ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ജഡേജ ഒന്നാമത്

ദുബായ്: ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒന്നാമതെത്തി. വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്‌നൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ജഡേജ. ഇന്നലെ പുറത്തിറക്കിയ പുതിയ റാങ്കിംഗിലാണ് ജഡേജ അതുല്യ നേട്ടം കൈവരിച്ചത്. ജഡേജയ്ക്കും നരെയ്‌നും 733 പോയിന്റ് വീതമാണുള്ളത്. 1996ല്‍ മുന്‍നായകനും ലെഗ് സ്പിന്നറുമായിരുന്ന അനില്‍ കുബ്ലെ ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഐസിസി ഏകദിന റാങ്കിംഗ് പട്ടികയില്‍ അഗ്രഗണ്യനാകുന്നത്.

jadeja-ravindra

അടുത്തിടെ സിംബാബ്‌വെയില്‍ സമാപിച്ച ഏകദിന പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്ന് ജഡേജ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെയാണ് നാലു സ്ഥാനം കയറി ജഡേജ ഒന്നാമതെത്തിയത്. ഏകദിന റാങ്കിംഗ് പട്ടികയില്‍ ബൗളര്‍മാരില്‍ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ജഡേജ. മനീന്ദര്‍സിംഗ്, കപില്‍ദേവ്, അനില്‍ കുംബ്ലെ എന്നിവരാണ് ജഡേജയ്ക്ക് മുമ്പ് ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയവര്‍.

ജഡേജയ്ക്കും നരെയ്‌നും പിന്നില്‍ സ്റ്റീവന്‍ ഫിന്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സയിദ് അജ്മല്‍, റംഗണ ഹെറാത്ത്, ക്ലിന്റ് മക്കേ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. സിംബാബ്!വെ പരമ്പരയില്‍ 18 വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര റാങ്കിംഗില്‍ വന്‍കുതിച്ചുചാട്ടമാണ് നടത്തിയത്. 47 സ്ഥാനം മുന്നേറിയ മിശ്ര ഇപ്പോള്‍ മുപ്പത്തിരണ്ടാം സ്ഥാനത്താണ്. പതിനെട്ടാം സ്ഥാനത്തുള്ള ആര്‍ അശ്വിന്‍ മാത്രമാണ് ജഡേജയ്ക്ക് പുറമെ ആദ്യ ഇരുപതില്‍ ഇടംനേടിയ ഇന്ത്യന്‍ ബൗളര്‍.

 

 

You must be logged in to post a comment Login