ഭാഗ്യം വാങ്ങാൻ ഇനി 10 രൂപ അധികം നൽകണം; സംസ്ഥാനത്തെ ആറു ലോട്ടറി ടിക്കറ്റുകളുടെ വില വര്‍ധിപ്പിച്ചു

സംസ്ഥാനത്തെ ആറു ലോട്ടറി ടിക്കറ്റുകളുടെ വില പത്തു രൂപ വീതം വര്‍ധിപ്പിച്ചു. ലോട്ടറിയിന്മേലുള്ള ജിഎസ്ടി നിരക്ക് 28 ശതമാനമായി ഏകീകരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, അന്‍പതു രൂപ വിലയുള്ള കാരുണ്യ ലോട്ടറിക്ക് പത്തു രൂപ കുറച്ച് നാല്‍പത് രൂപയാക്കി.

പന്ത്രണ്ട് ശതമാനമായിരുന്ന നികുതിയാണ് ജിഎസ്ടി കൗണ്‍സില്‍ 28 ശതമാനാക്കിയത്. ഇതോടെ ലോട്ടറി ഘടന പരിഷ്‌കരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് ധനവകുപ്പ് പറയുന്നു. വില്‍പനക്കാരുടേയും ഏജന്റുമാരുടേയും വരുമാനത്തില്‍ കുറവു വരുത്താതെയാണ് പരിഷ്‌കരണം. സമ്മാനങ്ങളുടെ എണ്ണവും വിഹിതവും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്ന അറ്റാദായത്തില്‍ പാതി വേണ്ടെന്നു വെച്ചാണ് പരിഷ്‌കരണം.

നിലവില്‍ 30 രൂപയുടെ ആറ് ടിക്കറ്റുകളും, 50 രൂപയുടെ ഒരു ടിക്കറ്റുമാണ് പ്രതിവാരം ലോട്ടറി വകുപ്പ് നടത്തുന്നത്. പുതിയ പരിഷ്‌കരണത്തോടെ 30 രൂപ വിലയുണ്ടായിരുന്ന പൗര്‍ണമി, വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ നിര്‍മ്മല്‍, കാരുണ്യ പ്ലസ് എന്നിവയുടെ വില നാല്‍പതു രൂപയായി വര്‍ധിക്കും. 50 രൂപയുള്ള കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാക്കി കുറച്ചു. ഇതോടെ ലോട്ടറി വകുപ്പ് നടത്തുന്ന എല്ലാ പ്രതിവാര ലോട്ടറികളുടെയും വില 40 രൂപയാകും. ജിഎസ്ടി ഉയര്‍ത്തിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ വരുന്ന മുറയ്ക്ക് വില വര്‍ധന പ്രാബല്യത്തില്‍ വരും.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള പ്രീബജറ്റ് ചര്‍ച്ചകള്‍ക്കിടെയാണ് ലോട്ടറി വില വർധിപ്പിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചത്.

You must be logged in to post a comment Login