ഭാംഗര്‍ പ്രതിരോധത്തിന്റെ പാഠങ്ങള്‍


സംഭാഷണം
അലിക് ചക്രബര്‍ത്തി/കെ.എം. സന്തോഷ്‌കുമാര്‍, രവി പാലൂര്‍

നന്ദിഗ്രാമിനും സിംഗൂരിനും ശേഷം ബംഗാളിനെ പിടിച്ചുകുലുക്കിയ ഭാംഗര്‍ ഭൂസമരം ജനങ്ങളെ വന്‍തോതില്‍
കുടിയൊഴിപ്പിച്ച് പവര്‍ഗ്രിഡ് സ്ഥാപിക്കാനുള്ള മമതാ ബാനര്‍ജി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ആയിരുന്നു. ബിജെപി ഒരു ഘട്ടത്തിലും സമരത്തിനൊപ്പം നിന്നില്ല. സിപിഎം തുടക്കത്തില്‍ മുഖം തിരിച്ചെങ്കിലും പിന്നീട് പിന്തുണ നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളും പൊലീസും സമരത്തിനെതിരേ വലിയ അക്രമം നടത്തുകയും രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടും സമരം വിജയത്തിലെത്തി. നന്ദിഗ്രാമിന്റെയും സിംഗൂരിന്റെയും രക്തത്തില്‍ നിന്നുകൂടി ബംഗാളില്‍ അധികാരം കെട്ടിപ്പൊക്കിയ മമതയ്ക്ക് അതെല്ലാം മറക്കാനാണ് ഇഷ്ടം. പക്ഷേ, സ്വന്തം മണ്ണില്‍ നിന്ന് പറിച്ചെറിയുന്നതിനെതിരേ ജീവന്‍കൊടുത്ത് സമരം ചെയ്യാന്‍ തീരുമാനിച്ചവര്‍ക്ക് മുന്നും പിന്നും നോക്കാനുണ്ടായിരുന്നില്ല”. ഭാംഗര്‍ ഭൂസമരനേതാവ് അലിക് ചക്രബര്‍ത്തി പറയുന്നു.

?സിംഗൂര്‍, നന്ദിഗ്രാം ഭൂസമരങ്ങളില്‍ നിന്നു വ്യത്യസ്തമായി ഭാംഗര്‍ ഭൂസമരം വിജയത്തിലെത്തിയതിന്റെ പശ്ചാത്തലം എന്താണ്.

