ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യർ പത്ത് ലക്ഷം നൽകും; വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി ഒത്തുതീർപ്പായി

ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യർ പത്ത് ലക്ഷം നൽകും; വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി ഒത്തുതീർപ്പായി
കൽപ്പറ്റ: മഞ്ജു വാര്യർ ഫൗണ്ടേഷൻ ആദിവാസി കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പരാതി ഒത്തുതീർപ്പായി. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിൽ സർക്കാർ അംഗീകരിച്ച ഭവനപദ്ധതിയിലേക്ക് പത്തു ലക്ഷം രൂപ നൽകാമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ മഞ്ജുവാര്യർ അറിയിച്ചു.

പദ്ധതി നടപ്പാക്കാനുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താനാകില്ലെന്ന് പലതവണ അറിയിച്ചിരുന്നതാണെന്നും ഈ വിഷയത്തിൽ ഇനിയും നാണക്കേട് സഹിക്കാനാവില്ലെന്നും മഞ്ജുവാര്യർ നൽകിയ കത്തിൽ വ്യക്തമാക്കുന്നു. മൂന്നര ലക്ഷത്തോളം രൂപ ഇതുവരെ കെട്ടിട നവീകരണത്തിനായി ചെലവഴിച്ചതായി മഞ്ജുവാര്യർ വ്യക്തമാക്കിയിട്ടുണ്ട്.

പരക്കുനി കോളനിയിലെ ആദിവാസി കുടുംബങ്ങൾ നൽകിയ പരാതിയിലാണ് മഞ്ജുവിനോട് നേരിട്ട് ഹാജരാകാൻ ജില്ലാ ലീഗൽ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടത്. മഞ്ജുവാര്യർക്ക് പകരം പ്രതിനിധി സി. എസ് അനീഷായിരുന്നു തിങ്കളാഴ്ച ഹാജരായത്.

പ്രളയത്തിൽ വലിയ നാശനഷ്ടം ഉണ്ടായ പരക്കുനിയിലെ 57 ആദിവാസി കുടുംബങ്ങൾക്ക് ഒന്നേമുക്കാൽ കോടി രൂപ ചെലവഴിച്ച് വീട് നിർമിച്ച് നൽകാമെന്നായിരുന്നു മഞ്ജുവാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനം. മഞ്ജുവാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനം ഉണ്ടായിരുന്നതിനാല്‍ കുടുംബങ്ങൾ ലൈഫ് മിഷനിൽ അപേക്ഷ നൽകിയിരുന്നില്ല.

You must be logged in to post a comment Login