ഭവനവായ്പക്ക് സബ്‌സിഡിയുമായി ഐസിഐസിഐ ബാങ്ക്

പദ്ധതിയനുസരിച്ച് അര്‍ഹരായ വായ്പക്കാര്‍ക്ക് ആറര ശതമാനം സബ്‌സിഡി ലഭിക്കും. വായ്പാത്തുക എത്രയാണെങ്കിലും പരമാവധി ആറു ലക്ഷം രൂപ വരെയുള്ള തുകയാണ് ഈ പദ്ധതിയില്‍ സബ്‌സിഡിക്കായി കണക്കാക്കുക.

icici

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ‘പ്രധാന്‍ മന്ത്രി ആവാസ് യോജന’ പദ്ധതിയുടെ കീഴില്‍ വായ്പയുമായി ബന്ധിപ്പിച്ചുകൊണ്ടു ഭവന വായ്പയ്ക്കു പ്രത്യേക സബ്‌സിഡി സ്‌കീം ആരംഭിച്ചു. ഇതനുസരിച്ച് സ്ത്രീകളടക്കം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളിലെ വ്യക്തികള്‍ക്കു വീടുവാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ താഴ്ന്ന പ്രതിമാസ തിരിച്ചടവില്‍ വായ്പ ലഭിക്കും.

കേന്ദ്ര നോഡല്‍ ഏജന്‍സിയായ നാഷണല്‍ ഹൗസിംഗ് ബാങ്കുമായി ഇതിനായി ഐസിഐസിഐ ബാങ്ക് ധാരണാപത്രം ഒപ്പിട്ടു. ഈ പദ്ധതിയനുസരിച്ച് അര്‍ഹരായ വായ്പക്കാര്‍ക്ക് ആറര ശതമാനം സബ്‌സിഡി ലഭിക്കും. വായ്പാത്തുക എത്രയാണെങ്കിലും പരമാവധി ആറു ലക്ഷം രൂപ വരെയുള്ള തുകയാണ് ഈ പദ്ധതിയില്‍ സബ്‌സിഡിക്കായി കണക്കാക്കുക.

പതിനഞ്ചു വര്‍ഷമോ വായ്പയുടെ കാലയളവോ ഏതാണു കുറവ് ആ കാലയളവിലേക്കായിരിക്കും സബ്‌സിഡി കണക്കാക്കുക. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തോടു ചേര്‍ന്നാണ് ബാങ്ക് ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെന്നു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് സബര്‍വാള്‍ പറഞ്ഞു.

പ്രതിവര്‍ഷം മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ള കുടുംബങ്ങളെയാണ് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരായി പ്രധാന്‍ മന്ത്രി ആവാസ് യോജനയില്‍ കണക്കാക്കുന്നത്. വരുമാനം 36 ലക്ഷം രൂപ വരെയുള്ളവരെ കുറഞ്ഞ വരുമാന ഗ്രൂപ്പായും കണക്കാക്കുന്നു.

You must be logged in to post a comment Login