വിജയം അനായാസമായിരുന്നില്ല. വലിയ രീതിയിലുള്ള എതിര്‍പ്പും അടിച്ചമര്‍ത്തലുമുണ്ടായി. പക്ഷേ, ഞങ്ങള്‍ക്ക് വിജയിച്ചേ മതിയാകുമായിരുന്നുള്ളു. ജനകീയ ശക്തിക്കു മുന്നില്‍ ഭരണാധികാരികള്‍ക്ക് മുട്ടുകുത്തേണ്ടി വന്നു എന്നതാണ് വസ്തുത. ഗ്രാമീണര്‍ ആരംഭം മുതല്‍ തന്നെ പദ്ധതിയുടെ നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച വിശദവിവരങ്ങള്‍ തങ്ങളോട് കൂടി പങ്കു വെക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവരാണല്ലോ പറിച്ചെറിയപ്പെടുന്നവര്‍. പക്ഷെ ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെയും പരിസ്ഥിതി പഠനങ്ങളൊന്നും നടത്താതെയുമാണ് പദ്ധതി നടപ്പാക്കുന്നത് എന്നതുകൊണ്ട് തന്നെ പിജിസിഐഎല്‍ ( പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) അധികൃതരോ സര്‍ക്കാരോ ഗ്രാമീണരെ അഭിമുഖീകരിക്കുന്നതിനും കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും തയ്യാറായില്ല. ഞങ്ങളുടെയും ആദ്യം മുതലുള്ള ആവശ്യം സര്‍ക്കാരും പിജിസിഐഎല്ലും ഗ്രാമീണരുമായി ചര്‍ച്ച ചെയ്തുമാത്രം അവസാന തീരുമാനം എടുക്കണമെന്നതായിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് സബ് ഡിവിഷണല്‍ ഓഫീസര്‍ക്കു നിവേദനവും കൊടുത്തു.
തികച്ചും ജനാധിപത്യപരമായ രീതിയില്‍ ഗ്രാമീണരുടെ നേതൃത്വത്തില്‍ തന്നെ ‘ജൊമി, ജീബിക, വാസ്തു തന്ത്രോ ഓ പൊരിവേശ് രൊക്ഷാ കമ്മിറ്റി’ (ഭൂമി, ജീവിതോപാധി, ജൈവവൈവിധ്യം, പരിസ്ഥിതി സംരക്ഷണ സമിതി) എന്ന പേരില്‍ 2016 നവംബര്‍ 30ന് സമര സമിതിക്കു രൂപം കൊടുത്തു. തുടക്കത്തില്‍ നാലു ഗ്രാമങ്ങളിലെ പ്രതിനിധികളാണുണ്ടായിരുന്നത്. ക്രമേണ 20 ഗ്രാമങ്ങളില്‍ നിന്നും പ്രതിനിധികള്‍ ചേര്‍ന്നു.
ഇതോടെ പിജിസഐഎല്‍ ഗ്രാമീണരുടെ നിവേദനം സ്വീകരിക്കാനും കൂടിക്കാഴ്ചക്കും തയ്യാറായെങ്കിലും ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കം ജനങ്ങള്‍ പങ്കെടുത്ത റാലി എത്തുന്നതിനു മുമ്പ് തന്നെ അവര്‍ സ്ഥലം വിട്ടു. ഇത് ജനങ്ങളെ പ്രകോപിതരാക്കി. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലികള്‍ ഭാംഗറില്‍ നിത്യ സംഭവമായി. ഡിസംബര്‍ 22നു കൊല്‍ക്കത്തയില്‍ 10000 പേര് പങ്കെടുത്ത രാജ് ഭവന്‍ മാര്‍ച്ചും നടത്തി. ഇതൊക്കെത്തന്നെ സര്‍ക്കാരിനെയും ഭാംഗറിലെ ഭരണകക്ഷി മാഫിയ തലവന്‍ അറാബൂള്‍ ഇസ്ലാമിനെയും രോഷാകുലനാക്കി. ഗ്രാമീണര്‍ക്ക് നേരെ പോലീസും ഗുണ്ടകളും ചേര്‍ന്ന് ഭീകരമായ ആക്രമണങ്ങള്‍ കെട്ടഴിച്ചുവിട്ടെങ്കിലും ഗ്രാമീണര്‍ ഒറ്റക്കെട്ടായി പോലീസിനെയും ഗുണ്ടകളെയും നേരിട്ടു.
ബലപ്രയോഗത്തിലൂടെ ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നയം, എന്താണ് ജനഹിതമെന്ന് തങ്ങളാണ് തീരുമാനിക്കുകയെന്ന സര്‍ക്കാറിന്റെ രീതി, തങ്ങള്‍ക്കു എന്താണ് വേണ്ടതെന്നു തീരുമാനിക്കാനുള്ള ജനങ്ങള്‍ക്കുള്ള അവകാശത്തിന്റെ നിഷേധം തുടങ്ങിയവയാണ് പ്രശ്‌നങ്ങള്‍. ജനങ്ങള്‍ക്കു ഹിതകരമായ വികസന രീതി എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ഥാപിക്കുന്നതിനുള്ളതായിരുന്നു മൂന്നു സമരങ്ങളും. സിംഗൂരിലേയും നന്ദിഗ്രാമിലേയും സമരം ഇടതുപക്ഷമെന്നവകാശപ്പെടുന്നവര്‍ക്കെതിരെയുള്ള സമരങ്ങളായിരുന്നു. കര്‍ഷക സമരങ്ങളിലൂടെ ഭരണത്തിലെത്തിയവരാണ് തങ്ങളെന്ന് പറയുമ്പോഴും ഇടതു മുന്നണി കര്‍്ഷകര്‍ക്കെതിരായാണ് സിംഗൂരിലും നന്ദിഗ്രാമിലും നില കൊണ്ടത് എന്നതാണ് വസ്തുത. സി പി എമ്മിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ സമരം ചെയ്തു അധികാരത്തിലെത്തിയവര്‍ അതേ നയം നടപ്പിലാക്കുകയാണ് ചെയ്യുന്നത്. അതിനെതിരായ രാഷ്ട്രീയ വ്യക്തതയുള്ള പ്രക്ഷോഭമായിരുന്നു ഭാംഗര്‍.

