ബ്രിട്ടന്‍ പുറത്താക്കിയ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടു

ലണ്ടന്‍: നേര്‍വ് ഏജന്റ് ആക്രമണത്തില്‍ റഷ്യന്‍ പങ്ക് ആരോപിച്ച് ബ്രിട്ടന്‍ പുറത്താക്കിയ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടു. റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും വിഷബാധയേറ്റ സംഭവത്തില്‍ റഷ്യയുടെമേല്‍ കുറ്റം ആരോപിച്ച് കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടണ്‍ 23 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടത്. ഇതിനു പകരമായി 23 ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കിയിരുന്നു.

ബ്രിട്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ നിന്ന് ഇന്നലെയാണ് റഷ്യന്‍ ഉദ്യോഗസ്ഥസംഘം കുടുംബസമേതം യാത്രയായത്. റഷ്യന്‍ എംബസിയില്‍ നിന്നും കനത്ത കാവലില്‍ പ്രത്യേക വാഹനത്തിലായിരുന്നു 80 പേരടങ്ങുന്ന സംഘത്തെ വിമാനത്താവളത്തില്‍ എത്തിച്ചത്.

അതേസമയം ആക്രമണത്തില്‍ റഷ്യന്‍ പങ്കാളിത്തം ഇനിയും ഉറപ്പാക്കാനാകാത്ത സാഹചര്യത്തില്‍ റഷ്യക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികളെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിന്‍ രംഗത്തെത്തി. താന്‍ അധികാരത്തിലെത്തിയാല്‍ റഷ്യയോടും പുടിന്‍ ഭരണകൂടത്തോടുമുള്ള അന്ധമായ വിരോധം മാറ്റിവച്ച് വ്യാപാര നയതന്ത്ര ബന്ധങ്ങള്‍ തുടരുമെന്നായിരുന്നു കോര്‍ബിന്റെ പ്രഖ്യാപനം. റഷ്യയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താതെ വ്യക്തമായ അന്വേഷണത്തിലൂടെ അവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നു സംശയാതീതമായി തെളിയിക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കോര്‍ബിന്‍ പറഞ്ഞു. ഇതോടെ യൂറോപ്യന്‍ സഖ്യകക്ഷികളെയും അമേരിക്കയേയും കൂട്ടുപിടിച്ച് റഷ്യയെ വരിഞ്ഞുമുറുക്കാനുള്ള തെരേസ മേയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം കുറഞ്ഞു

ഇന്നലെ ചേര്‍ന്ന നാഷനല്‍ സെക്യൂരിറ്റി മീറ്റിങ്ങില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നു പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കോര്‍ബിന്റെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം കൂടുതല്‍ നടപടികള്‍ വേണ്ട എന്ന തീരുമാനമാണ് യോഗം കൈക്കൊണ്ടത്.

You must be logged in to post a comment Login