ലണ്ടന്‍: ബ്രിട്ടനില്‍ മലയാളികള്‍ മരിച്ച വാഹനാപകടത്തില്‍ ഉള്‍പ്പെട്ട ട്രക്ക് ഡ്രൈവര്‍മാരില്‍ ഒരാള്‍ കുറ്റക്കാരനെന്ന് കോടതി. രണ്ടാമത്തെ ട്രക്ക് ഡ്രൈവറുടെ വിചാരണാ നടപടികള്‍ റെഡ്ഡിങ്ങിലെ ക്രൗണ്‍ കോര്‍ട്ടില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച രാത്രിയായിരുന്നു ബ്രിട്ടനിലെ എം1 മോട്ടോര്‍വേയില്‍ മിനിവാനും ട്രക്കുകളും കൂട്ടിയിടിച്ച 2 മലയാളികള്‍ അടക്കം 8 ഇന്ത്യക്കാരാണ് മരിച്ചത്.
അപകടത്തില്‍പെട്ട ട്രക്ക് ഡ്രൈവര്‍മാരില്‍ ഒരാള്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് അന്നുതന്നെ കണ്ടെത്തിയിരുന്നു. പൊളിഷുകാരനായ റിസാര്‍ഡ് മസേറാക് (31) എന്ന ഈ യുവാവിനാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും നിയമവിരുദ്ധമായി അപകടകരമാംവിധം ട്രക്ക് മോട്ടോര്‍വേയുടെ സൈഡ്ലൈനില്‍ നിര്‍ത്തിയതായും കോടതിക്കു ബോധ്യമായി. രണ്ടാമത്തെ ട്രക്കിന്റെ ഡ്രൈവറായ ഡേവിഡ് വാഗ്സ്റ്റാഫിന്റെ (54) വിചാരണാ നടപടികള്‍ തുടരുകയാണ്.
ബ്രിട്ടനിലെ നോട്ടിങ്ങാമില്‍ താമസക്കാരായിരുന്ന ചേര്‍പ്പുങ്കല്‍ സ്വദേശി കടുക്കുന്നേല്‍ സിറിയക് ജോസഫ് (ബെന്നി-51), വിപ്രോ കമ്പനിയിലെ എന്‍ജിനീയറായിരുന്ന ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ്കുമാര്‍ (28) എന്നിവരുള്‍പ്പെടെ എട്ട് ഇന്ത്യക്കാരാണു അപകടത്തില്‍ മരിച്ചത്. ബെന്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ട്രാവല്‍സ് എന്ന മിനിവാനാണ് അപകടത്തില്‍പെട്ടത്. ഉടമയായ ബെന്നി തന്നെയാണു വാന്‍ ഓടിച്ചിരുന്നത്.
യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ട നാലു വിപ്രോ കമ്പനി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും നോട്ടിങ്ങാമില്നിന്നു ലണ്ടനിലെ വെംബ്ലിയിലുള്ള ടൂര്‍ കമ്പനിയിലെത്തിക്കാനായി പോകുമ്പോഴായിരുന്നു മില്‍ട്ടണ്‍ കെയില്‍സിനു സമീപം പുലര്‍ച്ചെ 3.15ന് എം1 മോട്ടോര്‍വേയില്‍ വാന്‍ അപകടത്തില്‍ പെട്ടത്. മോട്ടോര്‍ വേയുടെ സൈഡ്ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കാതെ വാന്‍ പെട്ടെന്നു വെട്ടിച്ചു മാറ്റിയപ്പോള്‍ പിന്നാലെ വന്ന ട്രക്ക് വാനിലേക്കു പാഞ്ഞുകയറുകയായിരുന്നു. മരിച്ച എട്ടുപേരെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ക്കും ഗുരുതരമായി പരുക്കേറ്റു
You must be logged in to post a comment Login