ പ്രേരകമായി.  വൈവിധ്യമായ അക്ഷര വഴികളിലൂടെ സഞ്ചരിക്കുന്ന ബൃന്ദ വ്യത്യസ്തമായ അഞ്ച് പുസ്തകങ്ങള്‍ ഒരുമിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ രാത്രിയിലെ കടലില്‍ ‘ ഒരു കള്ളിയുടെ ആത്മകഥ എന്ന ലേഖനമുണ്ട്. അതില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്ണന്റെ വീട്ടില്‍ താന്‍ നടത്തിയ ഒരു മോഷണത്തെക്കുറിച്ച് രസകരമായി വിവരിച്ചിട്ടുണ്ട്. ഈ ലേഖനം വായിച്ച് എം.ജി .രാധാകൃഷ്ണന്റെ സഹധര്‍മ്മിണി പത്മജ എന്തു പറഞ്ഞു എന്ന ചോദ്യത്തിന് ബൃന്ദ ഇങ്ങനെ പറഞ്ഞു ‘ ആദ്യം ഈ ലേഖനം കലാകൗമുദിയിലാണ്  അച്ചടിച്ചുവന്നത്. അതുമായി അവിടെ പോയി.പത്മജയാന്റി തന്റെ സഹോദരിയെയും മറ്റും വായിച്ചു കേള്‍പ്പിച്ചു.വളരെ രസകരമായ ഒന്നായിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍ അതും  ഞാന്‍ സമ്മാനിച്ചു. ഏതായാലും ഉദാരമതിയായ അവര്‍ വീണ്ടും മോഷ്ടിച്ചു കൊള്ളാന്‍ അനുവാദം നല്‍കി.’

‘പ്രണയ മരത്തിന്റെ ഇലകള്‍’ എന്ന ലേഖനത്തില്‍ ,ഒരുമിച്ചു ചേരാനാകാതെ പോയതിന്റെ നൊമ്പരം ജീവിത സായന്തനത്തിലും പങ്കിടുന്ന ,പ്രണയ മാനസ രായ രണ്ടു പേരെ കാട്ടിത്തരുന്നു. മലയാളിക്ക് പ്രണയമില്ല എന്ന് നാം വ്യാകുലപ്പെടുമ്പോള്‍ വാര്‍ദ്ധക്യത്തിലും ഒളിമങ്ങാത്ത പ്രണയം സൂക്ഷിക്കുന്ന ഇതിലെ സാധാരണ മനുഷ്യര്‍ നമ്മെ അമ്പരപ്പിക്കുന്നു.
ജീവിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ഇതിലുണ്ട്. തനിക്ക് ക്യാന്‍സര്‍ പിടിച്ചു എന്ന് പനി പിടിച്ചു എന്ന ലാഘവത്തോടെ എഴുത്തുകാരിയെ അറിയിക്കുകയും വിശ്വാസമാകാന്‍ വേണ്ടി കീമോതെറാപ്പിയുടെ രേഖകള്‍ കൊണ്ട് കാണിച്ച ചാലക്കുടിക്കാരന്‍ ഷാജുവും, വിശന്നുവെന്തപ്പോള്‍ കൂട്ടുകാരന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ പത്തു രൂപ കൊണ്ട് മൈദമാവ് വാങ്ങി ദോശയുണ്ടാക്കിക്കഴിച്ച അനാഥനായ കൂട്ടുകാരനും ,സ്‌നേഹത്തിന്റെ പാഠങ്ങള്‍ മക്കളെ പഠിപ്പിക്കാന്‍ വീടു നിറയെ ജീവജാലങ്ങളെ വളര്‍ത്തുന്ന വീട്ടമ്മയും ,അട്ടയെപ്പോലും സ്‌നേഹിക്കുന്ന അവരുടെ ചെറിയ മകളും, സ്‌നേഹത്തിന്റെ പ്രപഞ്ചം സൃഷ്ടിക്കുന്ന പൊക്കമുള്ള ശ്രീധരനും ,ആത്മധൈര്യം കൊണ്ട് ജീവിതം സ്‌നേഹമയമാക്കുന്ന ഗീതയും,  വഴിയില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് അനാഥാലയത്തില്‍ തന്നെ ഉപേക്ഷിച്ചു മകന്‍ പോയ്ക്കഴിഞ്ഞു മാത്രം അത് തന്റെ മകനായിരുന്നു എന്ന് പറഞ്ഞ് വിതുമ്പുന്ന അമ്മയും ,അങ്ങനെ ഒട്ടേറെ പേര്‍ സ്‌നേഹത്തിന്റെ ഈ കടല്‍ പുസ്തകത്തിലുണ്ട്.

സ്‌നേഹിക്കുവാനുള്ള ശ്രമങ്ങളും പരീക്ഷണങ്ങളും നമുക്കിടയില്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് ഓര്‍മപ്പെടുത്തുന്ന ഈ ആത്മ വിവരണങ്ങള്‍, ഒരു മനുഷ്യനെന്ന നിലയില്‍ നമ്മള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നമ്മിലേക്കു തന്നെ തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നു.

……അഞ്ച് കവിതാ സമാഹാരങ്ങള്‍ ,അഞ്ച് ലേഖന സമാഹാരങ്ങള്‍ ,മൂന്ന് കഥാസമാഹാരങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട് കൊല്ലം ,പുനലൂര്‍ സ്വദേശിയായ ബൃന്ദ. തീക്കുപ്പായം ,ലിപ് ലോക്ക് ,പുതിയ പത്രോസ്, ഓര്‍മയുടെ മുനമ്പങ്ങള്‍ എന്നിവ പ്രധാന കൃതികള്‍. വിശ്വമലയാള സമ്മേളനത്തില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തക പുരസ്‌കാരം ,മലയാറ്റൂര്‍ പ്രൈസ് ,ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ് ,പ്രൊ.മീരാക്കുട്ടി സ്മാരക കവിതാ പുരസ്‌കാരം ,വി.ബാലചന്ദ്രന്‍ സ്മാരക കവിതാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിലെ ചിത്രശലഭം എന്ന പേരില്‍ ബൃന്ദയുടെ കവിതകളെ ആസ്പദമാക്കി പ്രമുഖ ചിത്രകാരന്‍ ശരത്ചന്ദ്രലാല്‍ ചിത്രരചന നടത്തിയിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ബൃന്ദയുടെ ലിപ് ലോക്ക് എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഫെയ്‌സ് ബുക്കില്‍ മുന്തിരിക്കടല്‍ എന്ന ശീര്‍ഷകത്തില്‍ മുടങ്ങാതെ നൂറു ദിവസം കവിത പോസ്റ്റു ചെയ്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ‘സമ്മാന പുസ്തകം’ എന്ന ശീര്‍ഷകത്തില്‍ പുതു കവികളെയും അവരുടെ കവിതകളെയും പരിചയപ്പെടുത്തുന്ന പംക്തി ആരംഭിച്ചിട്ടുണ്ട്. പനോരമ മാസികയില്‍ ‘ഉടലെഴുത്ത്’ എന്ന കോളം ചെയ്തിരുന്നു. ഗാന്ധിഭവന്‍ സ്‌നേഹ രാജ്യം മാസികയില്‍ എഴുത്തുമുറി എന്ന പംക്തി ചെയ്തുവരുന്നു.

You must be logged in to post a comment Login