? സമരം ഒരു ഘട്ടത്തില്‍ രക്തിച്ചൊരിച്ചിലിലേക്കും എത്തിയിരുന്നല്ലോ. എന്താണ് സംഭവിച്ചത്.

2017 ജനുവരി 11നു പ്രദേശത്തെ 10 കിലോമീറ്റര്‍ പ്രധാന പാതയായ ഹാറുവ റോഡ് അനിശ്ചിതകാലത്തേക്കു ഉപരോധമാരംഭിച്ചു. ഒരു ലക്ഷത്തോളം പേരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുത്തത്. ഈ ഉപരോധം വളരെ സമാധാനപരമായിരുന്നു എന്ന് മാത്രമല്ല ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു റോഡിനു ചുറ്റുമുള്ള ഗ്രാമങ്ങളില്‍. കാര്യങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോവുമെന്നു കണ്ട സര്‍ക്കാരും അധികൃതരും സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറായി. 90% പൂര്‍ത്തിയായ പദ്ധതിയുടെ പണി നിര്‍ത്തി വെക്കുമെന്ന് വാഗ്ദാനം ചെയ്തു. ഇലക്ട്രിക്ക് ലൈന്‍ ഡിസ്‌കണക്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാവാത്തതിനാല്‍ വൈദ്യുതി വകുപ്പ് മന്ത്രിയെ സ്വയം വിളിച്ചു കാര്യമറിയിക്കുകയും അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പക്ഷെ സര്‍ക്കാര്‍ ഉറപ്പു തന്നത് പോലെ ചര്‍ച്ചക്കുള്ള തീയതി അറിയിച്ചില്ല. ജനുവരി 16 നു സമരസമിതി യോഗം ചേരുകയും സര്‍ക്കാരിന് ചര്‍ച്ചക്ക് കുറച്ചു കൂടി സാവകാശം നല്‍കാനും തീരുമാനിച്ചു. സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ ചര്‍ച്ചക്ക് താല്പര്യമില്ലാത്തതിനാല്‍ എന്തെങ്കിലും കുഴപ്പമുണ്ടാക്കി സമര സമിതിയുടെ മേല്‍ കുറ്റം ചാരാനുള്ള ശ്രമമായിരുന്നു. ആ ഗൂഢാലോചനയുടെ ഫലമായി സമിതിയുടെ യോഗം കഴിയുന്നതോടെ സംസ്ഥാന ഇകഉ സമര സമിതിയുടെ ഒരു നേതാവിനെ തട്ടിക്കൊണ്ടു പോയത് ജനങ്ങളെ പ്രകോപിതരാക്കി. ജനരോഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ കാലു ഷെയ്ഖ് എന്ന നേതാവിനെ വിട്ടയച്ചെങ്കിലും പോലീസ് ആസൂത്രിതമായി ഗ്രാമീണരുടെ മേല്‍ ഭീകര ആക്രമണം അഴിച്ചുവിട്ടു. സ്ത്രീകളെയും കുട്ടികളെയുമടക്കം മര്‍ദ്ദിച്ചവശരാക്കി എന്ന് മാത്രമല്ല അവരുടെ വീടുകളും വീട്ടു സാമഗ്രികളുമൊക്കെ നശിപ്പിച്ചു. എന്തിനധികം ഒരു മുസ്ലിം പള്ളി പോലും തകര്‍ത്തു. ജനങ്ങളില്‍ ഭീതി പരത്താനുള്ള ഇത്തരം ശ്രമങ്ങള്‍ പോലീസ് തുടര്‍ന്നപ്പോള്‍ നിവര്‍ത്തിയില്ലാതെ സമരസമിതി ജനങ്ങളോട് തെരുവിലിറങ്ങാന്‍ വീണ്ടും ആഹ്വാനം ചെയ്തു. ജനുവരി 17 നു ഗ്രാമീണര്‍ വീണ്ടും തെരുവുകളുടെ നിയന്ത്രണമേറ്റെടുത്തു. പോലീസ് സേന വളയപ്പെട്ടു. എന്തും സംഭവിക്കുമെന്ന സ്ഥിതിയിലായിരുന്നു. സംഭവത്തിന്റെ തീവ്രത മനസ്സിലാക്കിയ പോലീസ് മേധാവികള്‍ സമര സമിതി നേതാക്കളെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടു രണ്ടു ദിവസത്തിനുള്ളില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്ന് അവര്‍ അറിയിച്ചു. അതനുസരിച്ചു ജനങ്ങള്‍ പോലീസിനെ സുരക്ഷിതരായി മടങ്ങി പോകാന്‍ അനുവദിച്ചു. പക്ഷെ അറബുല്‍ ഇസ്ലാമിന്റെ ഗുണ്ടകളും അക്കൂട്ടത്തിലുണ്ടായിരുന്നു. തിരിച്ചു പോകുന്ന പോക്കില്‍ ആലംഗീര്‍, മൊഫീസുള്‍ എന്ന രണ്ടു ചെറുപ്പക്കാര്‍ വെടിയേറ്റ് മരിച്ചു. പോലീസ് വെടിവെപ്പിലാണോ ഗുണ്ടകളുടെ വെടിവെപ്പിലാണോ അവര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതൊന്നും തന്നെ സമരത്തെ തളര്‍ത്തിയില്ല.

? എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഭാംഗര്‍ പവര്‍ ഗ്രിഡ് പദ്ധതിക്ക് അനുകൂലമായിട്ടും സമരം വിജയത്തിലെത്തിയത് എങ്ങനെ.

– ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ഒഴികെയുള്ള മിക്ക മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമരത്തെ ഏതെങ്കിലും ഘട്ടത്തില്‍ പിന്തുണക്കേണ്ടി വന്നിട്ടുണ്ട്. സമരം ശക്തിപ്പെട്ടതോടെ സിപിഎം ഉള്‍പ്പെടെ അതിജീവനത്തെക്കുറിച്ച് പറഞ്ഞു. എല്ലാ സമരമുറകളും ഉപയോഗിച്ചുകൊണ്ട് സമാധാനപരമായി ഉറച്ച ആത്മവിശ്വാസത്തോടെ മുന്നേറിയതാണ് ഭരണകൂടത്തിന്റെയും ഭരണകക്ഷി ഗുണ്ടകളുടെയും അടിച്ചമര്‍ത്തലുകളെ അതിജീവിക്കാന്‍ കഴിഞ്ഞത്.
പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സമരസമിതിസ്ഥാനാര്‍ത്ഥികള്‍ ഉജ്ജ്വല വിജയം നേടി. ഇതു സര്‍ക്കാരിനെ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതമാക്കി. എന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. അതുകൊണ്ടു എനിക്ക് ചികിത്സക്കു ഭാംഗറിന് പുറത്തു പോയെ പറ്റുമായിരുന്നുള്ളു. ഒരു തവണ പോലീസിന്റെ കണ്ണ് വെട്ടിച്ചു ഇതര സംസ്ഥാനങ്ങളില്‍ പോയി ചികിത്സ നടത്തി സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു. പക്ഷെ രണ്ടാം തവണ ഒഡിഷ യിലെ ഭുവനേശ്വര്‍ ഹോസ്പിറ്റലില്‍ ചികിത്സക്കിടെ കൊല്‍ക്കത്ത പോലീസ് എന്നെ പിടികൂടി. സമരത്തിനു നേതൃത്വം കൊടുത്തിരുന്നവരെ അറസ്റ്റ് ചെയ്താല്‍ സമരം അവസാനിക്കുമെന്ന സര്‍ക്കാരിന്റെ ധാരണക്ക് വിപരീതമായി ഭംഗറിലും പുറത്തും വന്‍ പ്രക്ഷോഭം തന്നെ പൊട്ടിപ്പുറപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. എന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ കസ്റ്റഡിയില്‍ നിന്നുള്ള മോചനത്തിന് വഴി ഒരുക്കി. ചര്‍ച്ച തീര്‍ന്നത് ഭാംഗറിലെ ജനങ്ങള്‍ക്ക് അനുകൂലമായിട്ടായിരുന്നു. സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു, ജനങ്ങളുടെ വീറുറ്റ സമരത്തിന് മുന്നില്‍.
