ബ്രെസയുടെ എതിരാളി നെക്‌സോണ്‍ ജനീവയില്‍


കോംപാക്റ്റ് എസ് യു വിയായ നെക്‌സോണിനെയും കോംപാക്ട് സെഡാന്റെ ടിഗോറിനേയും കമ്പനി ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഇരുവാഹനങ്ങളും ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. ടാറ്റയുടെ നാലുമീറ്ററില്‍ കുറവു നീളമുള്ള കോംപാക്റ്റ് എസ് യു വി, നെക്‌സോണ്‍ മാരുതിയുടെ ജനപ്രിയ എസ് യു വി വിറ്റാര ബ്രെസയുമായാണ് മത്സരിക്കുക. ടാറ്റയുടെ എക്‌സ്1 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനത്തിന് മികച്ച പ്രതികരണം ലഭിക്കും എന്നാണ് പ്രതീക്ഷ. ടാറ്റയുടെ ചെറു ഹാച്ചായ ടിയാഗോയിലും ക്രോസ് ഓവറായ ഹെക്‌സയിലും പിന്തുടര്‍ന്ന ഡിസൈന്‍ ഫിലോസഫി പ്രകാരമായിരിക്കും നെക്‌സോണും പുറത്തിറങ്ങുക.

ടാറ്റയുടെ തന്നെ ചെറു ഹാച്ചായ ടിയാഗോയില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ റേവ്‌ട്രോണ്‍ പെട്രോള്‍ എന്‍ജിനാകും നെക്‌സോണ്‍ പെട്രോളിന്. പുതിയ 1.5 ലിറ്റര്‍ എന്‍ജിനുമായായിരിക്കും ഡീസല്‍ മോഡലിന്. 2014 ല്‍ നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് നെക്‌സോണ്‍ കണ്‍സെപ്റ്റ് ടാറ്റ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 6.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന വാഹനം, ബ്രെസയെ കൂടാതെ ഫോഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര ടിയുവി 300 എന്നീ വാഹനങ്ങളോടും മത്സരിക്കും.

കൈറ്റ് 5 എന്ന കോഡു നാമത്തില്‍ വികസിപ്പിച്ച കാര്‍ കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചെറു ഹാച്ച്ബാക്കായ ടിയാഗൊയുടെ പ്ലാറ്റ്‌ഫോമാണ് ടിഗോറും വികസിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാന്‍ ഇരട്ട എയര്‍ബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ സഹിതം ആന്റി ലോക്ക് ബ്രേക്ക് (എ ബി എസ്) സംവിധാനം തുടങ്ങിയവയും കാറിലുണ്ടാവും. ടിയാഗൊയില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ റെവൊട്രോണ്‍ പെട്രോള്‍, 1.05 ലീറ്റര്‍ റെവൊടോര്‍ക്ക് ഡീസല്‍ എന്‍ജിനുകളാവും കാറിനു കരുത്തേകുക; പെട്രോള്‍ എന്‍ജിന് 6000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന്റെ കരുത്ത് 69 ബിഎച്ച്പിയും ടോര്‍ക്ക് 140 എന്‍എമ്മുമാണ്. വില 5 ലക്ഷം മുതല്‍ ആരംഭിക്കും.

You must be logged in to post a comment Login