ബ്രാഞ്ച് തുറക്കാനെത്തി; മുത്തൂറ്റ് ജീവനക്കാരെ സിഐടിയു സംഘം ആക്രമിച്ചതായി പരാതി

തൊടുപുഴയിൽ ബ്രാഞ്ച് തുറക്കാനെത്തിയ മുത്തൂറ്റ് ജീവനക്കാരെ സിഐടിയു
സംഘം ആക്രമിച്ചതായി പരാതി. ബ്രാഞ്ച് മാനേജർ ജോയിക്കും ജീവനക്കാരൻ നവീൻ
ചന്ദ്രനുമാണ് പരുക്കേറ്റത്. സംഭവത്തെ തുടർന്ന് തൊടുപുഴ ബ്രാഞ്ചിൽ പൊലീസ്
കാവൽ ഏർപ്പെടുത്തി

ഇടുക്കി തൊടുപുഴയിലെ മുത്തൂറ്റ് ജീവനക്കാർക്ക് നേരെ രാവിലെ ഒൻപത്
മണിയോടെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ രണ്ടു ജീവനക്കാരെ തൊടുപുഴ ജില്ലാ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.
ബ്രാഞ്ച് തുറക്കാനെത്തിയവരെ ആറു പേരടങ്ങുന്ന സിഐടിയു സംഘം അക്രമിച്ചതായാണ്
പരാതി. യാതൊരുവിധ പ്രകോപനവും ഇല്ലാതെയായിരുന്നു മർദനമെന്ന് ബ്രാഞ്ച് മനേജർ
ജോയി പറഞ്ഞു

സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കാൻ പൊലീസ്
സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയായിരുന്നു തൊടുപുഴയിലെ
ബ്രാഞ്ച് തുറന്ന് പ്രവര്‍ത്തിച്ചത്. മർദനത്തിൽ സമരക്കാർക്ക് പങ്കില്ലെന്ന്
സി ഐ ടി യു പ്രതികരിച്ചു.

അതേ സമയം, മുത്തൂറ്റിലെ സമരം ഒത്തുതീർപ്പാക്കുന്നതിനായി ഇന്ന് മധ്യസ്ഥ
ചർച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ഹൈക്കോടതി അഭിഭാഷകയുടെ
നിരീക്ഷണത്തിൽ ലേബർ ഒഫീസറുടെ മുന്നിലാകും ചർച്ച നടക്കുക. തൊഴിലാളി
നേതാക്കളും മുത്തൂറ്റ് എംഡിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. സമരം
നടക്കുന്നതിനാൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് കാട്ടി
മുത്തൂറ്റ് എംഡി നൽകിയ ഹർജി പരിഗണിച്ചാണ് ഇന്ന് ഒത്ത് തീർപ്പ് ചർച്ച
നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

You must be logged in to post a comment Login