ബ്രസീല്‍ സൂപ്പര്‍ താരത്തിനെ വേണ്ടെന്ന് റയല്‍ മാഡ്രിഡ്: സ്വന്തമാക്കാന്‍ താല്‍പ്പര്യം എംബാപ്പെയെ

ട്രാന്‍സ്ഫര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ബ്രസീലിന്റെ പിഎസ്ജി സൂപ്പര്‍ താരം നെയ്മറിന്റെ ട്രാന്‍സ്ഫറിനെ കുറിച്ചാണ്. ലോകത്തെ ഏറ്റവും വില കൂടിയ താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കുന്നുവെന്നാണ് പ്രചരിച്ചിരുന്നത്.

എന്നാല്‍, അത്തരത്തിലുള്ളൊരു നീക്കം നടക്കുന്നില്ലെന്നും പിഎസ്ജിയില്‍ താന്‍ തൃപ്തനാണെന്നും നെയ്മര്‍ പ്രസ്താവിച്ചതോടെ കാര്യങ്ങള്‍ കെട്ടടങ്ങുകയായിരുന്നു. എന്നാല്‍, റഷ്യന്‍ ലോകകപ്പില്‍ തന്റെ ആധിപത്യം സൃഷ്ടിക്കാന്‍ കഴിയാതെ നെയ്മര്‍ ലോകമാമാങ്കത്തില്‍ നിന്നും പുറത്തായതോടെ റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് സൂപ്പര്‍ താരത്തെ വേണ്ടെന്നാണ് സര്‍വെ റിപ്പോര്‍ട്ട്.

സ്പാനിഷ് മാധ്യമം ഡിയാരിയോ എഎസ് റയല്‍ മാഡ്രിഡ് ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് നെയ്മറിനെ വേണ്ടെന്ന് വ്യക്തമാക്കുന്നത്. നെയ്മറിനെ സ്വന്തമാക്കുന്നതിലും നല്ലത് പിഎസ്ജിയുടെ തന്നെ താരമായ കെയിലന്‍ എംബാപ്പെയെ സ്വന്തമാക്കാനാണ് മാഡ്രിഡിസ്റ്റകള്‍ക്ക് താല്‍പ്പര്യം.

രണ്ട് ലക്ഷത്തോളം ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ 89 ശതമാനം പേരും എംബാപ്പെയെ റയല്‍ സ്വന്തമാക്കണമെന്നാണ് പ്രതികരിച്ചത്. നെയ്മറിനെ ബഹുദൂരം പിന്തള്ളിയാണ് എംബാപ്പെ മുന്നിലെത്തിയത്. നേരത്തെ നെയ്മറുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ റയല്‍ ആരാധകര്‍ ത്രില്ലിലായിരുന്നുവെങ്കിലും ലോകകപ്പിന് ശേഷം കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ലോകകപ്പില്‍ ഇതുവരെ മൂന്നു ഗോളുകള്‍ നേടിയ എംബാപ്പെയുടെ കൂടെ മികവിലാണ് ഫ്രാന്‍സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ എത്തി നില്‍ക്കുന്നത്. അര്‍ജന്റീനിയന്‍ പ്രതിരോധത്തെ തകര്‍ത്ത രണ്ടു ഗോളുകളും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ തവണ പോള്‍ പോഗ്ബ നേടിയ ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഇത്തവണ നേടുന്നത് എംബാപ്പെ തന്നെയായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോല്‍വി. രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് ബ്രസീലിന്റെ വിധി നിര്‍ണയിച്ചത്. 13ാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ വഴങ്ങിയപ്പോള്‍, കെവിന്‍ ഡിബ്രൂയിന്‍ 31ാം മിനിറ്റില്‍ ബ്രസീലിന്റെ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ ലുക്കാക്കു നല്‍കിയ പാസ്സ് പിടിച്ചെടുത്ത് കെവിന്‍ ഡി ബ്രുയിന്‍ ബോക്‌സിലേക്ക് ഓടിക്കയറി ഉതിര്‍ത്ത ഷോട്ട് ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ വലതുമൂലയില്‍ വിശ്രമിച്ചു.

76ാം മിനിറ്റില്‍ കുട്ടിന്യോ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ ഉയര്‍ന്നുചാടി പന്ത് വലയിലേക്ക് കുത്തിയിട്ടാണ് അഗസ്റ്റോ ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ബെല്‍ജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്.

മുന്നേറ്റ നിരയ്‌ക്കൊപ്പം ഗോള്‍ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്‌സിന്റെ മികച്ച പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബ്രസീല്‍ ഗോളെന്നുറപ്പിച്ച് അഞ്ചിലേറെ ഷോട്ടുകളാണ് കുര്‍ട്ടോയ്‌സ് മിന്നും സേവുകളിലൂടെ ഇല്ലാതാക്കിയത്.

അതേസമയം, തുടര്‍ച്ചയായ നാലാം തവണയാണ് യൂറോപ്യന്‍ രാജ്യത്തോട് തോറ്റ് ബ്രസീല്‍ ലോകകപ്പില്‍ പുറത്താകുന്നത്. യുറഗ്വായ്ക്കു പിന്നാലെ ബ്രസീലും പുറത്തായതോടെ ഇനി റഷ്യന്‍ മണ്ണില്‍ അവശേഷിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണ്. ഫ്രാന്‍സും ബെല്‍ജിയവും സെമി ഉറപ്പാക്കി. നേരത്ത നടന്ന ആദ്യ ക്വാര്‍ട്ടറില്‍ യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളിന് തറപറ്റിച്ചാണ് ഫ്രാന്‍സ് അവസാന നാലില്‍ ഇടംപിടിച്ചത്.

You must be logged in to post a comment Login