ബ്രസീല്‍ ഇതിഹാസം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വക്താവ്

ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍. ന്യൂമോണിയ ബോധയെ തുടര്‍ന്നാണ് റൊണാള്‍ഡോയെ ഇബീസ ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം സുഖം പ്രാപിച്ചു വരികയാണ്. വെള്ളിയാഴ്ചയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റൊണാള്‍ഡോയുടെ സ്വകാര്യത മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വക്താവ് പറഞ്ഞു.

ബ്രസീലിന്റെ എക്കാലത്തേയും മികച്ച  സ്‌ട്രൈക്കര്‍മാരിലൊരാളായ റൊണാള്‍ഡോ അവധി ആഘോഷിക്കാനായി ഇബിസയില്‍ എത്തിയപ്പോഴാണ് അസുഖം ബാധിച്ചത്. താരത്തിന് ഇവിടെ സ്വന്തമായി വീടുണ്ട്. ബ്രസീല്‍ 1994ലും 2002ലും ലോകകപ്പ് ഉര്‍ത്തുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് റൊണാള്‍ഡോയും മഞ്ഞനിരയില്‍ ഉണ്ടായിരുന്നു.

രണ്ടു തവണ ബാലന്‍ ഡി ഓറും 2002 ലോകകപ്പില്‍ സുവര്‍ണ പാദകവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. നാല്‍പ്പത്തൊന്നുകാരനായ താരം ബ്രസീലിനായി 62 ഗോളുകള്‍ നേടിയിട്ടുണ്ട്. 2002 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയെ തോല്‍പിച്ചതില്‍ റൊണാള്‍ഡോയുടെ പ്രകടനം നിര്‍ണായകമായിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോ ബാര്‍സലോണ, ഇന്റര്‍ മിലാന്‍, എസി മിലാന്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

റഷ്യന്‍ ലോകകപ്പിന് ശേഷം ഫുട്‌ബോള്‍ ലോകത്ത് നെയ്മര്‍ക്കെതിരെ ഉയരുന്ന കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ താരത്തിന് പിന്തുണയുമായി മുന്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ രംഗത്തെത്തിയിരുന്നു. നെയ്മറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളൊക്കെ അസംബന്ധമാണ് എന്നാണ് റൊണാള്‍ഡോ പറയുന്നത്. ‘ ഫുട്‌ബോള്‍ കണ്ടിട്ട് വേറെ എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. ഇത് പക്ഷെ തീര്‍ത്തും അസംബന്ധമാണ്.’ റൊണാള്‍ഡോ പറഞ്ഞു.

‘ ഈ വിമര്‍ശനങ്ങള്‍ക്കൊക്കെ എതിരാണ് ഞാന്‍. അതിസമര്‍ത്ഥനായ കളിക്കാരനാണ് നെയ്മര്‍. അദ്ദേഹത്തെ എതിരാളികള്‍ മന:പൂര്‍വം ഫൗള്‍ ചെയ്യുകയാണ്. റഫറി നെയ്മര്‍ക്ക് അനുകൂലമായി നടപടികള്‍ കൈക്കൊള്ളുന്നില്ല. നെയ്മറെ ഫൗള്‍ ചെയ്യുമ്പോള്‍ പലപ്പോഴും റഫറി വെറും നോക്കുകുത്തിയായിരിക്കുകയാണ് . അദ്ദേഹത്തിനെതിരെ ഇങ്ങനെ ആക്ഷേപമുന്നയിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാകുന്നതല്ല. മാധ്യമങ്ങള്‍ കോളം നിറയ്ക്കാന്‍ വായില്‍ തോന്നിയത് പടച്ചുവിടുകയാണ്’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ലോകകപ്പില്‍ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച വെക്കുന്നതെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

You must be logged in to post a comment Login