ബെര്‍ഗ്രെന്‍ ഹോട്ടല്‍സ് കീസ് ക്ലബ്ബ് ബ്രാന്‍ഡില്‍ 75 ഹോട്ടലുകള്‍ ആരംഭിക്കുന്നു

കൊച്ചി: കീസ് ഹോട്ടല്‍ ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ബെര്‍ഗ്രെന്‍ ഹോട്ടല്‍സ്, കീസ് ക്ലബ്ബ് എന്ന പുതിയ ബ്രാന്‍ഡില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ആരംഭിക്കും.  ഇതോടെ ഇന്ത്യയില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുവെന്ന ബഹുമതി ബെര്‍ഗ്രെന്‍ ഹോട്ടല്‍സിനു ലഭ്യമാകും.

പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത് കൂടുതല്‍ വേഗത്തില്‍ മുന്നേറാന്‍ സഹായകമാകുമെന്നും ആഥിത്യ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും തങ്ങള്‍ക്കു ശക്തമായ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കുമെന്നും ബെര്‍ഗ്രെന്‍ ഹോട്ടല്‍സിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സഞ്ജയ് സേത്തി പറഞ്ഞു.  പുതിയ കീസ് ക്ലബ്ബ് ഹോട്ടലുകള്‍ സ്വന്തം ഉടമസ്ഥതയിലോ ഫ്രാഞ്ചൈസി വഴിയോ രാജ്യത്തു വിപലമായിത്തന്നെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ബ്രാന്‍ഡിലുള്ള ഹോട്ടലുകളില്‍ നൂറോ അതിലധികമോ മുറികളാവും ഉണ്ടാകുക.  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെയുണ്ടാകും.

ഫിറ്റ്‌നെസ് സൗകര്യങ്ങള്‍, നീന്തല്‍ക്കുളം, ക്ലബ്ബ് ലോഞ്ച്, പുസ്തകശാല, സ്പാ തുടങ്ങിയവും അതിഥികള്‍ക്ക് ആസ്വദിക്കാനാവും. 2016 ഓടെ 75 ഹോട്ടലുകളും 6600 മുറികളുമായി വികസിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്.
പൂനെ, മുംബൈ, എന്‍.സി.ആര്‍., അഹമദാബാദ്, ചെന്നൈ, ജെയ്പൂര്‍, കൊല്‍ക്കത്ത,  ഹൈദരാബാദ് തുടങ്ങി തങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ള നഗരങ്ങളില്‍ ഓരോ വര്‍ഷവും കുറഞ്ഞത് രണ്ടു കീസ് ക്ലബ്ബ് ഹോട്ടലുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സഞ്ജയ് സേത്തിത് കൂട്ടിച്ചേര്‍ത്തു.

 

 

You must be logged in to post a comment Login