ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇനിമുതല്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേയ്ക്ക്

കഴിഞ്ഞ സീസണിന്റെ പകുതിയോളം കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിച്ച ഇംഗ്ലീഷ് കോച്ച് റെനെ മ്യൂലന്‍സ്റ്റീവ് ഇനി ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സഹപരിശീലകന്‍. 2022ലേക്കുളള ലോകകപ്പ് ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് റെനെയെ സഹപരിശീലകനായി ഓസ്‌ട്രേലിയന്‍ ടീം നിശ്ചയിച്ചിരിക്കുന്നത്. ഗ്രഹാം അര്‍ണോള്‍ഡാണ് ഓസ്‌ട്രേലിയയുടെ നിലവില മുഖ്യപരിശീലകന്‍. യൂറോപ്പില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മേല്‍നോട്ടമാണ് റെനെ വഹിക്കുക. യൂറോപ്യന്‍ ലീഗില്‍ നിരവധി ഓസീസ് താരങ്ങള്‍ കളിക്കുന്നുണ്ട്.

കഴിഞ്ഞ ഐഎസ്എല്ലില്‍ വമ്പന്‍ പ്രതീക്ഷകളോടെയാണ് റെനെ മ്യൂലന്‍സ്റ്റീനിനെ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി നിശ്ചയിച്ചത്. മുന്‍ മാഞ്ചസ്റ്റര്‍ കോച്ച് ഫെര്‍ഗൂസന്റെ ശിഷ്യനെന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ വലിയ വിജയങ്ങളും സ്വപ്‌നം കണ്ടിരുന്നു. ബ്ലാസ്റ്റേഴ്‌സിനായി മാഞ്ചസ്റ്റര്‍ താരങ്ങളായ വെസ് ബ്രൗണ്‍, ബെര്‍ബറ്റോവ് അടക്കമുളളവരെ സ്വന്തമാക്കാനും റെനെയ്ക്കായി. എന്നാല്‍, ഐഎസ്എല്ലില്‍ ദയനീയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് തുടക്കത്തില്‍ നടത്തിയത്.

ബ്ലാസ്റ്റേഴ്‌സിനായി ഒരു ജയം നേടിക്കൊടുക്കാന്‍ പോലും റെനെയ്ക്ക് ആയില്ല. തുടര്‍ന്ന് റെനെയെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു. ഡേവിഡ് ജയിംസ് ആണ് റെനെയുടെ പിന്‍ഗാമിയായി ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയതിന് പിന്നാലെ നായകന്‍ ജിങ്കനെതിരെ ആരോപണങ്ങളുമായി റെനെ രംഗത്ത് വന്നിരുന്നു. ഇത് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

You must be logged in to post a comment Login