കരാര്‍ പ്രകാരം 16 ലൈനിന് പകരം 4 ലൈന്‍ ആയി ചുരുക്കി. മൂല പദ്ധതിയായ പവര്‍ ഗ്രിഡിനു പകരം റീജിയണല്‍ പവര്‍ സ്റ്റേഷന്‍ ആയി പ്രവര്‍ത്തിക്കും. ലൈനുകള്‍ വലിക്കുന്നത് ഇന്ത്യന്‍ ഇലക്ട്രിക് ആക്ട് പ്രകാരം സുരക്ഷാ നിയമങ്ങള്‍ പാലിച്ചായിരിക്കും. പവര്‍ ഗ്രിഡിന്റെ മെഷിനറി കള്‍ ക്കു പകരം സബ് സ്റ്റേഷന്റെ മെഷിനറികള്‍ മാറ്റി സ്ഥാപിക്കും. ടഎ ഗ്യാസ് ഉപയോഗിക്കുന്നത് ഗ്രീന്‍ ട്രിബുണലിന്റെ വിധി പ്രകാരമായിരിക്കും.വിദഗ്ധ പരിശോധനക്കു ശേഷം വേണ്ട സാങ്കേതിക സുരക്ഷാ നടപടികള്‍ സ്വീകരിക്കും.സമരക്കാരുടെ പേരിലുള്ള കേസുകള്‍ പിന് വലിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. ജനങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയവരെ നിയമ പരമായി ശിക്ഷിക്കാനുള്ള നടപടികളെടുക്കും. സമര സമിതി, പോലീസ്, പൊതു ഭരണകൂടം, ജഏഇകഘ, ണആടഋഉഇഘ, ണആടഋഠഇഘ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയിലുള്ള ഒരു ഹൈ പവര്‍ കമ്മിറ്റി യുടെ മേല്‌നോട്ടത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. സമരത്തിനിടയില്‍ കഷ്ട നഷ്ടങ്ങള്‍ സംഭവിച്ചവരെ കൂടി കണക്കിലെടുത്ത് വിവിധ ജനക്ഷേമപരമായ വികസന പദ്ധതികള്‍ പ്രാദേശികമായി നടപ്പിലാക്കും. വിവിധ സംരംഭങ്ങള്‍ക്കുള്ള പരിശീലനം ആയിരത്തോളം ഗ്രാമീണര്‍ക്ക് ലഭ്യമാക്കും. സ്ത്രീകള്‍ക്ക് സ്വാശ്രയ സഹായ സംഘങ്ങള്‍ സംഘടിപ്പിക്കും, ആശുപത്രികളുടെ സംസ്‌കരണം, നവീകരണം, സ്‌കൂളുകളുടെ അപ്ഗ്രഡേഷന്‍, റോഡുകളുടെ നവീകരണം, വിദ്യാധരിനദി യുടെ സംസ്‌കരണം തുടങ്ങി വിവിധ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കും. സമരത്തെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങള്‍ക്കും ജീവനാശത്തിനും നഷ്ടപരിഹാരം നല്‍കും. 12 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഹൈ പവര്‍ ഇലക്ട്രിക്ക് ലൈന്‍ പോകുന്നതിനടിയിലെയുള്ള ഭൂ ഉടമകള്‍ക്കും ടവര്‍ സ്ഥാപിക്കുന്ന ഭൂ ഉടമകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ മന്ത്രാലയത്തിന്റെ മാര്‍ഗ രേഖ അനുസരിച്ചു നഷ്ട പരിഹാരം നല്‍കും. ഈ വിധം പ്രധാനപ്പെട്ട ഭേദഗതികള്‍ അവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.

