ഭാഗ്യവേദിയില്‍ ഇന്ത്യ കൊടുങ്കാറ്റാകുമോ?

കൊച്ചി: ഇന്ത്യന്‍ ടീമിന്റെ ഭാഗ്യവേദിയായ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ മൈക്രോമാക്‌സ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ഇന്ത്യ ഇറങ്ങുന്നു. എതിരാളികളായ വെസ്റ്റ് ഇന്‍ഡീസ് ആലസ്യത്തില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുമോ ഇന്നറിയാം. രാത്രിയും പകലുമായി നടക്കുന്ന മത്സരം ഉച്ചതിരിഞ്ഞ് 2.30നു ആരംഭിക്കും. മഴ വില്ലനാകുമോ എന്നാണ് പ്രധാന സംശയം. വൈകുന്നേരം മഴയ്ക്ക് 50ശതമാനം സാധ്യതയാണ് കാലാവസ്ഥ വിദഗ്ദന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. പരിശീലനം പോലും റദ്ദാക്കി കരീബിയന്‍ പട ഇന്നലെയും ഹോട്ടല്‍ ക്രൗണ്‍പ്ലാസയില്‍ ഇരുന്ന് തന്ത്രം മെനയുകയായിരുന്നു. ഇന്ത്യയില്‍ നടന്ന രണ്ടു പരിശീല മത്സരങ്ങളും തോറ്റതോടെ ആദ്യം തന്നെ വിന്‍ഡീസ് തോല്‍വി സമ്മതിച്ച നിലയിലാണ് ഇന്ന് ഇറങ്ങുന്നത്. ക്രിസ് ഗെയില്‍ എന്ന പടക്കുതിര ടീമില്‍ ഇല്ലാത്തതിന്റെ ക്ഷീണം വിന്‍ഡീസിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. ക്രിസ ഗെയിലിന്റെ സ്ഥാനത്താണ് ഡൈ്വന്‍ സ്മിത്തിനെ ഇറക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ഡൈ്വന്‍ ബ്രാവെ ആദ്യ സ്ഥാനത്ത് ലെന്‍ഡല്‍ സിമ്മണ്‍സിനെയും ഡൈ്വന്‍ സ്മിത്തിനെയും ഉപയോഗിക്കാനാണ് സാധ്യത, ഡാരന്‍ ബ്രാവോയും രാംദിനും അടുത്ത സ്ഥാനങ്ങളില്‍ എത്തും. മധ്യനിരയില്‍ മരിയന്‍ സാമുവല്‍,കിരണ്‍ പൊള്ളാര്‍ഡ് ,ഡരണ്‍ സമി എന്നിവരും എത്തും.  ഓള്‍റൗണ്ടര്‍മാര്‍്ക്കും മീഡിയം-ഫാസ്റ്റ് ബൗളര്‍മാര്‍ക്കുമാണ് വിന്‍ഡീസ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് സ്വന്തം മണ്ണില്‍ വിന്‍ഡീസിനെതിരെ വ്യക്തമായ ആധിപത്യമാണ് ഇതുവരെയുള്ളത്. പ്രത്യേകിച്ച സ്പിന്നര്‍മാര്‍ക്ക്.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ 72 വിന്‍ഡീസ് വിക്കറ്റുകള്‍ കടപുഴക്കി.അതുകൊണ്ടു തന്നെ ഇന്ന് ധോണി സ്പിന്നര്‍മാര്‍ക്കു മുന്‍തൂക്കം നല്‍കാന്‍ സാധ്യതയുണ്ട്. കൊച്ചിയില്‍ ഇതുവരെ നടന്ന ഒന്‍പതു ഏകദിനങ്ങളില്‍ ആറിലും ഇന്ത്യയ്ക്കായിരുന്നു ജയം. രണ്ട് മത്സരങ്ങളില്‍ തോറ്റപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.1998 ഏപ്രില്‍ ഒന്നിനു ആയിരുന്നു കൊച്ചി സ്‌റ്റേഡിയം ആദ്യമായി ഒരു അന്താരാഷ്ട്ര  ഏകദിന മത്സരത്തിനു വിരുന്നൊരുക്കിയത്. അതുകൊണ്ട് തന്നെ ഏറ്റവും അധികം കാണികളും എത്തിയത് അന്നായിരുന്നു. ഓസ്‌ട്രേലിയയെ 41 റണ്‍സിനു തകര്‍ത്ത് ടീം ഇന്ത്യ ആദ്യമത്സരം അവിസ്മരണീയമാക്കി. സച്ചിന്റെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനത്തിനും അന്ന് കൊച്ചി വേദിയായി. 