ബ്ലാസ്റ്റേഴ്‌സ്  ഗോളടിക്കാത്തതിന് കാരണം ബെര്‍ബറ്റോവിന്റെ സൂപ്പര്‍താരമെന്ന തലക്കനം

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ ക്ഷാമത്തിന് കാരണം മാഞ്ചസ്റ്ററിന്റെ സൂപ്പര്‍താരം ദിമിതര്‍ ബെര്‍ബറ്റോവാണെന്ന് റിപ്പോര്‍ട്ട്. ബെര്‍ബയുടെ സൂപ്പര്‍താരമെന്ന തലക്കനം ഗോളടിക്കുന്നതിന് തടസമായിരിക്കുന്നുവെന്ന് സഹതാരങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ബെര്‍ബറ്റോവ് ടീം സ്റ്റാഫുകളോടോ, ടീം അംഗങ്ങളോടോ പരിശീലന സമയത്തല്ലാതെ സംസാരിക്കുന്നില്ലെന്നും, ‘സൂപ്പര്‍ താര സിന്‍ഡ്രോം’ ബാധിച്ച താരം ടീം മീറ്റിംഗുകളും മറ്റും ഒഴിവാക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആരോടും ഇടപഴകാതെ ഒറ്റയ്ക് കഴിക്കാനാണ് താരത്തിന് താല്‍പര്യം എന്നും പറയുന്നു.

അതേസമയം താരത്തിനെ ഈ നിലപാടിലുളള അതൃപ്തി മുതിര്‍ന്ന ഒരു താരം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. മിഡ്ഫീല്‍ഡില്‍ കളിക്കുന്ന ബെര്‍ബെറ്റോവ് മറ്റു താരങ്ങളോട് ഒത്തിണക്കം കാട്ടാത്തതിന്റെ കാരണം ഇതാണെന്ന വിമര്‍ശനവുമുണ്ട്.

എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ടീമില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനം നടത്തിയപ്പോള്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ വ്യക്തമാക്കിയത്. എന്നാല്‍ ബെര്‍ബറ്റേവിനെ പ്രായം തളര്‍ത്തുന്നുണ്ട് എന്ന കാര്യം തുറന്നു പറയാന്‍ കോച്ച് റെനെ മ്യൂളസ്റ്റീന്‍ തയ്യാറായിരുന്നു.

അതേസമയം ബ്ലാസ്‌റ്റേഴ്‌സ് തന്ത്രങ്ങളുടെ മാസ്റ്റര്‍ ബ്രെയ്ന്‍ ബെര്‍ബറ്റോവ് ആണെന്നിരിക്കെ താരവും ടീമുമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നോട്ട് പോക്കിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് സൂചന.

ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ ഗോള്‍രഹിത സമനില പാലിച്ച ടീം കഴിഞ്ഞ മത്സരത്തിലാണ് ഒരു ഗോള്‍ നേടിയത്. മുംബൈക്കെതിരായ ഈ മത്സരവും സമനിലയിലായിരുന്നു.മാര്‍ക് സിഫ്‌നിയോസ് എന്ന ഡച്ചുകാരനാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടിയത്.

You must be logged in to post a comment Login