? വൈദ്യുതി ക്ഷാമം പരിഹരിക്കപ്പെടാന്‍ പദ്ധതി വേണമെന്ന വാദം ഇപ്പോഴും ശക്തമാണല്ലോ.

ഒരു വലിയ നുണയാണത്. സംസ്ഥാനത്തു ഇപ്പോള്‍ വൈദ്യുതി മിച്ചമാണ്. 2000 മെഗാ വാട്ട് അധിക ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ബംഗാള്‍, ബംഗ്ലാദേശ് തുടങ്ങി അയല്‍രാഷ്ട്രങ്ങളിലേക്കു കയറ്റി അയക്കാനുള്ള ശ്രമത്തിലാണ്. പവര്‍ഗ്രിഡിന്റെ ഉദ്ദേശം തന്നെ ഇത് അന്താരാഷ്ട്ര തലത്തില്‍ വൈദ്യുതി വ്യവസായം നടത്താനുള്ളതാണ്. ഈ പദ്ധതിയും അതിന്റെ ഭാഗം തന്നെയാണ്.

? സിപിഎമ്മിന്റെ സമീപനം മാറിയതെങ്ങനെയാണ്.

സമരം ശക്തിപ്പെടുന്നത് കണ്ടപ്പോള്‍ സി.പി.എം. അടക്കമുള്ളവര്‍ക്ക് പിന്തുണക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.

? ബംഗാളില്‍ ഇന്നും ഭൂകേന്ദ്രീകരണം നിലനില്‍ക്കുന്നു; മമത ഭരണം ജനക്ഷേമകരവും ജനാധിപത്യപരവുമാണോ

തൃണമൂല്‍ സര്‍ക്കാരും ഇടതുമുന്നണിയുടെ അതേ വഴി തന്നെ പിന്തുടരുകയാണ്. അതുകൊണ്ടു കര്‍ഷകരുടെ അവസ്ഥക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല. മമതയും പിന്തുടരുന്നത് സി.പി.എം. 34 വര്‍ഷം തുടര്‍ന്ന അതെ നയം തന്നെയാണ്. സിംഗൂര്‍ നന്ദിഗ്രാം സമരത്തില്‍ ഞങ്ങള്‍ സജീവമായി പങ്കെടുത്തിരുന്നു. ആ സമരത്തിലേക്ക് മമതയും എത്തിയിരുന്നു. കാരണം അത് സി.പി. എമ്മിനെതിരെയുള്ള സമരമായതു കൊണ്ട്. പക്ഷെ, ഞങ്ങള്‍ക്ക് അന്ന് തന്നെയുള്ള നിലപാട് തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും സി.പി.എമ്മിന് ബദലല്ല എന്നതായിരുന്നു. വെറും സി.പി.എം. വിരോധം ജനകീയ ബദലുണ്ടാക്കുകയില്ല എന്നാണു ഞങ്ങളുടെ കാഴ്ചപ്പാട് അന്നും ഇന്നും. അവരുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള ജനകീയ സമരങ്ങളിലൂടെ മാത്രമേ ജനകീയ ബദലുണ്ടാവുകയുള്ളൂ.

