ഭരണകാലത്ത് എന്‍ഡിഎ വിട്ടത് 17 സഖ്യകക്ഷികള്‍; 30 പാര്‍ട്ടികളുടെ കരുത്തില്‍ അധികാരത്തിലെത്തിയ ബിജെപി പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: ഭരണകാലത്ത് എന്‍ഡിഎ വിട്ടത് 17 സഖ്യകക്ഷികള്‍. അധികാരത്തിലെത്തുമ്പോള്‍ 30 പാര്‍ട്ടികളുടെ കരുത്താണ് എന്‍ഡിഎയ്ക്ക് ഉണ്ടായിരുന്നത്. മുന്നണിക്കു പഴയതിലും ശക്തിയുണ്ടെന്നു നേതാക്കള്‍ അവകാശപ്പെടുമ്പോഴും അംഗബലം ചോര്‍ന്നതു ബിജെപിയെ പ്രതിരോധത്തിലാക്കുന്നു.

അധികാരത്തിന്റെ തുടക്കത്തില്‍ തന്നെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. പലവിധ ആവശ്യങ്ങളുമായി ഭീഷണി ഉയര്‍ത്തുന്ന 5 പാര്‍ട്ടികള്‍ ഏതുനിമിഷവും മുന്നണി വിടുമെന്ന അവസ്ഥയിലുമാണ് നില്‍ക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, ദക്ഷിണേന്ത്യയില്‍ ബിജെപി സഖ്യത്തിന്റെ ശക്തിസ്രോതസ്സായി നിന്ന തെലുങ്കുദേശം പാര്‍ട്ടി അടക്കം ഇക്കുറി പ്രതിപക്ഷചേരിയുടെ മുന്‍നിരയിലാണ്. പൗരത്വ നിയമഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിനെത്തുടര്‍ന്ന് അസം ഗണ പരിഷത്ത് മുന്നണി വിട്ടതിനു പിന്നാലെ ബംഗാളില്‍ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും ബന്ധം അവസാനിപ്പിച്ചു. പ്രാദേശിക പാര്‍ട്ടികളെ ഒതുക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന ആരോപണവുമായി ഹരിയാന ജനഹിത് കോണ്‍ഗ്രസാണ് ആദ്യം മുന്നണി വിട്ടത്. തമിഴ് ജനതയെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ആരോപണവുമായി വൈകോയുടെ നേതൃത്വത്തില്‍ എംഡിഎംകെയും ഭരണത്തിന്റെ ആദ്യവര്‍ഷത്തില്‍ തന്നെ സഖ്യം വിട്ടു.

വിജയ്കാന്തിന്റെ ഡിഎംഡികെയും എസ്. രാമദോസിന്റെ പിഎംകെയും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സഖ്യം വിട്ടിരുന്നു. ഇരുപാര്‍ട്ടികളും വീണ്ടും ബിജെപിയോട് അടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മുന്നാക്ക സംവരണ നീക്കത്തോടെ ഈ സാധ്യതകള്‍ക്കു മങ്ങലേറ്റു. കേരളത്തില്‍, കഴിഞ്ഞതവണ ബിജെപിയെ പിന്തുണച്ച എ.വി. താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍എസ്പി(ബി)യും സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ബിജെപിയെ തള്ളിപ്പറഞ്ഞു. കഴിഞ്ഞതവണ എന്‍ഡിഎയ്ക്കായി ആന്ധ്രയില്‍ വന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ പവന്‍ കല്യാണിന്റെ ജനസേന ഇക്കുറി 175 സീറ്റിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനൊപ്പം ചേര്‍ന്നു. 15 വര്‍ഷത്തെ ബന്ധത്തിനു വിരാമമിട്ടു നാഗാ പീപ്പീള്‍സ് ഫ്രണ്ട് കൈവിട്ടതായിരുന്നു മറ്റൊരു തിരിച്ചടി. മഹാരാഷ്ട്രയില്‍, സ്വാഭിമാനി പക്ഷയും വഴിപിരിഞ്ഞു. കര്‍ണാടക പ്രജ്ഞാവന്ത ജനത, ലോക് സമത പാര്‍ട്ടി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, കശ്മീരില്‍ സഖ്യകക്ഷിയായിരുന്ന പിഡിപി എന്നിവയും ബിജെപിയെ കൈവിട്ട പാര്‍ട്ടികളുടെ കൂട്ടത്തില്‍പ്പെടുന്നു.

മഹാരാഷ്ട്രയില്‍ ശിവസേന, യുപിയില്‍ അപ്നാ ദള്‍, യുപി മന്ത്രി കൂടിയായ ഒ.പി.രാജ്ബറുടെ സുഹെല്‍ദേവ് ബഹുജന്‍ സമദ് പാര്‍ട്ടി, മേഘാലയയില്‍ മുഖ്യമന്ത്രി കോണ്‍ട്രാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയാണ് ബിജെപിക്കു ആശങ്ക നല്‍കുന്ന മറ്റ് 5 പാര്‍ട്ടികള്‍. സംവരണാവശ്യം ഫെബ്രുവരി 25നകം നടപ്പാക്കിയില്ലെങ്കില്‍ യുപിയില്‍ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് രാജ്ബറുടെ ഭീഷണി.

മുന്നണിവിടുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മകനും ബിഹാര്‍ ലോക് ജനശക്തി നേതാവുമായ ചിരാഗും രംഗത്തെത്തി. അരുണാചല്‍ മുന്‍ മുഖ്യമന്ത്രി ഗെഗോങ് അപാങ്ങിനെ പോലുള്ളവര്‍ പാര്‍ട്ടി തന്നെ വിട്ടുപോകുന്നതും തിരഞ്ഞെടുപ്പു വര്‍ഷത്തില്‍ ബിജെപിയുടെ കരുത്തുചോര്‍ത്തുന്നു. കഴിഞ്ഞ ശനിയാഴ്ച മമതാ ബാനര്‍ജി സംഘടിപ്പിച്ച സമ്മേളനത്തില്‍ അപാങ് പങ്കെടുക്കുകയും ചെയ്തിരുന്നു. ബിജെപിയുമായി ഏറെനാളായി നീറിപ്പുകയുന്ന അകല്‍ച്ചയെത്തുടര്‍ന്നാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച കഴിഞ്ഞദിവസം എന്‍ഡിഎയെ തള്ളിപ്പറഞ്ഞത്.

You must be logged in to post a comment Login