2000 മാര്‍ച്ച് ഒന്‍പതിനായിരുന്നു രണ്ടാമത്തെ കൊച്ചിയിലെ ഏകദിനം. വിവാദമായ ഈ മത്സരത്തില്‍  ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് മൂന്നു വിക്കറ്റിന് ഒത്തുകളി നടന്നുവെന്നു പിന്നീട് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ സമ്മതിച്ചുവെങ്കിലും ആ പരമ്പരയിലെ കൊച്ചിയിലെ മത്സരത്തെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കി. അന്ന് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന അസ്ഹറു്ദ്ദീനും ജഡേജയും മനോജ് പ്രഭാകറും എല്ലാം ആജീവനാന്ത വിലക്കില്‍ കരിയറും നഷ്ടമാക്കി. ഹാന്‍സി ക്രോണ്യ ദുരന്തമായി മാറുകയും ചെയ്തു. മൂന്നാമത്തെ സിംബാബാവെയ്‌ക്കെതിരെ നടന്ന മത്സരം ഇന്ത്യയെ നാണം കെടുത്തി. 2002 മാര്‍ച്ച് 13നു ദുര്‍ബലരായ സിംബാബ് വെയോട് ഇന്ത്യ ആറു വിക്കറ്റിനു തോറ്റു. എന്നാല്‍ ആ തോല്‍വയില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റ ഇന്ത്യ അടുത്ത രണ്ടു മത്സരങ്ങളിലും ജയിച്ചു.
2005 ഏപ്രിലില്‍ പാക്കിസ്ഥാനെയും തൊട്ടടുത്ത വര്‍്ഷം ഇംഗ്ലണ്ടിനേയും ഇന്ത്യ പരാജയപ്പെടുത്തി. എന്നാല്‍  2007ഒക്ടോബര്‍ രണ്ടിനു ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍വി അറിഞ്ഞു. 2010  ഒക്ടോബര്‍ 17നു നിശ്ചയിച്ച ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു. 2013ജനുവരിയില്‍ ഇംഗ്ലണ്ടിനെ 127 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ കൊച്ചിയില്‍ ഏറ്റവും വലിയ വിജയം ആഘോഷിച്ചു. അതേവര്‍ഷം നവംബറില്‍ കൊച്ചി കണ്ട അവസാന ഏകദിനത്തില്‍ ജയം ഇന്തയ്്ക്ക് ഒപ്പം തന്നെയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിനു തോല്‍പ്പിച്ചായിരുന്നു ടീം ഇന്ത്യ ഭാഗ്യഗ്രൗണ്ടില്‍ വെന്നിക്കൊടി നാട്ടിയത്. ഇന്ന് അതേ വെസ്റ്റ് ഇന്‍ഡീസിനെ വീണ്ടും തറപറ്റിക്കുവാന്‍ ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. കൊച്ചിയുടെ ഭാഗ്യം നല്‍കുന്ന ആത്മവിശ്വാസം ടീം ഇന്ത്യയ്ക്കു വിന്‍ഡീസിനുമേല്‍ മുന്‍തൂക്കം നല്‍കുമെന്നുറപ്പ്.

You must be logged in to post a comment Login