ബ്ലാസ്റ്റേഴ്‌സ് കളിച്ച് ജയിച്ചത് ആരോട് ? തങ്ങള്‍ക്കെതിരെ കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ്‌സി; ആ നാല് ഗോള്‍ നേടിയത് ആര്‍ക്കെതിരെ

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മഞ്ഞപ്പടയുടെ കരുത്ത് കാണാന്‍ കേരളം മുഴുവനും കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പ്രധാന ടീമുകളോട് മുട്ടുമടക്കിയ മഞ്ഞപ്പട ഇത്തവണ ഏതുരീതിയലും പകരം വീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കലിപ്പടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പുതിയ തന്ത്രങ്ങളാണ് ഒരുക്കുന്നത്.

ഐഎസ്എല്ലിന് മുന്നോടിയായി കൊച്ചിയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് ശേഷം മറ്റൊരു പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി തായ്‌ലന്‍ഡ് സന്ദര്‍ശിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ബാങ്കോക്ക് എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കെതിരെ പരാജയപ്പെടുത്തിയതായി വാര്‍ത്ത കേരളത്തില്‍ നിന്നുമുള്ള ടീം തന്നെ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍, ബ്ലാസ്റ്റേഴ്‌സിന്റെ അവകാശവാദത്തെ താഴാഞ്ഞുകൊണ്ട് വന്നിരിക്കുകയാണ് തായ് ക്ലബ്. കേരളാ ബ്ലാസ്റ്റേഴ്‌സിനോട് കളിച്ചില്ല എന്നാണ് ടീം തായ് വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് കളിച്ചത് ആരോട് എന്നാണ് ആരാധകരുടെ ചോദ്യം. ബാങ്കോക്ക് മൂന്നാം ഡിവിഷന്‍ ക്ലബ്ബിനെ മെന്‍ഷന്‍ ചെയ്ത് ബ്ലാസ്റ്റേഴ്‌സ് നടത്തിയ ട്വീറ്റ് ആണ് മത്സരത്തെ കുറിച്ചുള്ള സംശയത്തിലേക്ക് വഴിവെക്കുന്നത്. തങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനോട് കളിച്ചിട്ടില്ല എന്ന് അറിയിച്ചുകൊണ്ട് ബാങ്കോക്ക് എഫ്‌സി റിപ്ലൈ നല്‍കുകയായിരുന്നു.

‘ നിങ്ങളുടെ പോസ്റ്റില്‍ നിന്നും ദയവായി ഞങ്ങളുടെ ലോഗോ ഒഴിവാക്കൂ. നിങ്ങള്‍ ബാങ്കോക്ക് എഫ്‌സിയോടല്ല, മറ്റേതോ ടീമിനോടാണ് പ്രീ സീസണ്‍ കളിച്ചത് ‘ എന്നായിരുന്നു ബാങ്കോക്ക് എഫ്‌സിയുടെ മറുപടി ട്വീറ്റ്. ബാങ്കോക്ക് എഫ്‌സിയോടൊപ്പമുള്ള മത്സരം എന്ന പേരില്‍ ബ്ലാസ്റ്റേഴ്‌സ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലും ബാങ്കോക്ക് എഫ്‌സി കമന്റ് ചെയ്തു.

ട്വീറ്റ് ഫുട്‌ബോള്‍ ആരാധകരുടെ ഇടയില്‍ പ്രചരിച്ച് തുടങ്ങിയതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചതായി അവകാശപ്പെടുന്ന മത്സരം വ്യാജ വാര്‍ത്തയാണ് എന്നായിരുന്നു ബാങ്കോക്ക് എഫ്‌സിയുടെ ആദ്യ പ്രതികരണം. ബാങ്കോക്ക് എഫ്‌സിയുടെ ഒരു ടീമിനോടും ഇന്ത്യയില്‍ നിന്നുമുള്ള ക്ലബ് പ്രീ സീസണ്‍ മത്സരത്തില്‍ ഏറ്റുമുട്ടിയിട്ടില്ല എന്നും ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട മത്സരം മറ്റേതോ ടീമിനോട് ആയിരുന്നു എന്നും ബാങ്കോക്ക് എഫ്‌സി വിശദീകരിച്ചു.

1999ല്‍ രൂപീകരിച്ച ക്ലബ്ബാണ് ബാങ്കോക്ക് എഫ്‌സി. രണ്ട് പതിറ്റാണ്ടുകള്‍ കളിച്ചിട്ടും ഒരിക്കല്‍ പോലും തായ്‌ലന്‍ഡിലെ ഒന്നാം ലീഗായ തായ് ലീഗ് വണ്ണിലേക്ക് യോഗ്യത നേടാന്‍ അവര്‍ക്കായിട്ടില്ല. 2010ല്‍ രണ്ടാം ഡിവിഷന്നില്‍ ഒന്നാമതെത്തിയത് അവരുടെ മികച്ച നേട്ടം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൂന്നാം ഡിവിഷനിലെ സ്ഥിരസാന്നിധ്യമാണ് ബാങ്കോക്ക് എഫ്‌സി.

മലയാളി താരമായ സഹല്‍, സെര്‍ബിയന്‍ താരം സ്ലാവിസ സ്റ്റോജനോവിച്ച്, ഷേയ്‌ബോര്‍സാങ് ഖാര്‍പ്പ എന്നിവര്‍ ഗോളുകള്‍ നേടി എന്നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ട്വീറ്റ് ചെയ്തത്. മത്സരം നടന്നിട്ടില്ല എന്ന് അറിയിച്ചുകൊണ്ട് ബാങ്കോക്ക് എഫ്‌സി മുന്നോട്ട് വന്നതോടെ കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ട്വീറ്റ് ഒഴിവാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ പോസ്റ്റ് ഇപ്പോഴും തുടരുന്നു.

You must be logged in to post a comment Login