? ഗ്രാമങ്ങള്‍ തൃണമൂല്‍ അധിപത്യത്തിലാണോ

പശ്ചിമ ബംഗാളില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങനെയാണെന്ന് പറയാം. പക്ഷെ ഭാംഗറില്‍ അവര്‍ക്കു യാതൊരു സ്വാധീനവുമില്ല എന്നതാണ് വസ്തുത. എന്നാല്‍ മൊത്തത്തില്‍ പശ്ചിമ ബംഗാളിലെ ഗ്രാമങ്ങള്‍ ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തില്‍ തന്നെയാണ്. ഇടതു മുന്നണിയോടുള്ള മോഹഭംഗമാണ് ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രെസ്സിനുള്ള ആധിപത്യത്തിന് കാരണം.

? മമത ഭരണം ബിജെപിക്ക് അനുകൂലമാകുന്നുണ്ടോ?

ഒരു കണക്കിന് ഉണ്ട് എന്ന് പറയാം. സി.പി.എമ്മിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരം ചെയ്തു അധികാരത്തില്‍ വന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും അതേ നയം തന്നെ തുടരുന്നതാണ് അത്തരമൊരു അവസ്ഥക്ക് കാരണം.

?സി.പി.എം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണ ബംഗാള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതിഫലനം, ബിജെപിക്ക് നേട്ടമുണ്ടാക്കുമോ

ബി.ജെ.പിക്കു എന്ത് നേട്ടമുണ്ടാകുമെന്നു പറയുക പ്രയാസകരമാണ്.പക്ഷെ അവര്‍ വര്‍ഗീയ ലഹള സൃഷ്ടിച്ചുകൊണ്ട് തങ്ങള്‍ക്കു അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഒരു കാര്യം തറപ്പിച്ചു പറയാം കോണ്‍ഗ്രസ് സി.പി.എം. ബാന്ധവം കൊണ്ട് ബി.ജെ.പി. യെ തടുക്കാനാകുകയില്ല. തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിനെക്കാള്‍ നേട്ടം കോണ്‍ഗ്രസ്സിനായിരിക്കും ഈ ബാന്ധവം കൊണ്ട് ഉണ്ടാകുക എന്നാണു മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. കാരണം കോണ്‍ഗ്രസ് വോട്ടു സി.പി.എമ്മിന് കിട്ടാന്‍ പ്രയാസമാണ്. എന്നാല്‍ സി.പി.എം. വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടുകയും ചെയ്യും. സി.പി.എമ്മിന് തീരെ നേട്ടമുണ്ടാവുകയില്ലെന്നു പറയാനാകില്ല. കുറച്ചെന്തെങ്കിലും നേട്ടമുണ്ടായേക്കാം. സി.പി.എമ്മിന്റെ നയപരമായ പാപ്പരീകരണം തന്നെയാണ് അവരുടെ വിനാശം വിളിച്ചു വരുത്തുന്നത്.

?സമരത്തിന്റെ പാഠം

ഏതു പദ്ധതിയും നടപ്പാക്കുന്നതിന് മുമ്പ് ആ പ്രദേശത്തെ ജനതയുടെ അഭിപ്രായവും സമ്മതിയും ഉണ്ടായിരിക്കണമെന്ന ജനാധിപത്യ രീതി സ്ഥാപിച്ചു എന്നതാണ് ഈ സമരത്തിന്റെ വലിയ വിജയം. ജനങ്ങളുടെ ഐക്യത്തോടെയും നീതിരഹിത ഒത്തുതീര്‍പ്പുകളില്ലാത്തതുമായ സമരങ്ങള്‍ വിജയിക്കുമെന്നും വീണ്ടും തെളിഞ്ഞു.

 

You must be logged in to post a comment Login